E P Jayarajan | എസ്ഡിപിഐ പിന്‍തുണ സ്വീകരിച്ചതിലൂടെ കോണ്‍ഗ്രസിന്റെ വര്‍ഗീയ മുഖം തെളിഞ്ഞുവെന്ന് ഇ പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിക്കുന്ന നിലപാട് പ്രതികളായ ആര്‍ എസ് എസുകാരെയും ആര്‍ എസ് എസിന്റെ കൊലപാതക രാഷ്ട്രീയത്തെയും വെള്ളപൂശുന്നതാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആരോപിച്ചു.

വിധി ന്യായത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാതെ സംസ്ഥാന സര്‍കാറിനെ വിമര്‍ശിക്കാനെന്ന പേരില്‍ വിധിയെ സതീശന്‍ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയുമാണ്. വിധിപ്പകര്‍പ് വായിച്ചാല്‍, സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും ഈ വിധിന്യായത്തെ ന്യായീകരിക്കാനാകില്ല. കേസില്‍ അപീല്‍ സാധ്യതയില്ല എന്നെല്ലാമുള്ള പരാമര്‍ശത്തിലൂടെ വിധിയെ അപ്പാടെ അംഗീകരിക്കുന്ന നടപടി അപലപനീയവുമാണ്.

കേസിന്റെ ഒരു ഘട്ടത്തിലും പൊലീസിനോ പ്രോസിക്യൂഷനോ സര്‍കാറിനോ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. സംഭവം നടന്ന് നാല് ദിവസത്തിനകം മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ്പി ശ്രീനിവാസന്‍, ഡിവൈഎസ്പി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിവിദഗ്ധമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയതും കുറ്റപത്രം തയ്യാറാക്കിയതും.

അറസ്റ്റിലായ അന്ന് മുതല്‍ വിധി വരുന്നത് വരെ ഏഴു വര്‍ഷം വിചാരണ തടവുകാരായി ജയിലില്‍ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സര്‍കാരിന്റെയും പ്രോസിക്യൂഷന്റെയും കര്‍ശന ഇടപെടലുകള്‍ കാരണമാണ് ജാമ്യം ലഭിക്കാതിരുന്നത്. 90 ദിവസം തികയുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പിച്ചതിനാല്‍ വിധി വരുന്നത് വരെ പുറത്തിറങ്ങാനുള്ള എല്ലാ അവസരവും ഇല്ലാതാക്കി.

റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യ പ്രകാരമാണ് മുതിര്‍ന്ന അഭിഭാഷകനും മികച്ച ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളുമായ അഡ്വ. അശോകനെ സ്‌പെഷ്യല്‍ പ്രോസിക്യൂടറായി നിയമിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന, അഡ്വ. ഷാജിത്തിന് കേസ് ചുമതല നല്‍കിയതും റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ്. 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒരാള്‍ പോലും കൂറുമാറിയില്ല. 375 രേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 87 സാഹചര്യ തെളിവുകളും, 124 മേല്‍ക്കോടതി ഉത്തരവുകളും സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ കോടതിയില്‍ ഹാജരാക്കി. കേസന്വേഷണത്തിലും, വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലര്‍ത്തിയത്. അതില്‍ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മര്‍ഥയേയും അര്‍പണബോധത്തെയും റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുമുണ്ട്.

പ്രതികള്‍ ആര്‍ എസ് എസുകാറെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. കേസിലെ വിധിയുമായി അതിന് എന്ത് ബന്ധം. മറ്റെല്ലാ തെളിവുകളും സ്പഷട്മായി ഉണ്ടായിട്ടും ആര്‍ എസ് എസുകാര്‍ എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട് കുറ്റവാളികള്‍ കുറ്റവാളികള്‍ അല്ലാതാകില്ലല്ലോ? ഒരു തരത്തിലും പ്രതികളെ വിട്ടയക്കാന്‍ സാധ്യതയില്ലാത്ത കേസ്. ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ ശരിവെച്ചില്ല. ഇത് ഭയവും ഉത്കണ്ഠയും ഉളവാക്കുന്നതാണ്.

സര്‍കാര്‍ ഈ കേസില്‍ പുലര്‍ത്തിയ ജാഗ്രതയേയും ആത്മാര്‍ഥതയേയും അര്‍പണബോധത്തേയും വിധി വന്ന ശേഷവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും വി ഡി സതീശന്‍ ഉള്‍പെടെയുള്ളവര്‍ പുകമറ സൃഷ്ടിക്കുകയാണ്. ഇങ്ങനെ പുകമറ സൃഷ്ടിച്ചും കൊലപാതകികളെ വിട്ടയച്ചതിനെ ന്യായീകരിച്ചും ആര്‍ എസ് എസുകാര്‍ക്ക് ഒത്താശ ചെയ്യുന്ന ഇത്തരം നടപടികള്‍ അങ്ങേയറ്റം അപലപനീയമാണ്.

നിരോധിത ഭീകര സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ പുതിയ രൂപമായ എസ് ഡി പി ഐയുടെ പിന്തുണ നേടിയതിലൂടെ കോണ്‍ഗ്രസിന്റെ വര്‍ഗീയ മുഖമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരോധിത സംഘടനക്ക് പിന്നാലെ പോയത് അപകടകരമായ രാഷ്ട്രീയമാണ്. ന്യൂനപക്ഷങ്ങളില്‍ നിന്നും യു ഡി എഫിനെതിരെ ഉയര്‍ന്നുവന്ന വികാരത്തെ തണുപ്പിക്കാനാണ് തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചത്. മുസ്ലീം ജനവിഭാഗമാകെ തീവ്രവാദ പക്ഷത്താണ് എന്ന് ചിത്രീകരിക്കാനേ ഇത്തരം നീക്കം ഉപകരിക്കൂ. മുസ്ലീം ജനവിഭാഗം ഈ അവിശുദ്ധ കൂട്ടുകെട്ടിനെ അംഗീകരിക്കില്ല.

E P Jayarajan | എസ്ഡിപിഐ പിന്‍തുണ സ്വീകരിച്ചതിലൂടെ കോണ്‍ഗ്രസിന്റെ വര്‍ഗീയ മുഖം തെളിഞ്ഞുവെന്ന് ഇ പി ജയരാജന്‍


ഒരു വശത്ത് എസ് ഡി പി ഐയുമായും മറുവശത്ത് ആര്‍ എസ് എസുമായും കൈകോര്‍ക്കുന്ന അവിശുദ്ധ രാഷ്ട്രീയമാണ് കാണുന്നത്. പൈവളിഗെയില്‍ ബി ജെ പി അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണച്ചു. കാലികറ്റ് സര്‍വകലാശാലക്ക് പിന്നാലെ കണ്ണൂര്‍ സര്‍വകാല സെനറ്റിലേക്കും സര്‍വകലാ ശാല പാനല്‍ അട്ടിമറിച്ച്. കോണ്‍ഗ്രസുകാരെയും ആര്‍ എസ് എസുകാരെയും ഗവര്‍ണ്ണര്‍ തിരുകിക്കയറ്റിയതും ഇവര്‍ തമ്മിലുള്ള ഒത്തുകളിയാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നടപടികളില്‍ ഉള്‍പെടെ കോണ്‍ഗ്രസും ബി ജെ പിയും ഒറ്റക്കെട്ടാണ്. ഇങ്ങനെ അപ്പുറത്തും ഇപ്പുറത്തുമുള്ള വര്‍ഗീയ-തീവ്രവാദ സംഘടനകളെ ചേര്‍ത്തുനിര്‍ത്തുന്ന നെറികെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Communal Face, Congress, BJP, SDPI, CPM, Criticism, Revealed, Case, Family, Police, Accept, Support, E P Jayarajan, Riyas Moulavi Murder Case, Communal face of Congress has been revealed by accepting the support of SDPI says E P Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia