ബ്രാന്‍ഡ് ഇന്ത്യ പ്രചാരണം: കേരള ടൂറിസത്തിന് കോണ്‍ഡെ നാസ്റ്റ് അവാര്‍ഡ്

 


ബ്രാന്‍ഡ് ഇന്ത്യ പ്രചാരണം: കേരള ടൂറിസത്തിന് കോണ്‍ഡെ നാസ്റ്റ് അവാര്‍ഡ്
തിരുവനന്തപുരം: ലോകപ്രശസ്ത ട്രാവല്‍ മാസികയായ കോണ്‍ഡെ നാസ്റ്റ ഇതാദ്യമായി മികച്ച 'ബ്രാന്‍ഡ് ഇന്ത്യ' പ്രചാരണത്തിന് ഏര്‍പെടുത്തിയ ആഗോള അവാര്‍ഡിന് കേരള ടൂറിസം അര്‍ഹമായി. ഇന്ത്യയെ ലോക സഞ്ചാര ഭൂപടത്തില്‍ എത്തിച്ചതിനുള്ള ഈ അവാര്‍ഡ് ഡല്‍ഹിയില്‍ ടൂറിസം ട്രാവല്‍ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ആകര്‍ഷകമായ ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് ഏറ്റുവാങ്ങി.

ജമ്മുകശ്മീര്‍ ടൂറിസം മന്ത്രി നസീര്‍ അസ്‌ലം വാനി, കേന്ദ്ര ടൂറിസം സെക്രട്ടറി പര്‍വെസ് ദിവാന്‍, ഡല്‍ഹിമുംബൈ വ്യവസായ ഇടനാഴി വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അമിതാബ് കാന്ത്, തായ്‌ലാന്‍ഡ്, ന്യൂസിലാന്‍ഡ്, മാലിദ്വീപുകള്‍ എന്നിവയുടെ ഇന്ത്യയിലെ സ്ഥാനപതിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി മാനേജിംഗ് ഡയറക്ടറും സി.ഇ. ഒയുമായ റെയ്മണ്ട് ബിക്‌സണ്‍, ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ ജി.എം.ടോ, തോമസ് കുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മാധവ മേനോന്‍, ലീല പാലസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് പ്രസിഡന്റ് രാജിവ് കൌള്‍, ഒബറോയ് ഗ്രൂപ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് കപില്‍ ചോപ്ര, പ്രമുഖ സാഹിത്യകാരനായ വില്യം ഡാല്‍റിംപിള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വീര്‍ സാംഗ്വി എന്നിവരും ഗൂര്‍ഗോണ്‍ ഒബറോയ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കോണ്‍ഡെ നാസ്റ്റ് ട്രാവല്‍ അവാര്‍ഡുകള്‍ ഇന്ത്യയിലെ ടൂറിസം വ്യവസായത്തിലെ ഓസ്‌കാറുകളായി മാറിയിരിക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര ടൂറിസം സെക്രട്ടറി പര്‍വെസ് ദിവാന്‍ പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടെന്ന പേരില്‍ കേരളം കണ്ടിരിക്കേണ്ട ലക്ഷ്യസ്ഥാനമാക്കിയുള്ള കേരള ടൂറിസത്തിന്റെ സുസ്ഥിര പ്രചാരണത്തിനു കിട്ടിയ വലിയ അംഗീകാരമാണിതെന്ന് ടൂറിസം, പട്ടിക ജാതി വികസന, പിന്നോക്ക ക്ഷേമ മന്ത്രി എ.പി. അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. സമ്പന്നമായ പ്രകൃതി സൗന്ദര്യവും സുഖകരമായ കാലാവസ്ഥയും ഊഷ്മളമായ ആതിഥ്യമര്യാദകളും സേവനങ്ങളും കേരളത്തെ ആഗോളനിലവാരത്തിലുള്ള ലക്ഷ്യസ്ഥാനമാക്കുന്നു. ഇത് രാജ്യത്തിനും പുറത്തും സല്‍പ്പേരിനിടയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കോണ്‍ഡെ നാസ്റ്റ്് ട്രാവല്‍ അവാര്‍ഡ് കേരളത്തിന് വന്‍നേട്ടമാണെന്ന് സംസ്ഥാനടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ലോക ട്രാവല്‍മാപ്പില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനു കേരള ടൂറിസം നടത്തുന്ന ശ്രമങ്ങള്‍ക്കു ലഭിച്ച അംഗീകാരം ഈ മേഖലയില്‍ കൂടുതല്‍ പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ഈ അവാര്‍ഡ് മികച്ച ബഹുമതിയാണെന്ന് ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് അഭിപ്രായപ്പെട്ടു. ലോകഭൂപടത്തില്‍ ബ്രാന്‍ഡ് ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനം നല്‍കുന്ന ശ്രമങ്ങളില്‍ കാര്യമായ പങ്കു വഹിക്കാന്‍ കേരള ടൂറിസത്തിനു കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ടൂറിസം വകുപ്പും സംസ്ഥാനത്ത് ട്രാവല്‍ഹോട്ടല്‍ മേഖലകളിലെ പങ്കാളികളും കാഴ്ചവച്ച കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ അവാര്‍ഡ്. ഗൈഡുകള്‍ മുതല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വരെയും റസ്റ്റോറന്റുകള്‍ മുതല്‍ റിസോര്‍ട്ടുകള്‍ വരെയും ടൂറിസംട്രാവല്‍ മേഖലകളിലെ എല്ലാവരുടെയും പരിശ്രമം ഇതിനു പിന്നിലുണ്ടെന്ന് റാണി ജോര്‍ജ് വ്യക്തമാക്കി.

ട്രാവല്‍, ടൂറിസം, ഹോട്ടല്‍ മേഖലകളില്‍ മികച്ച സേവനം നടത്തുന്നവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോണ്‍ഡെ നാസ്‌റ് ട്രാവല്‍ അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത് ഈ മേഖലയിലെ ആഗോള പ്രമുഖരാണ്. കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ മികച്ച ട്രാവല്‍ടൂറിസം സംസ്ഥാനത്തിനുള്ള സി.എന്‍.ബി.സി. ആവാസ് അവാര്‍ഡ് കേരളത്തിനു ലഭിച്ചത്.

Keywords: Conde nast award, Kerala tourism, Travel magazine, Brand India, Rani George, Director, God's own country, CNBC Awaaz award, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia