കേരള കൗമുദി മുന്‍ ചീഫ് എഡിറ്റര്‍ എം എസ് മണി ഓര്‍മയായി; മണിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

 


തിരുവനന്തപുരം: (www.kvartha.com 18.02.2020) കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം എസ് മണി (79) അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.  ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു അന്ത്യം.

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ ഫാര്‍മക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.കസ്തൂരിബായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കലാകൗമുദി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ സുകുമാരന്‍ മണി മകനുമാണ്. കേരളകൗമുദി മുന്‍ റെസിഡന്റ് എഡിറ്റര്‍ എസ് ഭാസുരചന്ദ്രനാണ് മരുമകന്‍. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.

കേരള കൗമുദി മുന്‍ ചീഫ് എഡിറ്റര്‍ എം എസ് മണി ഓര്‍മയായി; മണിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കേരളകൗമുദി'ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബര്‍ നാലിന് കൊല്ലം ജില്ലയിലായിരുന്നു എം എസ് മണിയുടെ ജനനം. ഒരു ആനുകാലിക പ്രസിദ്ധീകരണമായി 'കേരളകൗമുദി' ആരംഭിച്ച മുത്തച്ഛന്‍ സി വി കുഞ്ഞുരാമന്റെ സ്നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തില്‍ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. സിവിയുടെ ഇളയ സഹോദരി ഗൗരിക്കുട്ടിയും അദ്ദേഹത്തിന്റെ അനന്തരവള്‍ സി എന്‍ സുഭദ്രയുമായിരുന്നു അന്ന് പാട്ടത്തില്‍ വീട്ടില്‍ താമസിച്ചിരുന്നത്.

നാലര വയസായപ്പോള്‍ മണിയെ മാതാപിതാക്കള്‍ തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവന്നു. പേട്ട ഗവ. സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പഴയ ഇന്റര്‍മീഡിയറ്റ് കോളജില്‍ (ഇപ്പോഴത്തെ ഗവ. ആര്‍ട്‌സ് കോളജ്) നിന്ന് പ്രീ - യൂണിവേഴ്‌സിറ്റി പാസായ ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി.

വിദ്യാഭാസകാലത്തുതന്നെ കേരളകൗമുദിയുടെ ലേഖകനായി പ്രവര്‍ത്തിച്ച എം എസ് മണി ബിരുദ പഠനശേഷം ഡെല്‍ഹി ലേഖകനായി ചുമതലയേറ്റു. നാലുവര്‍ഷം പാര്‍ലമെന്റ് ലേഖകനായിരുന്നു. 1962-ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി അവിടെ നിന്ന് യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തു.

അക്കാലത്ത് കേന്ദ്രമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായി, ജഗജ്ജീവന്റാം, വി കെ കൃഷ്ണമേനോന്‍, എ ബി വാജ്പേയി, എല്‍ കെ അദ്വാനി, എസ് കെ പാട്ടീല്‍, കമലാപതി ത്രിപാഠി, ഷംനാദ് എന്നിവരുമായും മന്നത്തു പത്മനാഭന്‍, ആര്‍ ശങ്കര്‍, ഇ എം എസ്, എ കെ ഗോപാലന്‍, രാജ് നാരായണ്‍, സുബ്രഹ്മണ്യസ്വാമി, സി കെ ഗോവിന്ദന്‍ നായര്‍ എന്നിവരുമായും നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയകാരണങ്ങളാല്‍ കേരളകൗമുദിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്ന എം എസ് മണി 'കലാകൗമുദി' വാരിക ആരംഭിച്ചു. മലയാളിയുടെ ചിന്താധാരയെ സ്വാധീനിച്ച ആ പ്രസിദ്ധീകരണം വലിയൊരു പ്രസിദ്ധീകരണ ശൃംഖലയായി വളര്‍ന്നു. ആറ് പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ 'കലാകൗമുദി' കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്.

മുംബൈയില്‍ നിന്ന് 1990ല്‍ മലയാളത്തില്‍ ആരംഭിച്ച 'കലാകൗമുദി' ദിനപത്രം കേരളത്തിന് പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമെന്ന ഖ്യാതിയും സ്വന്തമാക്കി. അമേരിക്കയിലെ ഗ്രാന്റ് കാനിയനെ വര്‍ണിക്കുന്ന 'സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു' (1970) എന്ന യാത്രാവിവരണമാണ് മണിയുടെ ആദ്യ കൃതി.

കേരള സര്‍ക്കാരിന്റെ അറിവോടെ കോട്ടയത്തെ ക്രൈസ്തവ പ്രമാണികള്‍ വനം കൊള്ളയടിച്ചത് തുറന്നുകാട്ടിയ 'കാട്ടുകള്ളന്മാര്‍' (1974) ആണ് രണ്ടാമത്തെ പുസ്തകം. കാട്ടുകള്ളന്മാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ രേഖകള്‍ ഉദ്ധരിച്ച ഈ റിപ്പോര്‍ട്ട് മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനശാഖയുടെ തുടക്കമായി വിലയിരുത്തപ്പെടുന്നു.

ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഈ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുണ്ടായതിനെ തുടര്‍ന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടപെട്ടാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കേരളകൗമുദിക്കെതിരെ സര്‍ക്കാര്‍ കൊടുത്ത കേസ് പിന്‍വലിപ്പിച്ചത്.

ശിവഗിരി ചവിട്ടിപ്പൊളിക്കുന്നതിന് നേതൃത്വം കൊടുത്ത ദുഷ്ടശക്തികളെ നിലംപരിശാക്കുന്നതിനും ശിവഗിരിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിനും നടത്തിയ ആ ശ്രമങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശിവഗിരിക്കുമുകളില്‍ തീമേഘകള്‍ (1995) എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

പരേതരായ എം എസ് മധുസൂദനന്‍, എം എസ് ശ്രീനിവാസന്‍, എം എസ് രവി എന്നിവരാണ് സഹോദരങ്ങള്‍. 'കേരളകൗമുദി' ചീഫ് എഡിറ്റര്‍ ദീപു രവി, മാനേജിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ സഹോദരപുത്രന്മാരാണ്.

അതേസമയം എം എസ് മണിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തില്‍ നിന്നും;

മലയാള മാധ്യമ രംഗത്തെ അതികായനായ എം എസ് മണിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിനും സമൂഹത്തിനും അമൂല്യമായ സംഭാവനകളാണ് നല്‍കിയത്.

പത്രലേഖകനില്‍ തുടങ്ങി പത്രാധിപരില്‍ എത്തിയ അദ്ദേഹം മാധ്യമ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ഉചിതമായ അംഗീകാരമാണ്  ഇത്തവണത്തെ  സ്വദേശാഭിമാനി-കേസരി  പുരസ്‌കാരം.

കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക മേഖലകളില്‍ ഉയര്‍ന്നു വന്ന പല പ്രശ്‌നങ്ങളിലും ശക്തമായ  നിലപാടെടുക്കാന്‍ എം എസ് മണിക്ക് കഴിഞ്ഞിരുന്നു. വിയോജിപ്പുള്ള ഘട്ടങ്ങളിലും എല്ലാവരുമായും  ഊഷ്മളമായ സ്‌നേഹബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

സാഹിത്യ രംഗത്തു പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കലാ കൗമുദിയുടെ നേതൃത്വത്തിലിരുന്ന് അദ്ദേഹം സദാ ഇടപെട്ടിരുന്നു. അനേകം മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും എം എസ് മണിയുടെ സംഭാവന വലുതാണ്.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Keywords:  C M Pinarayi  Vijayan condolence to M S Mani, Thiruvananthapuram, News, Message, Media, Award, Chief Minister, Pinarayi vijayan, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia