SWISS-TOWER 24/07/2023

Withdrawal | ഒടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി പാലക്കാട്ടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എകെ ഷാനിബ് 

 
Congress Rebel Candidate AK Shani Withdraws from Election in Palakkad
Congress Rebel Candidate AK Shani Withdraws from Election in Palakkad

Photo Credit: Facebook/ Dr Sarin P, AK Shanib

ADVERTISEMENT

● ബിജെപിയേയും വിഡി സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്തണം അതിനാണ് പിന്മാറ്റമെന്ന് ഷാനിബ്
● പിന്മാറാന്‍ ആവശ്യപ്പെട്ടതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് വിശദീകരിക്കാനാണ് കൂടികാഴ്ചയ്ക്ക് ശ്രമിച്ചതെന്ന് പി സരിന്‍

പാലക്കാട്: (KVARTHA) ഒടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എകെ ഷാനിബ്. സിപിഎം സ്ഥാനാര്‍ത്ഥി പി സരിനുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് വന്നാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ പി സരിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എകെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 

Aster mims 04/11/2022

എന്നാല്‍ താന്‍ പിന്‍മാറില്ലെന്നും മത്സരിക്കുമെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു ഷാനിബ്. പിന്നീട് സരിനുമായി നടന്ന കൂടികാഴ്ചയ്ക്ക് ശേഷം മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു. ബിജെപിയേയും വിഡി സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്തണം അതിനാണ് പിന്മാറ്റമെന്നും ഷാനിബ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

പിന്മാറാന്‍ ആവശ്യപ്പെട്ടതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് വിശദീകരിക്കാനാണ് കൂടികാഴ്ചയ്ക്ക് ശ്രമിച്ചതെന്ന് പി സരിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിലപേശല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി യുഡിഎഫും ഭിന്നിപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബിജെപിയും മാറിയിരിക്കുകയാണ്. ഇതിനിടെയില്‍ ഷാനിബെന്ന വ്യക്തിയെ കേന്ദ്രീകരിച്ച് മതേതരവോട്ടുകള്‍ക്കും ജനാധിപത്യ വോട്ടുകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചാല്‍ അത് ജനാധിപത്യത്തെയാണ് ദുര്‍ബലപ്പെടുത്തുകയെന്ന് താന്‍ ഷാനിബിനെ പറഞ്ഞു മനസിലാക്കിയെന്നും  അത് പൂര്‍ണമായും അദ്ദേഹം  ഉള്‍ക്കൊണ്ടുവെന്ന് മനസിലാക്കുന്നുവെന്നും സരിന്‍ പറഞ്ഞു.

മാധ്യമങ്ങളിലൂടെയാണ് സരിന്‍ പിന്മാറണമെന്ന കാര്യം പറഞ്ഞത്. നേരിട്ട് പറയുകയോ വിളിക്കുകയോ ചെയ്തില്ല. അതിനാല്‍ വിഷയത്തില്‍ എനിക്ക് തീരുമാനം പറയുവാന്‍ കഴിയുമായിരുന്നില്ല. അതിനുശേഷം നിരവധിയാളുകള്‍ വിളിച്ച് നമ്മുടെ മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഷാനിബ് പറഞ്ഞു.

ഷാനിബിന്റെ വാക്കുകള്‍:

ഇലക്ഷന്‍ മാനേജ് മെന്റില്‍ പ്രാവീണ്യം തെളിയിച്ച വിഡി സതീശന്‍ അത് നടത്തിക്കൊണ്ടിരിക്കുകയാണ്. ആ പോരാട്ടം ഒന്നുമാകാതെ പോകരുത്. മതേതരവോട്ടുകള്‍ ഭിന്നിപ്പിച്ചു എന്ന ആക്ഷേപത്തിന് ഇടവരുത്താതെ മതേതരവോട്ടുകള്‍ ഒരുമിച്ച് ഒരേ ചേരിയിലേയ്ക്ക് ആക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപ്പെടണം. ശരിയായ പാതയിലേയ്ക്ക് എത്തണം എന്നാഗ്രഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലും കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് സരിന്റെ സ്വതന്ത്രചിഹ്നത്തില്‍ വോട്ടു ചെയ്യാനും കഴിയുന്ന തരത്തില്‍ ഒരു രാഷ്ട്രീയ തീരുമാനമെടുക്കണമെന്നാണ് തീരുമാനിച്ചത്.

ഞാന്‍ കോണ്‍ഗ്രസുകാരനാണ് ഏതെങ്കിലും തരത്തില്‍ ഒരു കമ്യൂണിസ്റ്റുകാരനായി മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാക്കരുത്. ഇനി പിന്തുണ തരുമ്പോഴും ഒരു കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍, കോണ്‍ഗ്രസ് രക്ഷപ്പെടുന്നതിന് വേണ്ടി, കോണ്‍ഗ്രസ് ഘടകത്തിന്റെ തെറ്റായ സമീപനങ്ങള്‍ തിരുത്തുന്നതിന് വേണ്ടിയുള്ള പിന്തുണയാണ്. ആ കാര്യം ബോധ്യപ്പെടുത്താനാണ് സരിനെ കണ്ടത്. കോണ്‍ഗ്രസിനകത്തുള്ള പ്രശ്നങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുറെ കാലങ്ങളായി നേതാക്കന്മാരോട് പറയുന്ന കാര്യമാണ്. നേതാക്കന്മാര്‍ രഹസ്യമായി എന്നോട് സമ്മതിച്ചതുമാണ്.

പാലക്കാട് ജില്ലയിലെ നിയോജക മണ്ഡലത്തിലെ നിരവധി നേതാക്കന്മാര്‍ തന്നോട് ബന്ധപ്പെട്ടിരുന്നു. ഒരു തിരഞ്ഞെടുപ്പിന് മുന്നില്‍ രക്തസാക്ഷിത്വം വരിച്ചത് പോലെയാണ് താന്‍ ഇറങ്ങിവന്നത്. തന്റെ ഈ ഇറങ്ങിവരവ് വിജയത്തിലെത്തുന്നതുവരെ പോരാടും. സിപിഎമ്മില്‍ ചേരണമെന്നത് തന്റെ നിലപാടിലില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം ശരിയല്ല. തന്നെ സമീപിക്കാനുള്ള ധൈര്യം ബിജെപി നേതാക്കന്മാര്‍ക്കില്ല. സരിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ് വ്യക്തമാക്കി.

#Congress #Palakkad #Elections #AKShani #CPM #PoliticalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia