Complaint | എരഞ്ഞോളിയിലെ ബോംബ് നിർമാണത്തെ വിമർശിച്ച യുവതിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കമെന്ന് പരാതി


'പ്രതികരിച്ചതിനുശേഷം വാർഡ് മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തി'
തലശേരി: (KVARTHA) എരഞ്ഞോളി കുടക്കളത്ത് തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബു പൊട്ടിത്തെറിച്ചു മരിച്ച സംഭവത്തിൽ വിവാദ വെളിപ്പെടുത്തലുമായി രംഗത്തുവന്ന അയൽവാസിയായ സീനയെന്ന യുവതി തനിക്കെതിരെ ഭീഷണിയുണ്ടെന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തിയത് വിവാദമായി. നാട്ടില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെക്കുറിച്ച് പ്രതികരിച്ച പ്രദേശവാസിയായ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.
താൻ തുറന്നു പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എനിക്ക് എന്തും സംഭവിക്കാം. ആക്രമിച്ചേക്കാമെന്ന പേടിയുണ്ട്. എന്‍റെ വീട്ടുകാർക്കും എന്തും സംഭവിക്കാം. കഴിഞ്ഞ ദിവസം താൻ പ്രതികരിച്ചതിനുശേഷം വാർഡ് മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തി. ഈ സമയം വീട്ടിൽ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായത്. ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോടാണ് പറഞ്ഞു തീർക്കേണ്ടത്. അല്ലാതെ വീട്ടിൽ പോവുകയല്ല വേണ്ടത്.
ഞാൻ ഒരു പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിര്‍മാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടില്‍ മനുഷ്യനായി സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് തുറന്ന് പറഞ്ഞത്. കുഞ്ഞുങ്ങള്‍ക്ക് നാട്ടില്‍ കളിച്ചു നടക്കാനാകണം. ഇവിടെ പുതുവർഷ ദിനത്തിൽ അടക്കം ബോംബ് പൊട്ടിച്ച് ആഘോഷിക്കുന്ന രീതിയുണ്ട്. ആദ്യം മാന്യമായാണ് അവര്‍ സംസാരിച്ചത്. പക്ഷേ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മാധ്യമങ്ങളോട് ശക്തമായി പ്രതികരിച്ചതിനു പിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നാണ് സീന പരാതിപ്പെടുന്നത്. കഴിഞ്ഞ 30 വർഷമായി എരഞ്ഞോളി കുടക്കളത്ത് താമസിക്കുന്ന ഇവർ നാലു വർഷമായി ഇവിടെ താമസിക്കുന്നില്ലെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. ബോംബു രാഷ്ട്രീയത്തിൻ്റെ പേരിൽ ഇവർ സി.പി.എമ്മിനെ മാത്രം വിമർശിക്കുകയാണെന്ന ആരോപണമാണ് പാർട്ടി നേതൃത്വം ഉന്നയിക്കുന്നത്. ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സ്ഥലം ബി.ജെ.പി - കോൺഗ്രസ് സ്വാധീന പ്രദേശമാണെന്നും ബോംബു നിർമ്മാണത്തിനെ പ്രതികരിച്ച സീന കോൺഗ്രസ് അനുഭാവിയാണെന്നുമാണ് ആരോപണം.