Conflict | രാജിവെക്കുന്നതിന് മുമ്പേ മേയറെ അപമാനിച്ചു വിട്ടു; കണ്ണൂരില്‍ പാര്‍ടി വിമതനായ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനും മേയറും തമ്മിലുളള കയ്യാങ്കളില്‍ നാണം കെട്ടത് കോണ്‍ഗ്രസ്; ചക്കാളത്തിപ്പോര് ആഘോഷമാക്കി ഇടത് സൈബര്‍ പോരാളികള്‍

 


കണ്ണൂര്‍: (KVARTHA) ജനുവരി ഒന്നിന് തൽസ്ഥാനത്ത് നിന്നും വിടവാങ്ങവെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന് പാര്‍ടിക്കുളളില്‍ നിന്നുതന്നെ നടയടി. ഡിസംബര്‍ മുപ്പതിന് കണ്ണൂര്‍ പടന്നപ്പാലത്ത് മലിനജല പ്ലാന്റിന്റെ ഉദ്ഘാടനം നടക്കവെ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് വിമത നേതാവുമായ പി കെ രാഗേഷ് മേയറെ അപമാനിച്ചുവിടുകയായിരുന്നു. കണ്ണൂര്‍ കോണ്‍ഗ്രസില്‍ നടക്കുന്ന ഗ്രൂപ് പോരിന്റെ ഭാഗമായാണ് മേയര്‍ക്കെതിരെ രാഗേഷിന്റെ പ്രകടനം.

Conflict | രാജിവെക്കുന്നതിന് മുമ്പേ മേയറെ അപമാനിച്ചു വിട്ടു; കണ്ണൂരില്‍ പാര്‍ടി വിമതനായ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനും മേയറും തമ്മിലുളള കയ്യാങ്കളില്‍ നാണം കെട്ടത് കോണ്‍ഗ്രസ്; ചക്കാളത്തിപ്പോര് ആഘോഷമാക്കി ഇടത് സൈബര്‍ പോരാളികള്‍

തദ്ദേശസ്വയം ഭരണ മന്ത്രി എം ബി രാജേഷ് പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞു പോയപ്പോഴാണ് സ്‌റ്റേജിലേക്ക് കയറി വന്ന പി കെ രാഗേഷ് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനെന്ന നിലയില്‍ മൂന്നാമത് തന്റെ പേരുണ്ട് പ്രസംഗിക്കാന്‍ മൈക് കൈമാറണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളെയാണ് പ്രസംഗിക്കാന്‍ വിളിക്കുന്നതെന്നും വാർത്താസമ്മേളനത്തില്‍ പദ്ധതിക്കെതിരെ പറഞ്ഞതിനാല്‍ ഇനിയൊന്നും പറയേണ്ടെന്നുമായി മേയര്‍. ഇതു പി കെ രാഗേഷിനെ പ്രകോപിപ്പിച്ചു. ഇതോടെ മേയറുമായി മൈകിനായി പിടിവലിയായി. ഇരുവരും പരസ്പരം കൈ കയറിപ്പിടിച്ചു ബലപ്രയോഗം നടത്തി.

ഇതോടെ പരിപാടി അലങ്കോലമാവുകയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടുകയും ചെയ്തു. മേയര്‍ പരിപാടി പിരിച്ചുവിട്ടതായി അറിയിച്ചതോടെ ഇരു നേതാക്കളും തമ്മില്‍ പോര്‍വിളിയായി. ഇതില്‍ മറ്റുകോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ മേയര്‍ക്കൊപ്പം നിന്നതോടെ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരും പിന്‍തുണയുമായി എത്തി. സ്ഥലത്തുണ്ടായിരുന്ന സിപിഎം കൗണ്‍സിലര്‍ സി രവീന്ദ്രന്‍ പി കെ രാഗേഷിനെ അനുനയിക്കാന്‍ ശ്രമിച്ചതോടെ കുതറിമാറിയ രാഗേഷ് മേയര്‍ക്കെതിരെ ശകാര വര്‍ഷം തുടങ്ങി.

മേയര്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു പി കെ രാഗേഷിന്റെ ആരോപണം. മലിനജല പദ്ധതിയില്‍ കോടികളുടെ വെട്ടിപ്പുനടന്നുവെന്നും ഇതിനെതിരെ താന്‍ നിയമപരമായി പോരാടുമെന്നും പി കെ രാഗേഷ് മേയറെ വെല്ലുവിളിച്ചു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണസമിതിക്ക് സ്ഥിരം തലവേദനയായി മാറുകയാണ്. ഏതുവികസനകാര്യം വന്നാലും അതിനെ എതിര്‍ക്കുന്നയാളാണ് പി കെ രാഗേഷെന്ന് മേയര്‍ ടി ഒ മോഹനന്‍ പിന്നീട് പ്രതികരിച്ചു.

ഉദ്ഘാടന ദിവസമായ ശനിയാഴ്ച രാവിലെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ക്കെതിരെ കോടികളുടെ അഴിമതിയുള്‍പെടെ അതീവഗുരുതരമായ ആരോപണങ്ങളുമായി പി കെ രാഗേഷ് രംഗത്തുവന്നിരുന്നു. ജനുവരി ഒന്നിന്‌ മേയര്‍ സ്ഥാനം രാജിവെയ്ക്കാനിരിക്കെയാണ് പൊതുവേദിയില്‍ അപമാനകരമായ സംഭവങ്ങളുണ്ടായത്. ഇതുമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആഘോഷമാക്കിയിരിക്കുകയാണ് ഇടതുസൈബര്‍ പോരാളികള്‍. സിപിഎം അനുകൂല സാമൂഹ്യ മാധ്യമ ഗ്രൂപുകളില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലുളള കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Keywords:  Conflict Between Kannur Mayor And P K Ragesh, Kannur, News, Congress, Kannur, Politics, Inauguration, Resignation, Media, Report, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia