Power Struggle | കണ്ണൂരിലെ സുധാകര വിഭാഗത്തില്‍ ചേരിപ്പോര് അതിരൂക്ഷം; ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് കെപി സാജു പദവിയൊഴിഞ്ഞു
കണ്ണൂര്‍ : (KVARTHA) ജില്ലയിലെ കോണ്‍ഗ്രസില്‍ ചേരിപ്പോര് അതിരൂക്ഷമായതായി റിപോര്‍ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അതീവ വിശ്വസ്തനായ ഡിസിസി സെക്രടറി കെപി സാജു തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് സ്ഥാനത്തിന് പിന്നാലെ ഡയറക്ടര്‍ സ്ഥാനവും രാജി വെച്ചു. ശനിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡില്‍ രാജി അംഗീകരിച്ചു.
കോണ്‍ഗ്രസിന്റെ നാല് ഡയറക്ടര്‍മാര്‍ കെപി സാജുവിനെതിരെ സഹകരണ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഡിസിസി സെക്രടറിയും തലശേരിയിലെ സുധാകര വിഭാഗം നേതാവുമായ അഡ്വ. കെ സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെപി സാജുവിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് കെപി സാജു നല്‍കിയ വിശദീകരണം.
എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ദിരഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലെ ഭിന്നതക്കൊടുവിലാണ് പ്രസിഡന്റ് കെപി സാജു രാജിവച്ചതെന്ന വിവരം പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഡിസിസി സെക്രടറി അഡ്വ. സി ടി സജിത്ത് ഉള്‍പ്പെടെ നാല് ഭരണസമിതി അംഗങ്ങള്‍ പ്രസിഡന്റില്‍ അവിശ്വാസം പ്രകടിപ്പിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സാജുവിന്റെ പടിയിറക്കം.
ബൈലോ ലംഘിച്ചും രജിസ്ട്രാറുടെ നിര്‍ദേശം പാലിക്കാതെയും ഭരണസമിതി യോഗം ചേരുന്നുവെന്നതടക്കം ഗുരുതര ആരോപണമാണ് സാജുവിനെതിരെ നല്‍കിയ പരാതി കത്തില്‍ പറഞ്ഞിരിക്കുന്നത്. ഭരണസമിതി അംഗങ്ങളായ ധര്‍മടം പാലയാട്ടെ സികെ ദിലീപ് കുമാര്‍, മേനപ്രത്തെ ടി പി വസന്തകുമാരി, ഇരിട്ടിയിലെ മീരാ സുരേന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പിട്ട മറ്റു ഭരണസമിതി അംഗങ്ങള്‍.
ആശുപത്രിയില്‍ പ്രസിഡന്റും ജനറല്‍ മാനേജറുമാണ് എല്ലാം നിശ്ചയിക്കുന്നതെന്നും ഭരണസമിതി യോഗം ചേര്‍ന്നുള്ള തീരുമാനം മിനുട് സില്‍ രേഖപ്പെടുത്താറില്ലെന്നും പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഭരണസമിതി യോഗം ചര്‍ച ചെയ്യാത്ത പല വിഷയങ്ങളും പ്രസിഡന്റും ജിഎമ്മും ചേര്‍ന്ന് എഴുതിച്ചേര്‍ത്ത് മറ്റു അംഗങ്ങളെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.
സാമ്പത്തിക ബാധ്യത, അനാവശ്യച്ചെലവ് എന്നിവ വരുത്തുന്ന തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെ ഭിന്നാഭിപ്രായം രേഖപ്പെടുത്താറില്ല. ജൂലൈ 29ന്റെ ഭരണസമിതി യോഗത്തിന്റെ നോട്ടീസ് പോലും ലഭിച്ചിട്ടില്ല. ബൈലോ വ്യവസ്ഥ പൂര്‍ണമായും ലംഘിക്കുകയാണെന്നും പരാതിയിലുണ്ട്. തലശേരിയിലെ കോണ്‍ഗ്രസ് നിയന്ത്രിത സഹകരണ ആശുപത്രിയാണ് ഇന്ദിരാഗാന്ധി. സുധാകരന്റെ കടുത്ത വിമര്‍ശകനായ മമ്പറം ദിവാകരനാണ് നേരത്തെ ആശുപത്രി പ്രസിഡന്റ്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്വന്തക്കാരനും ഡിസിസി സെക്രടറിയുമാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സാജു. ആശുപത്രി പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാണ് സുധാകര വിഭാഗം ആശുപത്രി പിടിച്ചത്. ആശുപത്രിക്ക് സമാനമായ മറ്റൊരു ബിസിനസ് സ്ഥാപനം പാനൂരില്‍ നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പ്രസിഡന്റിനെ നേരത്തെ സഹകരണ ജോ. രജിസ്ട്രോര്‍ അയോഗ്യനാക്കിയിരുന്നു.
ഡിനോവ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി മാനേജിങ്ങ് പാര്‍ട് ണറാണെന്നതാണ് അയോഗ്യതക്ക് കാരണമായത്. ഹൈക്കോടതിയെ സമീപിച്ചതോടെ സഹകരണ വകുപ്പിന്റെ തീരുമാനം സ്റ്റേ ചെയ്തു. 19ന് ഹിയറിങ്ങ് നടത്തി തീരുമാനമെടുക്കാന്‍ ജോ. രജിസ്ട്രോറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പാനൂര്‍ നഗരസഭയുടെ ലൈസന്‍സ് ഉള്‍പ്പെടെ സുപ്രധാനമായ മൂന്ന് രേഖകളുമായി ഹാജരാകാനാണ് സാജുവിനോട് സഹകരണ വകുപ്പ് നിര്‍ദേശിച്ചത്. ഹിയറിങ്ങിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി. തലശേരിയിലെ സുധാകരന്റെ വിശ്വസ്തരാണ് ഇരുഭാഗത്തുനിന്ന് ഏറ്റുമുട്ടുന്ന ഡിസിസി സെക്രടറിമാര്‍.
#KannurCongress #KeralaPolitics #CooperativeHospital #IndiaNews