Complaint | 'സമഗ്ര ഉദ്യാന കൃഷിയിലൂടെ സ്ഥിര വരുമാനമുണ്ടാക്കാം', പുഷ്പകൃഷിയുടെ മറവിൽ തട്ടിപ്പിന് നീക്കമെന്ന് പരാതി; ലക്ഷ്യമിടുന്നത് സ്ത്രീകളെ

 


കൊച്ചി: (KVARTHA) പുഷ്പകൃഷിയുടെ മറവിൽ സ്ത്രീകളെ ഇരയാക്കി തട്ടിപ്പ് നടത്താൻ നീക്കവുമായി ഒരു സംഘം നീക്കം തുടങ്ങിയതായി പരാതി. എറണാകുളം കാക്കനാട് കേന്ദ്രീകരിച്ചാണ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മറവിൽ വൻ തട്ടിപ്പിന് കളമൊരുക്കുന്നതെന്നാണ് ആരോപണം. സമഗ്ര ഉദ്യാന കൃഷിയിലൂടെ സ്ഥിര വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനവുമായാണ് സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ജമന്തി, വാടാർ മുല്ല, മേരിഗോൾഡ്, ജറിബ്രാ, ആന്തൂറിയം, തുടങ്ങിയ പുഷ്‌പകൃഷിയിൽ വനിതകൾക്ക് പങ്കാളികളാകാം. സംഭരണവും, വിപണനവും ട്രസ്റ്റ് വഴി നടക്കും. പ്രതിമാസം മുതൽ 20000 വരെ സമ്പാദിക്കാനാകുമെന്നാണ് ഇവരുടെ വാഗ്ദാനം. സൗജന്യമായാണ് ഉദ്യാന കൃഷിയെന്ന് ഇവർ പറയുമ്പോളും ട്രസ്റ്റിൽ അംഗത്വമെടുക്കണമെന്നാണ് നിബന്ധന. പിന്നീട് ജെ.എൽ.ജി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് തട്ടിപ്പെന്നാണ് പറയുന്നത്.

Complaint | 'സമഗ്ര ഉദ്യാന കൃഷിയിലൂടെ സ്ഥിര വരുമാനമുണ്ടാക്കാം', പുഷ്പകൃഷിയുടെ മറവിൽ തട്ടിപ്പിന് നീക്കമെന്ന് പരാതി; ലക്ഷ്യമിടുന്നത് സ്ത്രീകളെ

18 വർഷം മുമ്പ് കട്ടപ്പന കേന്ദ്രീകരിച്ച് ഇതേ സംഘം സമാന രീതിയിൽ കുറ്റിമുല്ല കൃഷിയുടെ പേരിൽ നൂറ് കണക്കിന് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങളുമായി മുങ്ങിയതായി പരാതിയുണ്ട്. കട്ടപ്പന ഗവൺമെന്റ് കോളേജിന് സമീപത്ത് ഓഫീസും ഇവർക്കുണ്ടായിരുന്നു. ഇവിടെയും ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. ഒരു കിലോ മുല്ലപ്പൂവിന് 350 രൂപ മുതൽ അയ്യായിരം രൂപ വരെ വില ലഭിക്കുമെന്നും സൊസൈറ്റി ജാസ്മിൻ ഓയിൽ ഫാക്ടറി ആരംഭിച്ച് പൂക്കൾ ശേഖരിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു അന്ന് ആളുകളെ വലയിലാക്കിയതെന്നും പ്രാദേശികമായുള്ള ചിലരെ കോ-ഓർഡിനേറ്റർമാരായി നിയമിച്ചായിരുന്നു ഇരകളെ കണ്ടെത്തിയിരുന്നതെന്നും പരാതിക്കാർ പറയുന്നു.

'കുറ്റിമുല്ല കൃഷിയും സൗജന്യമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ജെ.എൽ.ജി ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പിൽ അംഗമാകാൻ 1500 രൂപയും പിന്നീട് കൃഷിക്ക് ആവശ്യമായ മുല്ലച്ചെടികൾ നൽകുന്നതിനായി 15000 രൂപയും ഇവർ ഈടാക്കി. കൃഷിക്ക് എടുക്കുന്ന തുകയ്ക്ക് സർക്കാർ സബ്സിഡി ലഭിക്കുമെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു. തമിഴനാട്ടിലെ രാമേശ്വരത്തു നിന്നും 40 പൈസ നിരക്കിൽ എത്തിച്ച മുല്ല തണ്ടുകൾ മുളപ്പിച്ച് നൽകിയായിരുന്നു തട്ടിപ്പ്. 200 മുല്ലച്ചെടികൾ ഒരു യൂണിറ്റ് എന്ന കണക്കിലായിരുന്നു 15000 രൂപ വീതം സംഘം വാങ്ങിയത്. ഇത്തരത്തിൽ അഞ്ചു മുതൽ പത്ത് യൂണിറ്റുകൾ വരെ കൃഷി ചെയ്തവരുമുണ്ട്.

കർഷകർ ഉല്പാദിപ്പിക്കുന്ന മൂല്ലപ്പൂക്കൾ സൊസൈറ്റി നേരിട്ട് സംഭരിച്ച് ആഴ്ചയിൽ വില നല്കുന്നതിനൊപ്പം ബാങ്ക് വായ്പയും അടയ്ക്കുമെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മുല്ലപ്പൂവിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന ഫാക്ടറി തുടങ്ങി അതിലെ ലാഭ വിഹിതം കർഷകർക്ക് വീതിച്ച് നല്കുമെന്നുമായിരുന്നു പ്രഖ്യാപനം. പലരും ഈ മോഹന സുന്ദര വാഗ്ദാനത്തിൽ മയങ്ങിയാണ് ഗ്രൂപ്പിൽ ചേർന്നത്. എന്നാൽ കൃഷിയിറക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇവർ പറഞ്ഞതു പോലെ ചെടികൾ പുഷ്പിച്ചില്ല. ലഭിച്ച പൂക്കൾ സംഭരിക്കാനും ആരും എത്താതാകുകയും ചെയ്തതോടെ പണം നഷ്ടപ്പെട്ടവർ കട്ടപ്പനയിലെ ഓഫീസിൽ എത്തി.

അപ്പോഴാണ് ആഴ്ചകൾക്ക് മുമ്പ് ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിച്ച് സംഘം കടന്നു കളഞ്ഞ കാര്യം അറിയുന്നത്. പിന്നീട് തട്ടിപ്പിനിരയായ കർഷകർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നല്കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തതൊഴിച്ചാൽ തുടർ നടപടികളുമുണ്ടായില്ല. ഇവരുടെ നേതൃത്വത്തിൽ സമാന രീതിയിൽ ചേർത്തല,കോഴിക്കോട്,കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചും കുറ്റിമുല്ല കൃഷിയുടെ പേരിൽ നിരവധിപ്പേരിൽ നിന്നും ലക്ഷങ്ങൾ കബളിപ്പിച്ചതായാണ് വിവരം', പരാതിക്കാർ പറയുന്നു.

വിവിധ സ്ഥലങ്ങളിൽ പല പേരുകളിലാണ് അവതരിക്കുന്നതിനാൽ ഇവരെ കുറിച്ച് ഇരകളാക്കപ്പെടുന്നവർക്ക് വ്യക്തമായ വിവരങ്ങളുമില്ല. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ തങ്ങളുടെ നാട്ടിലെ പ്രാദേശിക നേതാക്കൾ ചമഞ്ഞാണ് ഇവർ എത്തുന്നതെന്നാണ് വിവരം. ഈ പാർട്ടികളുടെ അവിടുത്തെ നേതാക്കന്മാരെ സ്വാധീനിച്ചാണ് സംഘം മേഖലയിൽ ചുവടുറപ്പിക്കുന്നതെന്നും നേതാക്കളുടെ സഹായത്താലാണ് സംഘങ്ങൾ രൂപീകരിക്കുന്നതും ആളുകളെ വലയിലാക്കുന്നതെന്നുമാണ് പറയുന്നത്.

ഇതേസംഘം രണ്ട് വർഷം മുമ്പ് കൊല്ലം ചവറ തെക്കുംഭാഗം കേന്ദ്രീകരിച്ച് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് ആട് വിതരണത്തിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള നീക്കവും നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉപ്പുതറ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ചില ആശാപ്രവർത്തകരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ശ്രമമെന്നും എന്നാൽ ഇത് തട്ടിപ്പാണെന്ന് മാധ്യമങ്ങൾ വാർത്ത നല്കിയതോടെ ഉൾവലിഞ്ഞ സംഘം ഇടവേളകൾക്ക് ശേഷം വീണ്ടും പുതിയ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നതെന്നുമാണ് വിവരം.

Keywords: Cultivation, Kochi, Fraud, Kerala, Flower, Women,  Victimized, Fraud, Ernakulam, Kakkanad, Charitable Trust, Garden, Office, Police Station, Case, Registered, Cherthala, Kozhikode, Kollam, Complaint of fraud under flower cultivation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia