'കേരളത്തിന്റെ സമാധാനം തകർക്കാൻ ശ്രമം; പോലീസ് നടപടിക്ക് ആരുടെയും അനുവാദം വേണ്ട': മുഖ്യമന്ത്രി


● ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാകാൻ പാടില്ല.
● സാമൂഹ്യവിരുദ്ധ ശക്തികളെ ഇല്ലാതാക്കാൻ ജനങ്ങളുമായി സഹകരിക്കും.
● പോലീസ് സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.
● സംസ്ഥാനത്ത് 13 പദ്ധതികളുടെ ഉദ്ഘാടനവും ഏഴ് പദ്ധതികളുടെ ശിലാസ്ഥാപനവും നടത്തി.
കണ്ണൂർ: (KVARTHA) ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഒരു സംഭവവും നാട്ടിലുണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസിൻ്റെ, കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമാണം പൂർത്തിയാക്കിയതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ മൊത്തത്തിലുള്ള സാഹചര്യം പരിശോധിച്ചാൽ എല്ലാ അർഥത്തിലും ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഈ അന്തരീക്ഷം മലിനമാക്കാൻ ചില ഭാഗങ്ങളിൽ നിന്ന് ബോധപൂർവമായ ശ്രമങ്ങളുണ്ടാകുന്നുണ്ട്. ഇതിന് രാഷ്ട്രീയത്തിൻ്റെ നിറം മാത്രമല്ല, പലപ്പോഴും മതത്തിൻ്റെ നിറം കൂടിയുണ്ട്.
വരും നാളുകളിൽ ഇതിൻ്റെ തീവ്രത കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ, വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന 'ഇരുട്ടിന്റെ ശക്തികൾക്കെതിരെ' പോലീസിൻ്റെ ഭാഗത്തുനിന്ന് നിതാന്ത ജാഗ്രതയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി പോലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ഇത് ആർക്കും ബോധ്യപ്പെടും.
'പോലീസ് സ്റ്റേഷൻ' എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന പഴയ സങ്കൽപ്പം പൂർണമായും മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാൻ കസേരയുണ്ട്, സഹായിക്കാൻ ഹെൽപ്പ് ഡെസ്‌കുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഉപകാരപ്പെടുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളെല്ലാം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും കേരള പോലീസ് ഏറെ മുന്നിലാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊർജ്ജസ്വലരായ ചെറുപ്പക്കാർ ഇന്ന് ധാരാളമായി നമ്മുടെ സേനയിലേക്ക് കടന്നുവരുന്നുണ്ട്.
ഇതൊക്കെ പോലീസിൻ്റെ കാര്യക്ഷമത വർധിക്കാൻ കാരണമായിട്ടുണ്ട്. സാങ്കേതിക മേഖലയിൽ കഴിവും യോഗ്യതയുമുള്ളവർ സേനയുടെ ഭാഗമായതോടെ പുതിയ തലമുറ തട്ടിപ്പുകൾ പോലും ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കുന്നുണ്ട്.
ഇത്തരം വിഭവ ശേഷി ഉപയോഗിച്ച് പോലീസ് സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമായ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചു എന്നതാണ് സർക്കാരിൻ്റെ പ്രധാന നേട്ടങ്ങളിലൊന്ന്. കർത്തവ്യ ബോധത്തിൽ ഊന്നിനിന്ന് ജനസൗഹൃദപരമായി പ്രവർത്തിക്കാൻ കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരു തരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ല.
അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് യാതൊരു തടസ്സമോ സമ്മർദ്ദമോ ഇല്ല. സാമൂഹ്യ വിരുദ്ധ ശക്തികളെ തിരിച്ചറിയുന്നതിനും, ലഹരി മാഫിയയെ ഇല്ലാതാക്കുന്നതിനും, വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ ഏറെ ഉപകാരപ്രദമാണെന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ പോലീസിംഗ് സംവിധാനം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും ഏഴ് പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
കണ്ണൂരിൽ 10.17 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമിച്ച ഇൻഡോർ സ്‌പോർട്‌സ് സെൻ്റർ കം ഹാൾ, ഇടുക്കി ജില്ലയിലെ വാഗമൺ, തങ്കമണി പോലീസ് സ്റ്റേഷനുകൾ, ഇടുക്കി കൺട്രോൾ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്‌സ്, കാസർകോട് ജില്ലയിലെ മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ, ബേക്കൽ സബ് ഡിവിഷൻ ഓഫീസ്, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചിറ്റൂർ പോലീസ് സ്റ്റേഷനുകൾ, എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ കോസ്റ്റൽ പോലീസിനുവേണ്ടി നിർമിച്ച ബോട്ടുജെട്ടി എന്നിവ ഇതിൽ ഉൾപ്പെടും.
23.27 കോടി രൂപ ചെലവിലാണ് ഇവ പൂർത്തിയാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമെ, കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ, കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പോലീസ് ക്വാർട്ടേഴ്‌സുകൾ, പാലക്കാട് കൊപ്പം, കോട്ടയം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എം.എൽ.എമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. രത്നകുമാരി എന്നിവർ വിശിഷ്ടാതിഥികളായി. ഹെഡ് ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, നോർത്ത് സോൺ ഐ.ജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ് എന്നിവർ സംസാരിച്ചു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: CM Pinarayi Vijayan inaugurated new police facilities, stressing vigilance against hate speech.
#PinarayiVijayan #KeralaPolice #HateSpeech #KeralaNews #Kannur #SocialPolicing