Approval | സംസ്ഥാനത്തിന്റെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരം; 10 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും

 
Coastal Conservation Plan Approved for Kerala; Benefits 1 Million

Photo Credit: Ministry of Environment, Forest & Climate Change, Government of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പത്ത് ജില്ലകളിലെ 10 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആനുകൂല്യം
● 66 പഞ്ചായത്തുകളില്‍ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ക്ക് ഇളവ്

തിരുവനന്തപുരം: (KVARTHA)  സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് അനുമതി നല്‍കിയത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരമേഖലയ്ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്.

Aster mims 04/11/2022

കരട് പ്ലാനിന്റെ ആനുകൂല്യം പൂര്‍ണ്ണമായി ലഭിക്കുവാന്‍ 10 തീരദേശ ജില്ലകളില്‍ പൊതുജനാഭിപ്രായം കൂടി തേടിയിരുന്നു. ഇതില്‍ ലഭിച്ച 33,000-ത്തോളം പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കരട് പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചെന്നൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റിന് (ചഇടഇങ) കൈമാറിയിരുന്നു. പ്രസ്തുത സ്ഥാപനം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയ കരട് തീരദേശ പരിപാലന പ്ലാന്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. പഞ്ചായത്തുകളുടെ സോണ്‍ മാറ്റം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മിക്കതും അംഗീകരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് പ്രധാന നേട്ടമാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളില്‍ ഇളവ് നേടിയെടുക്കാന്‍ അംഗീകാരം ലഭിച്ചതോടെ കഴിഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകള്‍ക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടു വിച്ചിരുന്നു. ഈ ഇളവുകള്‍ പൂര്‍ണ്ണമായും സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഒരു മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കിയത്.


തീരദേശപരിപാലന നിയമ പ്രകാരം ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള മേഖലയാണ് CRZ II. കേന്ദ്രം, മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പരിധിയില്‍ വരുന്ന സ്ഥലങ്ങളെയാണ് CRZ II-ല്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജ്യത്തിന്റെ മറ്റു തീരദേശ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസാന്ദ്രതയുടെ കാര്യത്തിലും, അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിലും സംസ്ഥാനത്തെ തീരദേശ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഏറെക്കുറെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസ്വഭാവമുള്ളവയാണ്. 

പഞ്ചായത്തുകളെ CRZ II-ല്‍ ഉള്‍പ്പെടുത്താത്ത സാഹചര്യമുണ്ടായാല്‍ അത് സംസ്ഥാനത്തിന് വളരെയധികം ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 175 പഞ്ചായത്തുകളെ Legally Designated Urban Area-കളായി വിജ്ഞാപനം ചെയ്യുകയും CRZ II ഗണത്തില്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനുള്ള അംഗീകാരമായി 2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നഗരസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ 66 തീരദേശ പഞ്ചായത്തുകളെ 2019-ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം കടുത്ത നിയന്ത്രണമുണ്ടായിരുന്ന സോണ്‍-കകകല്‍ നിന്നും സോണ്‍-II ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ജന സാന്ദ്രതയുള്ള പഞ്ചായത്തുകളെ, പുതുതായി 2019-ലെ തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുത്തിയ CRZ III A എന്ന വിഭാഗത്തിലും, അതില്‍ കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ CRZ III B വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

CRZ III A യിലെ വികസന നിഷിദ്ധ മേഖല നിലവിലുള്ള 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. കേരളത്തിലെ 31 പഞ്ചായത്തുകളെ CRZ III A കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 20 പഞ്ചായത്തുകള്‍ CRZ II കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ 11 പഞ്ചായത്തുകളാണ് CRZ III A കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഉള്‍നാടന്‍ ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ വരെയായി കുറയ്ക്കുകയും പ്രസ്തുത 50 മീറ്റര്‍ വരേയോ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് അതുമാത്രം വികസന നിഷിദ്ധ മേഖലയായി മാറ്റുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല ബാധകമല്ല. 

കേന്ദ്രസര്‍ക്കാറിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുന്നതോടെ 300 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് നിര്‍മ്മാണാനുമതി നേടാനാകും.

CRZ II മേഖലയില്‍ 1991ന് മുമ്പ് നിലവിലുണ്ടായിരുന്ന Floor Space Index (FSI) ആയിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നത്. ഈ കടുത്ത നിയന്ത്രണത്തില്‍ നിന്നും പുതിയ പ്ലാന്‍ നിലവില്‍ വരുന്നതോടെ ഇപ്പോള്‍ നില നില്‍ക്കുന്ന FSI നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

പൊക്കാളി, കൈപ്പാട് കൃഷിപ്പാടങ്ങളില്‍ 1991-ന് മുമ്പുള്ള ബണ്ട് വേലിയേറ്റ രേഖയായി കണക്കാക്കി തീരദേശ നിയമ നിയന്ത്രണങ്ങള്‍ വേലിയേറ്റരേഖ വരെയാക്കി ചുരുക്കിയിട്ടുണ്ട്. ഈ നടപടി ആയിരക്കണക്കിന് കൃഷിക്കാര്‍ക്ക് നേട്ടമാകും. സ്വകാര്യ ഭൂമിയിലെ കണ്ടല്‍ക്കാടുകള്‍ക്ക് ബഫര്‍ സോണ്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

#KeralaCoastalPlan #Environment #SustainableDevelopment #CoastalZones #CRZ #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia