Complaint | 'ആശുപത്രി സ്ഥലത്ത് നിന്ന് വാഴക്കുലകൾ എച്ച് എംസി അംഗം ജീവനക്കാരിയുടെ സഹായത്തോടെ വെട്ടിക്കടത്തി'; വിവാദം


ജീവനക്കാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്
ഇടുക്കി: (KVARTHA) ഹോമിയോ ഡിസ്പെൻസറി വക സ്ഥലത്തിൽ നിന്ന് വാഴക്കുലകൾ എച്ച്.എം.സി അംഗം ജീവനക്കാരിയുടെ സഹായത്തോടെ വെട്ടി കടത്തിയതായി പരാതി. സംഗതി പിടിക്കപ്പെട്ടതോടെ കടത്തിയ ഒമ്പത് കുലയ്ക്ക് 248 രൂപയുടെ ബിൽ ഹാജരാക്കി തലയൂരാനും ശ്രമമെന്ന് ആക്ഷേപമുണ്ട്. വലിയതോവാള മാതൃക ഹോമിയോ ഡിസ്പെൻസറിയിലാണ് സംഭവം. ആശുപത്രിയോട് ചേർന്ന് കാടുപിടിച്ച് കിടന്ന സ്ഥലത്ത് ആശുപത്രി വികസന സമിതിയുടെ തീരുമാന പ്രകാരം ഏത്തവാഴ കൃഷി ചെയ്തിരുന്നു.
വിളവെടുപ്പിന് പാകമായ വാഴക്കുലകൾ കാണാതാവുകയായിരുന്നു. ഇവ മോഷണം പോയതാണെന്നായിരുന്നു ആദ്യം ജീവനക്കാർ കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനിതാ ജീവനക്കാരിയുടെ അറിവോടെ എച്ച്.എം.സി മെമ്പർ കുല വെട്ടി കൊണ്ടുപോയതായും അവ കായ വിലയ്ക്ക് വിറ്റതായും കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു. സംഭവം വിവാദമായതോടെ തീയതി രേഖപ്പെടുത്താത്ത ബിൽ എച്ച്. എം.സിയിൽ നൽകി. കൃഷിയ്ക്കായി 1600 രൂപ ചെലവായതായും അതുമായി ബന്ധപ്പെട്ട ബിൽ താമസിയാതെ എത്തിക്കാമെന്ന് എച്ച്.എം.സി യോഗത്തിൽ ഉറപ്പു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്നുമാണ് അറിയുന്നത്.
അതേസമയം ഡിസ്പെൻസറിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ കുലകൾ കാണാതായതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും സിപിഎം നേതാവായ വികസന സമിതി അംഗത്തിനെ രക്ഷപ്പെടുത്തുന്ന നിലപാടാണ് പ്രസിഡൻ്റ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. എന്നാൽ, വാഴക്കുലകൾ മോഷണം പോയ വിവരം പൊലീസ് സ്റ്റേഷനിലും ഡിഎംഓഫീസിലും അറിയിക്കണമെന്ന് തീരുമാനിച്ചിരിക്കെയാണ് എച്ച്.എം.സി അംഗം കുറ്റമേറ്റതെന്നാണ് ലഭിക്കുന്ന വിവരം.
ജീവനക്കാരിയുടെ കൃത്യവിലോപം സംബന്ധിച്ചും വാഴക്കുല വെട്ടിക്കടത്താൻ സഹായം ചെയ്‌തെന്ന ആരോപണത്തിലും കാരണം കാണിക്കൽ നോട്ടീസ് നല്കിയെങ്കിലും ജീവനക്കാരിക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. സർക്കാർ ജീവനക്കാരിയാണെന്ന വിവരം മറച്ചുവച്ച് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും ഇവർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയിരുന്നുവെന്നും പരാതി ഉയർന്നതോടെ പെൻഷനായി കൈപ്പറ്റിയ തുക തിരിച്ചടച്ച് നടപടികളിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രാദേശിക സിപിഐ നേതാവിൻ്റെ സഹായത്തോടെയായിരുന്നു ഇവർ ക്ഷേമനിധിയിൽ അംഗത്വമെടുത്തതെന്നാണ് വിവരം.