ശുഐബ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല, ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്ന് മുഖ്യമന്ത്രി; പിണറായിക്ക് ഭ്രാന്തെന്ന് കെ സുധാകരന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.02.2018) മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഐബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കൊലപാതകത്തില്‍ ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം കുറ്റമറ്റതാണ്, പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പ്രതിയായിരുന്ന നാല്‍പാടി വാസു വധവും മുഖ്യമന്ത്രി സഭയില്‍ പരാമര്‍ശിച്ചു. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്നായിരുന്നു കെ.സുധാകരന്റെ പ്രതികരണം.

  ശുഐബ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല, ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്ന് മുഖ്യമന്ത്രി; പിണറായിക്ക് ഭ്രാന്തെന്ന് കെ സുധാകരന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് സമചിത്തത നഷ്ടപ്പെട്ടുവെന്നും സുധാകരന്‍ ആരോപിച്ചു. ശുഐബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ അന്വേഷണം നടത്തുന്നില്ലെന്ന നിലപാട് തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇത് താന്‍ പ്രതീക്ഷിച്ചിരുന്നതാണ്. ശുഐബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പങ്ക് വെളിപ്പെടുമെന്ന് കണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നത്. നേതൃത്വം അറിയാതെ ആകാശ് തില്ലങ്കേരിയെപ്പോലുള്ളവര്‍ ഇത്തരം കൊലപാതകങ്ങള്‍ ചെയ്യില്ല. ഭാവി സമര പരിപാടികള്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. മരണം വരെ സത്യാഗ്രഹം കിടക്കാന്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ശുഐബ് കേസില്‍ പിടിയിലുള്ളതു ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നീതിപൂര്‍വമായ അന്വേഷണമാണു നടക്കുന്നത്. രണ്ടു പേരാണു ശുഐബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016ല്‍ ഏഴായിരുന്നത് 2017ല്‍ രണ്ടായെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ശുഐബ് വധത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫാണ് ശുഐബ് വധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതിനിടെ ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്കു കടന്നു.

വിറകുകീറുന്നതു പോലെയാണു മനുഷ്യശരീരം വെട്ടിമുറിച്ചതെന്നു സണ്ണി ജോസഫ് പറഞ്ഞു. ശുഐബിനെ കൊല്ലിച്ചവരെയും പിടിക്കണം. മുഖ്യമന്ത്രി കൊലപാതകം നിസാരവല്‍ക്കരിക്കുകയാണ്. പോലീസില്‍നിന്ന് രഹസ്യങ്ങള്‍ ചോരുന്നുവെന്ന് ഐജി തന്നെ പറഞ്ഞത് അതീവ ഗൗരവതരമാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദനു ടി.പി.ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ആകാശ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പി.ജയരാജനെ വാഴ്ത്തുന്ന ആല്‍ബത്തിലും ആകാശ് അഭിനയിച്ചിട്ടുണ്ട്. നന്മയുടെ പൂമരമോ അതോ തിന്മയുടെ പാഴ്മരമാണോ ജയരാജനെന്നു വിലയിരുത്തണം. കണ്ണൂരില്‍ 208 രാഷ്ട്രീയ അക്രമ കേസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM rules out CBI probe in Shuhaib murder case, Thiruvananthapuram, News, Politics, Murder case, Pinarayi vijayan, CBI, Probe, Allegation, Media, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia