കോവിഡ് മഹാമാരി തളരാതെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസും ബി ജെ പിയും സ്വര്‍ണക്കടത്ത് ആയുധമാക്കുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) കോവിഡ് മഹാമാരി തളരാതെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസും ബി ജെ പിയും സ്വര്‍ണ്ണക്കടത്ത് കേസ് ആയുധമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അഴിമതി ആരോപണങ്ങളിലൂടെയും കേസുകളിലൂടെയും ആക്രമിക്കുക എന്നത് കേരള രാഷ്ട്രീയത്തില്‍ ആവര്‍ത്തിക്കുന്ന സംഭവ വികാസമാണ്. ആ ആയുധം തന്നെയാണ് പിണറായിക്കെതിരെയും പ്രയോഗിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും പിണറായിയുടെ കുടുംബ വീട് മുതല്‍ കളക്ടറേറ്റുകള്‍ വരെ സമര കേന്ദ്രങ്ങളാക്കുന്നു. അങ്ങനെ കോവിഡ് കാലത്തും രാഷ്ട്രീയ സമരങ്ങള്‍ക്ക് കേരളം വേദിയാകുന്നു. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ലാതിരുന്നെങ്കില്‍ സമരങ്ങളുടെ വേലിയേറ്റം സെക്രട്ടറിയേറ്റിലും ക്ലിഫ്ഹൗസിന് മുന്നിലും ഉണ്ടായേനെ.
`
 കോവിഡ് മഹാമാരി തളരാതെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസും ബി ജെ പിയും സ്വര്‍ണക്കടത്ത് ആയുധമാക്കുന്നു

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഐ എ എസിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയത് വഴിയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഈ അവസ്ഥ വന്നതെന്ന് ഭരണകക്ഷിയിലെ രണ്ടാമനായ സി പി ഐ ആരോപിക്കുന്നു. അതും മുഖ്യമന്ത്രിയേയും സി പി എമ്മിനേയും സമ്മര്‍ദ്ദിത്തിലാക്കുന്നുണ്ട്. സ്പ്രിംഗ്ലര്‍ ഇടപാട് വിവാദമായപ്പോഴേ ശിവശങ്കരനെ മാറ്റണമായിരുന്നു എന്നാണ് സി പി ഐയുടെ വാദം. കാനം ഇക്കാര്യം പരസ്യമായല്ലെങ്കിലും സൂചിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസാകട്ടെ പിണറായിക്കെതിരെ കിട്ടിയ സുവര്‍ണാവസരമായാണ് കള്ളക്കടത്ത് കേസിനെ കാണുന്നത്. വെള്ളിയാഴ്ച അടിയന്തിരമായ കെ പി സി സി എക്‌സിക്യൂട്ടീവ് ചേര്‍ന്നതും ഇതിന് തന്നെയാണ്. സാധാരണ സി പി എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും മൃദുസമീപനം സ്വീകരിക്കുന്ന മുസ്‌ലിം ലീഗും ഇത്തവണ ആഞ്ഞടിക്കുകയാണ്. ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെയാണ്.

പാര്‍ലമെന്ററി രാഷട്രീയം ലക്ഷ്യംവെച്ചാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് സമ്മതിച്ചതും അതുകൊണ്ടാണ്. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ആശങ്ക യു ഡി എഫ് നേതൃത്വത്തിനുണ്ട്. ജോസ് കെ മാണിയുടെ മലക്കം മറിച്ചിലും ഏഷ്യനെറ്റിന്റെ സര്‍വ്വേയും കൂടിയായപ്പോള്‍ പ്രതിപക്ഷവും ബി ജെ പിയും കോവിഡ് ഭീതിപോലും മറന്ന് തെരുവില്‍ സമരത്തിനിറങ്ങേണ്ട അവസ്ഥയിലായി.

കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പിണറായിക്ക് രണ്ടാമൂഴം ലഭിച്ചാല്‍ യു ഡി എഫില്‍ നിന്ന് കൂടുതല്‍ ചെറുകക്ഷികള്‍ എല്‍ ഡി എഫിലേക്ക് പോകുമോ എന്ന ഭീതിയും കോണ്‍ഗ്രസിനുണ്ട്. അങ്ങനെയെങ്കില്‍ മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ബി ജെ പി കേന്ദ്രനേതാക്കളുമായും കേന്ദ്രസര്‍ക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയന് അടുത്തബന്ധമാണെങ്കിലും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ള നേതാക്കളുമായി അത്രരസത്തിലല്ല. സി പി എമ്മിന് എതിരെയുള്ള സമരം എന്നതിനേക്കാള്‍ പിണറായിക്കെതിരെയുള്ള സമരം അതാണ് ബി ജെ പി-യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നത്. അതുകൊണ്ടാണ് പിണറായിയുടെ കണ്ണൂരിലെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് സംഘടിപ്പിച്ചതും. കസ്റ്റംസ് അന്വേഷണത്തില്‍ സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് അവര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താല്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകും. തീവ്രവാദം, രാജ്യദ്രോഹം എന്നീ വഴികളിലൂടെയാണ് എന്‍ ഐ എ അന്വേഷണം നീങ്ങുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി തെരുവില്‍ ഇനിയും സമരങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.


Keywords:  Congress, BJP target CM through Gold smuggling case, Pinarayi Vijayan, BJP, Congress, Youth League, Yuva Morcha, Protest, CPM, CPI, Terrorism, March, NIA `
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia