തൃശൂര്‍ കോര്‍പറേഷനില്‍ കൂട്ടയടി; മേയര്‍ക്ക് നേരെ കയ്യാങ്കളി; ഉന്തിലും തള്ളിലും പരിക്കേറ്റതായി കൗണ്‍സിലര്‍മാര്‍; അജന്‍ഡ വലിച്ചു കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 27.08.2021) മാസ്റ്റര്‍പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എഴുതിക്കൊടുത്തതനുസരിച്ചു ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷം വോടിങ് ആവശ്യപ്പെട്ടപ്പോള്‍ ഭൂരിപക്ഷമില്ലെന്നു മനസിലാക്കിയ മേയര്‍ യോഗം പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൂട്ടയടിയാണ് നടന്നത്.

ചേംബറില്‍ നിന്നിറങ്ങിയ മേയറെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും പരിക്കേറ്റതായി ചില കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സ്വതന്ത്രനായി ജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് എംകെ വര്‍ഗീസിനെ മേയറാക്കി ഇടതുപക്ഷമാണു കോര്‍പറേഷന്‍ ഭരിക്കുന്നത്.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ തന്നെ രാപകല്‍ സമരം പ്രഖ്യാപിച്ചു. കൗണ്‍സില്‍ പിരിച്ചുവിട്ട് ചേംബറില്‍ കയറിയ മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. കൗണ്‍സില്‍ ഹാളില്‍ ഒരേസമയം പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി.

ഭൂമാഫിയയുമായി ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും വേണമെന്ന ബാനറാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയത്.

തൃശൂരിന്റെ പൈതൃകമേഖല വ്യാപാര സോണാക്കി പ്രഖ്യാപിച്ചതില്‍ ഊന്നിയാണു ബിജെപിയുടെ സമരം. പ്രതിപക്ഷത്ത് ബിജെപിയും കോണ്‍ഗ്രസുമടക്കം 30 കൗണ്‍സിലര്‍മാര്‍ കഴിഞ്ഞദിവസം ഹാജരായി. അതേസമയം, ഭരണപക്ഷത്ത് 24 കൗണ്‍സിലര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. പ്രതിപക്ഷം അജന്‍ഡ വലിച്ചു കീറിയെറിഞ്ഞു പ്രതിഷേധിച്ചു.

എന്റെ കസേര വലിച്ചെറിഞ്ഞു. പ്രതിപക്ഷം ആക്രമിച്ചെന്നും തള്ളിയിടാന്‍ ശ്രമിച്ചെന്നും മേയര്‍ എംകെ വര്‍ഗീസ് ആരോപിച്ചു. പ്രതിപക്ഷം ആവശ്യപ്പെട്ടപ്രകാരം വിളിച്ച യോഗം അവര്‍ തന്നെ അലങ്കോലമാക്കിയെന്ന് മേയര്‍ പ്രതികരിച്ചു. ഉപദ്രവിക്കുന്നഘട്ടം വന്നപ്പോള്‍ രക്ഷപെട്ട് കാബിനുള്ളില്‍ അഭയം തേടി. ഏറെ ഭീതിയിലാണെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.

23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ വെള്ളിയാഴ്ച പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി സി സി പ്രസിഡന്റ് എംപി വിന്‍സെന്റ് പറഞ്ഞു. കൗണ്‍സില്‍ പോലുമറിയാതെ കളവായി കൗണ്‍സില്‍ തീരുമാനം എഴുതിച്ചേര്‍ത്ത നടപടിയില്‍ സിപിഎം മറുപടി പറയണമെന്നും മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ജനങ്ങളുടെ വ്യാപകമായ പരാതി നിലനില്‍ക്കുന്നതിനാല്‍ റദ്ദുചെയ്ത് പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൗണ്‍സിലിന്റെ അധികാരം കവര്‍ന്ന്, സര്‍കാരും സിപിഎമും ചേര്‍ന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേല്‍പിച്ച മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജന്‍ ജെ പല്ലന്‍ പറഞ്ഞു.

നിയമപ്രകാരമുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ഇപ്പോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കള്‍. ഇത്രയും വലിയൊരു പദ്ധതിയില്‍ പോരായ്മകളുണ്ടാകാം, പരാതികളും. പോരായ്മകളും പരാതികളും ചര്‍ച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയര്‍ വ്യക്താക്കി.
Aster mims 04/11/2022

തൃശൂര്‍ കോര്‍പറേഷനില്‍ കൂട്ടയടി; മേയര്‍ക്ക് നേരെ കയ്യാങ്കളി; ഉന്തിലും തള്ളിലും പരിക്കേറ്റതായി കൗണ്‍സിലര്‍മാര്‍; അജന്‍ഡ വലിച്ചു കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

Keywords:  Conflict in Thrissur corporation council meet, Thrissur, News, Politics, Clash, Injured, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia