ട്യൂഷന് സെന്ററിനെതിരെ പരാതി പ്രവാഹം: പെണ്‍കുട്ടികള്‍ 11 തവണ പീഢിപ്പിക്കപ്പെട്ടു
Aug 22, 2012, 17:10 IST
കാഞ്ഞങ്ങാട്: ട്യൂഷന് സെന്ററില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടികളെ ലൈംഗിക പീഢനത്തിനിരയാക്കിയ കോട്ടച്ചേരിയിലെ ചാപ്റ്റര്‍ ട്യൂഷന് സെന്റര്‍ ഉടമ ബല്ലാ കടപ്പുറത്തെ മുഹമ്മദ് അഷ്കറിനെതിരെ (24) കൂടുതല്‍ പരാതികള്‍ പോലീസിലേക്ക് പ്രവഹിച്ചു.
പീഢന സംഭവം രഹസ്യമാക്കി വെച്ചിരുന്ന പല പെണ്‍കുട്ടികളും രക്ഷിതാക്കള്‍ വഴി പരാതിയുമായി പോലീസിനെ സമീപിച്ചു തുടങ്ങി. യുവാവിനെതിരെ കൂടുതല്‍ തെളിവുകളാണ് പോലീസിന് മുന്നില്‍ രഹസ്യമായി ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. പീഢന സംഭവവും ഇതുമായി ബന്ധപ്പെട്ട കേസിന്റെ നടപടി ക്രമങ്ങളും അന്വേഷണ നീക്കങ്ങളും അതിരഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പിനെതുടര്‍ന്നാണ് പല പെണ്‍കുട്ടികളും പരാതിയുമായി രംഗത്ത് വരാന്‍ തുടങ്ങിയത്. അഷ്കറിനെതിരെ പീഢനത്തിനിരയായ അഞ്ച് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പോലീസിന് രഹസ്യമൊഴി നല്‍കിയിരുന്നു.
നഗരത്തിലും സമീപ പ്രദേശത്തുമുള്ള നാല് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനികളാണ് ഈ അഞ്ചുപേരും. ഇവരില്‍ ഒരു പെണ്‍കുട്ടിയെ അഷ്കര്‍ ആറ് തവണയാണ് പീഢിപ്പിച്ചത്. മറ്റൊരു പെണ്‍കുട്ടിയെ രണ്ട് തവണയും. മറ്റ് മൂന്നു പെണ്‍കുട്ടികളെ ഒരു തവണ വീതവും പീഢനത്തിനിരയാക്കിയെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. അഷ്കര്‍ തന്നെയാണ് ഈ വിവരം പോലീസിനോട് സമ്മതിച്ചത്. തന്റെ കുറ്റസമ്മത മൊഴിയില്‍ അഷ്കര്‍ അഞ്ച് പെണ്‍കുട്ടികളെക്കുറിച്ചും അവരുടെ പേരുകളും വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്.
2011 ഡിസംബര്‍ മുതല്‍ 2012 ഏപ്രില്‍ 22 വരെ നിരവധി പെണ്‍കുട്ടികളെ ട്യൂഷന് സെന്ററില്‍ വെച്ച് പീഢിപ്പിച്ചതായി അഷ്കര്‍ സമ്മതിച്ചു. അവധി ദിവസമായ ഞായറാഴ്ചകളില്‍ രാവിലെ 8.30 മണി മുതല്‍ വൈകിട്ട് 4 മണിവരെ ചാപ്റ്റര്‍ ട്യൂഷന് സെന്ററില്‍ കുട്ടികള്‍ക്ക് ട്യൂഷന് നല്‍കാറുണ്ട്. 250ലധികം വിദ്യാര്‍ത്ഥികളും അവരെ പഠിപ്പിക്കാന്‍ 20 ഓളം അധ്യാപകരും ഇവിടെയുണ്ട്.
പീഢനത്തിനിരയായ അഞ്ച് പെണ്‍കുട്ടികളോടും തനിക്ക് ഏറെ അടുപ്പമുണ്ടെന്ന് തുറന്ന് സമ്മതിച്ച അഷ്കര്‍ ആ അടുപ്പം മറയാക്കിയാണ് നിരവധി തവണ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. 2011 ഡിസംബര്‍ മാസത്തില്‍ ക്ലാസ്സില്ലാതിരുന്ന ഞായറാഴ്ച ഒരു പെണ്‍കുട്ടിയെ ട്യൂഷന് സെന്ററിലേക്ക് വിളിപ്പിച്ച് സെന്ററിന്റെ പിന്‍ഭാഗത്തെ കോവണിപ്പടിയിലെ പ്ളാറ്റ് ഫോമിലേക്ക് കൂട്ടിക്കൊണ്ടുപോയി അഷ്കര്‍ പീഢിപ്പിച്ചു. പിന്നീട് ഈ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി അഞ്ച് തവണ കൂടി പീഢനത്തിന് ഇരയാക്കി. തുടര്‍ന്നുള്ള മറ്റ് ഞായറാഴ്ചകളില്‍ മറ്റ് നാല് പെണ്‍കുട്ടികളെയും പീഢിപ്പിച്ചു. ഒരു കുട്ടിയെ രണ്ട് തവണയും മറ്റ് മൂന്ന് പേരെ ഓരോ തവണ വീതവും പീഢനത്തിന് ഇരയാക്കിയെന്നും അഷ്കര്‍ തുറന്ന് സമ്മതിക്കുകയായിരുന്നു.
അഷ്കറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവ് തന്റെ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞ അഞ്ച് പെണ്‍കുട്ടികളില്‍ നിന്നും പോലീസ് അതിരഹസ്യമായി മൊഴിയെടുക്കുകയായിരുന്നു. പീഢന സംഭവം ഈ പെണ്‍കുട്ടികള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
അഷ്കറിന്റെ കുറ്റസമ്മത മൊഴിയും, മൊഴിയില്‍ ചൂണ്ടിക്കാട്ടിയ അഞ്ച് പെണ്‍കുട്ടികളുടെ മൊഴിയും പരിശോധിച്ചതിന് ശേഷമാണ് അഷ്കറിനെതിരെ ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിന്റെ നിര്‍ദേശമനുസരിച്ച് അഡീഷണല്‍ എസ് ഐ എം ടി മൈക്കിള്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ കുറ്റസമ്മതമൊഴിയനുസരിച്ച് പോലീസ് സ്വമേധയാ കേസെടുക്കുന്നത് വളരെ അപൂര്‍വമാണ്. ഈ കേസിന് ഏറെ ബലം നല്‍കുന്നത് പ്രതിയായ അഷ്കറിന്റെ കുറ്റസമ്മത മൊഴി തന്നെയാണ്. നിര്‍ണായകമായ തെളിവുകളാണ് ഈ കേസില്‍ പോലീസ് ഇതിനകം ശേഖരിച്ചത്.
ട്യൂഷന് സെന്ററിലെ ലൈംഗിക പീഢനത്തെക്കുറിച്ച് കഴിഞ്ഞ രണ്ടുമൂന്നാഴ്ചയായി ഒട്ടേറെ കഥകളും അഭ്യൂഹങ്ങളും കിംവതന്തികളുമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രചരണത്തിനിടയില്‍ സംഭവത്തിന്റെയും പ്രചരണത്തിന്റെയും സത്യാവസ്ഥ തിരിച്ചറിയാനും യാഥാര്‍ത്ഥ്യം കണ്ടെത്താനും പോലീസിന് ഏറെ വിയര്‍ക്കേണ്ടിവന്നു.
ട്യൂഷന് സെന്ററില്‍ പീഢനത്തിനിരയായെന്ന് പറയുന്ന പെണ്‍കുട്ടികളെ ആരേയും കണ്ടെത്താന്‍ തുടക്കത്തില്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ട്യൂഷന് സെന്റര്‍ ഉടമ അഷ്കറിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. സ്റ്റേഷനില്‍ ഹാജരായ അഷ്കറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട് നഗര ഹൃദയത്തില്‍ പുറം ലോകമറിയാതെ തുടര്‍ന്നുവന്നിരുന്ന ലൈംഗിക പീഢന സംഭവങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരാനും കണ്ടെത്താനും കഴിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (ഒന്ന്) മജിസ്ട്രേട്ട് യു പി എം സുരേഷ് ബാബു, അഷ്്കറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. കേസിന്റെ പ്രാഥമിക വിവര റിപോര്‍ട്ടിലും (എഫ് ഐ ആര്) കോടതിയില്‍ സമര്‍പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലും യുവാവിന്റെ ചെയ്തികള്‍ വിശദമായി പോലീസ് നിരത്തിയിട്ടുണ്ട്.
അഷ്കറിന് വേണ്ടി ചൊവാഴ്ച തന്നെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിക്കപ്പെട്ടിരുന്നു. അഡ്വ. മണികണ്ഠനാണ് അഷ്കറിന് വേണ്ടി കോടതിയില്‍ ഹാജരായത്. ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. സമ്പന്ന കുടുംബാംഗമാണ് അഷ്കര്‍.
Keywords: Kanhangad, Kasaragod, Kerala, Rape, Case, Molestation, Student, Tution centre
Related News:
Related News:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.