Condolences | കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് നിയമസഭയിൽ അനുശോചനം; അങ്ങേയറ്റം ദുഃഖകരമായ സംഭവം, സഹായഹസ്തവുമായി എത്തിയവരെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് മുഖ്യമന്ത്രി 

 
Condolences of Assembly to those who died in Kuwait fire 
Condolences of Assembly to those who died in Kuwait fire 


'പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഫലപ്രദമായി കൈകോര്‍ത്തു'

തിരുവനന്തപുരം: (KVARTHA) കുവൈറ്റിലെ മംഗെഫിലെ ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു.  മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

24 മലയാളികള്‍ ഉള്‍പ്പെടെ 49 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ 46 പേരും ഇന്ത്യാക്കാരായിരുന്നു. നിരവധി സ്വപ്നങ്ങളുമായാണ് നമ്മുടെ സഹോദരങ്ങള്‍ പ്രവാസം തിരഞ്ഞെടുത്തത്. ആ സ്വപ്നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാതെ, പകുതിവഴിയില്‍ ദുരന്തത്തിനു മുന്നില്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് കീഴടങ്ങേണ്ടി വന്നു എന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു.

നമ്മുടെ നാടിന്‍റെയാകെ പുരോഗതിക്കും മുന്നേറ്റത്തിനും വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. ആധുനിക കേരളത്തിന്‍റെ ചരിത്രത്തിനു പ്രവാസികളില്‍ നിന്ന് വേറിട്ട ഒരു നിലനില്‍പ്പില്ല. എന്നാല്‍, പ്രവാസജീവിതം ഇന്ന് നിരവധി പ്രതിസന്ധികള്‍ നേരിടുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും, യുദ്ധാന്തരീക്ഷവും, മാറിവരുന്ന കുടിയേറ്റ നിയമങ്ങളും പ്രവാസജീവിതത്തെ കഠിനമാക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെക്കൂടി അതിജീവിച്ചാണ് തങ്ങളുടെ കുടുംബത്തിന്‍റെയും നാടിന്‍റെയും ഭാവി ശോഭനമാക്കാന്‍ നമ്മുടെ പ്രവാസി സഹോദരങ്ങള്‍ കഠിന പ്രയത്നം ചെയ്തുവരുന്നത്. അക്കൂട്ടത്തിലുള്ളവരാണ് അഗ്നിബാധമൂലമുണ്ടായ ദുരന്തത്തില്‍ നമ്മെ വിട്ടുപിരിഞ്ഞത്.

അഗ്നിബാധയെക്കുറിച്ച് അറിഞ്ഞയുടന്‍ കേരള സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത് ആരോഗ്യമന്ത്രിയെ സംഭവ സ്ഥലത്തേക്ക് അയക്കാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്ര വിദേശമന്ത്രാലയത്തിന്‍റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭ്യമായില്ല. പ്രതിപക്ഷ നേതാവിന്‍റേത് ഉള്‍പ്പെടെ കേരളത്തിന്‍റെ പ്രതിഷേധം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഫലപ്രദമായി കൈകോര്‍ത്തു.  

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സഹായഹസ്തവുമായി എത്തിയ വ്യവസായികളെയും വ്യക്തികളെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.  

നികത്താനാകാത്ത ഈ നഷ്ടത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നാടിനാകെയും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുകയാണ്. കുടുംബാംഗങ്ങളെ അഗാധമായ ദുഃഖമറിയിക്കുന്നു. ചെയ്യുന്നു.  പരിക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia