Criticized | ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചു: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും


വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുന്നു
ജി എസ് ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ
തിരുവനന്തപുരം: (KVARTHA) മൂന്നാം മോദി സര്‍കാരിന്റെ (Modi Govt) ആദ്യ സമ്പൂര്‍ണ ബജറ്റിനെതിരെ (Budget) രൂക്ഷവിമര്‍ശനങ്ങളുമായി (Criticized) മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും (CM Pinarayi Vijayan and VD Satheesan) അടക്കമുള്ള നേതാക്കള്‍. ഒറ്റ നോട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം (Discriminatory approach) കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Finance Minister Nirmala Sitharaman) പാര്‍ലമെന്റില്‍ (Parliament) അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ പ്രാധാന്യമുള്ള എട്ട് ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയര്‍ത്തിയ സുപ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ ആവര്‍ത്തിച്ച് ഉന്നയിക്കാന്‍ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്.
കേരളത്തിന്റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണന നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാര്‍ഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും എന്നും മുഖ്യമന്ത്രി ചോദിച്ചു. വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അതില്‍ സാമ്പത്തിക ചെലവുണ്ട്. ഇത്തവണ നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്‌ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.
ജി എസ് ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമാക്കാനാണ് ബജറ്റില്‍ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളില്‍ കാണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ 2002 - 23ല്‍ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കില്‍ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്.
പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍ പദ്ധതിയില്‍ 2002- 23 ല്‍ 12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022- 23 ല്‍ 90, 806 കോടി രൂപ വകയിരുത്തിയെങ്കില്‍ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തിയായ പ്രതിഷേധം അറിയിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ അവഗണനയ്‌ക്കെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായ സമന്വയമുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.
അതേസമയം ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് ബജറ്റിനെതിരെയുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്നും ബജറ്റില്‍ ദേശീയ കാഴ്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം ഇല്ലാതാക്കി. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും സാധാരണക്കാരെ മറന്നുകൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ് മൂന്നാം മോദി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഈ ബജറ്റിലൂടെ വ്യക്തമായി. കോര്‍പറേറ്റ് നികുതി കുറച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതിദായകര്‍ക്ക് ഇളവുകള്‍ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീമില്‍ പേരിനു മാത്രമുള്ള ഇളവുകളാണ് നല്‍കിയത്. ഭവന വായ്പയുള്ള ആദായ നികുതിദായകര്‍ക്ക് യാതൊരു പ്രയോജനവുമില്ല. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് പ്രകടനപത്രികയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവാക്കള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അതില്‍ നിന്നും കടമെടുത്തത്.
കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തില്‍നിന്നും ബിജെപി എംപിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്തെ കൂടുതല്‍ പരിഗണിക്കുമെന്ന പ്രചാരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നുവെന്നും സതീശന്‍ പറഞ്ഞു.