Middle East | ഇസ്മാഈല്‍ ഹനിയ്യയുടെ വധം: പശ്ചിമേഷ്യയെ വീണ്ടും കുരുതിക്കളമാക്കുമോ? തിരിച്ചടിക്കുമെന്ന ഇറാന്റെ പ്രഖ്യാപനം ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു


ഇറാന്റെ സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചയായിട്ടും കൊലപാതകത്തെ ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ തിരിച്ചടിയിലൂടെ അഭിമാനം സംരക്ഷിക്കാനാണ് ഇറാന്‍ ഒരുങ്ങുന്നത്
നവോദിത്ത് ബാബു
(KVARTHA) ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ മിസൈല്‍ അക്രമത്തിലൂടെ വധിച്ചത് സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയെ വീണ്ടും വെടിയൊച്ചയാല്‍ മുഖരിതമാക്കുമോയെന്നു ലോകരാജ്യങ്ങളില്‍ ആശങ്കയേറ്റുന്നു. ഹനിയയെ മിസൈല്‍ അക്രമണത്തിലൂടെ വധിച്ചത് ഇസ്രായേലി ചാര സംഘടനയായ മൊസാദാണെന്നു ആരോപിച്ചു പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് ഇറാന്‍. ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയിലെ ആണവശക്തികളിലൊന്നായ ഇറാന്‍ എത്ര ശക്തമായി തിരിച്ചടിക്കുമെന്ന് കണക്കുകൂട്ടാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍ മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇറാന്‍ സൈന്യത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാനും ഹമാസും ഒരേ പോലെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഏപ്രിലില്‍ ഇസ്രായേലിനെതിരെ ഇറാന്‍ മിസൈലാക്രമണം നടത്തി.
യെമന്‍, സിറിയ, ഇറാഖ് എന്നിവയുള്‍പ്പെടെ സഖ്യസേനകളുടെ സഹായത്തോടെ സംയുക്ത ആക്രമണം നടത്താനുളള പദ്ധതിയും ഇറാനുണ്ട്. ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇറാന്‍ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഇറാനില്‍ വിശിഷ്ടാതിഥിയായി പുതിയ ഭരണാധികാരിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവനായ ഇസ്മായില്‍ ഹനിയ കൊല്ലപ്പെടുന്നത്. രഹസ്യകേന്ദ്രത്തില്‍ വിശ്രമിക്കവെയാണ് അദ്ദേഹത്തിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇറാന്റെ സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചയായിട്ടും കൊലപാതകത്തെ ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ തിരിച്ചടിയിലൂടെ അഭിമാനം സംരക്ഷിക്കാനാണ് ഇറാന്‍ ഒരുങ്ങുന്നത്. എന്നാല്‍ അറേബ്യന്‍ രാജ്യങ്ങള്‍ പലതും ഈക്കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയില്‍ ഒരുയുദ്ധത്തിന് സൗദി അറേബ്യയുള്‍പ്പെടെയുളള അറബ് രാജ്യങ്ങള്‍ക്ക് താല്‍പര്യമില്ല. ഖത്തര്‍ കേന്ദ്രീകരിച്ചാണ് ഇസ്മായില്‍ ഹനിയ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അമേരിക്കന്‍ സഖ്യരാജ്യമായ ഖത്തറില്‍ കയറി അക്രമിക്കാതെ ശത്രുരാജ്യമായ ഇറാനില്‍ കയറിയാണ് ഇസ്രായേല്‍ ഹനിയയെ വധിച്ചത്.
ഹമാസിന്റെ പൊളിറ്റിക്കല്‍ മുഖമായ ഹനിയയുടെ വധത്തോടെ ഫലസ്തീനില്‍ ഹമാസ് നടത്തുന്ന പ്രതിരോധം ദുര്‍ബലമാകുമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കാനുളള ഇറാന്റെയും ഹമാസിന്റെയും തീരുമാനം പശ്ചിമേഷ്യയെ വീണ്ടും ചോരക്കളമാക്കുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഫലസ്തീന്‍ ജനതയ്ക്കു നേരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും ഇതൊന്നും വകവയ്ക്കാതെ യുദ്ധവുമായി മുന്‍പോട്ടു പോവുകയാണ് ഇസ്രായേല്‍.