Compliant | യൂനിഫോം പാന്റിന് നീളം കുറവാണെന്നതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ അധിക്ഷേപിച്ചെന്ന് പരാതി; 'സഹപാഠികള്‍ക്കിടയില്‍ വെച്ച് നേരിട്ട അപമാനം സഹിക്കവയ്യാതെ 3 ദിവസമായി സ്‌കൂളില്‍ പോകാതെ പ്ലസ്ടു വിദ്യാര്‍ഥി'; ഇടപെട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍

 


കോഴിക്കോട്: (www.kvartha.com) യൂനിഫോം പാന്റിന് നീളം കുറവാണെന്നതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ പ്ലസ്ടു വിദ്യാര്‍ഥിയെ അധിക്ഷേപിച്ചെന്ന് പരാതി. പെണ്‍കുട്ടികള്‍ അടക്കമുള്ള സഹപാഠികള്‍ക്കിടയില്‍ വെച്ചാണ് അപമാനം നേരിട്ടതെന്നും ഇതോടെ സ്‌കൂളില്‍ പോകാതെ കഴിഞ്ഞ മൂന്നു ദിവസമായി മകന്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണെന്നും കുട്ടിയുടെ മാതാവ് പറയുന്നു. വടകരയിലെ ഒരു വിദ്യാലയത്തിലെ വിദ്യാര്‍ഥിക്കാണ് പ്രിന്‍സിപലില്‍ നിന്നും ദുരനുഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം തുടങ്ങി.

Compliant | യൂനിഫോം പാന്റിന് നീളം കുറവാണെന്നതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ അധിക്ഷേപിച്ചെന്ന് പരാതി; 'സഹപാഠികള്‍ക്കിടയില്‍ വെച്ച് നേരിട്ട അപമാനം സഹിക്കവയ്യാതെ 3 ദിവസമായി സ്‌കൂളില്‍ പോകാതെ പ്ലസ്ടു വിദ്യാര്‍ഥി'; ഇടപെട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍

സംഭവത്തെ കുറിച്ച് വിദ്യാര്‍ഥി പറയുന്നത്:

ചൊവ്വാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ക്ലാസിന് പുറത്ത് നില്‍ക്കുമ്പോള്‍ പ്രിന്‍സിപല്‍ വന്നു. തുടര്‍ന്ന് പാന്റിന് നീളം കുറവെന്ന് പറഞ്ഞ് വളരെ മോശമായി സംസാരിച്ചു. നിന്നെ കാണാന്‍ ബ്ലൂ ഫിലിമില്‍ അഭിനയിക്കുന്ന ആളെ പോലെ ഉണ്ടെന്നും നീ ഇതൊക്കെ കാണിച്ച് ബ്ലൂഫിലിമില്‍ അഭിനയിക്കാന്‍ പോവുകയാണോ എന്നും ചോദിച്ചു.

മുടി കാണിച്ച് ഇങ്ങനത്തെ പാന്റിട്ട് നീയെന്താ പെണ്ണിനെ പോലെ നടക്കാന്‍ പോവുകയാണോ, എന്നാല്‍ നീയൊട്ട് പെണ്ണാവുകയില്ലെന്നും പറഞ്ഞു. നിന്റെ പിതാവ് എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ വിദേശത്താണെന്ന് മറുപടി നല്‍കി. അപ്പോള്‍ ഹോര്‍ലിക്സും പഴവും വെട്ടി വിഴുങ്ങി വരുന്നതല്ലെ അതിന്റെ അഹങ്കാരമായിരിക്കുമെന്നും പറഞ്ഞു.

അലവലാതി എന്ന് വിളിച്ചാണ് പ്രിന്‍സിപല്‍ സംസാരം അവസാനിപ്പിച്ചത്. ക്ലാസില്‍ ഇരിക്കുന്ന പെണ്‍കുട്ടികളും പുറത്തുള്ള കുട്ടികളുമെല്ലാം ഇത് കേട്ടു. മനപ്രയാസം കാരണം സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ല.

കുട്ടി സ്‌കൂളിലുണ്ടായ സംഭവം വീട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് പ്രിന്‍സിപലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശമായാണ് സംസാരിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇതേ പാന്റിട്ട് വന്നാല്‍ ഇനി ക്ലാസില്‍ കയറ്റില്ലെന്നും അടിയ്ക്കുമെന്നും തന്നോട് പറഞ്ഞെന്നും കുട്ടിയുടെ മാതാവ് പറയുന്നു. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ കുട്ടി ഇതേ യൂനിഫോം ആണ് ധരിക്കുന്നതെന്നും അപ്പോഴൊന്നും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മാതാവ് വ്യക്തമാക്കി.

പ്രിന്‍സിപലിനെതിരെ വിദ്യാര്‍ഥി ബാലാവകാശ കമിഷനും ചൈല്‍ഡ് ലൈനിലും വടകര പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായിട്ടില്ല.

Keywords: Complaint that school principal abused him because uniform pants were too short, Kozhikode, News, Principal, Media, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia