Obituary | പുഷ്പന്റേത് ലോകചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സമര ജീവിതമെന്ന് ഇ പി ജയരാജന്‍
● മൂന്ന് പതിറ്റാണ്ടോളം തികഞ്ഞ ഇച്ഛാശക്തിയോടെ പോരാടിയ ഉള്‍ക്കരുത്തിന്റെ ആള്‍രൂപം
● പൊരുതുന്ന യുവജന-ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കരുത്തും ആവേശവും പകര്‍ന്ന പോരാളി
കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് സമര പോരാളി പുഷ്പന്റെ വേര്‍പാട് അത്യന്തം ദു:ഖത്തിലാഴ്ത്തുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും പ്രത്യേകിച്ച് സിപിഐ എമ്മിനും ഡി വൈ എഫ് ഐക്കും കനത്ത നഷ്ടമാണ്. വെടിയുണ്ടയെ തോല്‍പിച്ച പോരാട്ട വീറുമായി മൂന്ന് പതിറ്റാണ്ടോളം തികഞ്ഞ ഇച്ഛാശക്തിയോടെ പോരാടിയ ഉള്‍ക്കരുത്തിന്റെ ആള്‍രൂപമായിരുന്നു പുഷ്പന്‍ എന്നും അദ്ദേഹം പറഞ്ഞു.
ലോകചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ് സമര ജീവിതം. പൊരുതുന്ന യുവജന-ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കരുത്തും ആവേശവും പകര്‍ന്ന പോരാളിയായിരുന്നു പുഷ്പന്‍. അവസാന ശ്വാസം വരെയും പാര്‍ടിയേയും ഇടതുപക്ഷത്തേയും നെഞ്ചേറ്റി ജീവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തര ജീവിതയാത്രയ്ക്കിടയിലും സമകാലിക രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളെ കുറിച്ച് പഠിച്ചും പ്രതികരിച്ചും പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്നു. എതിരാളികള്‍ പലതവണ ചതിക്കുഴിയില്‍ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ അതിനെയെല്ലാം തള്ളിമാറ്റി.
ഓരോ തവണയും മരണമുഖത്ത് നിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. അതുപോലൊരു തിരിച്ചുവരവ് ഇത്തവണയും നാട് പ്രതീക്ഷിച്ചിരുന്നു. കമ്യൂണിസ്റ്റുകാരന്റെ ഇച്ഛാശക്തിയോടെ അന്ത്യംവരെ പൊരുതി നിന്നാണ് വിട പറയുന്നത്. സഹോദരതുല്യനായി സ്നേഹിച്ച പുഷ്പന്റെ വേര്‍പാട് വ്യക്തിപരമായും വലിയ വേദന ഉളവാക്കുന്നതാണെന്നും ഇപി ജയരാജന്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
#ComradePushpan #CommunistParty #PoliticalLeader #SocialActivist #Obituary #EPJayarajan