Chief Minister | കേരളത്തിന് ഇത് അഭിമാനകരമായ നിമിഷം; ഇന്‍ഡ്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതല്‍ക്കൂട്ടാകാന്‍ പോകുന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം:(KVARTHA) കേരളത്തിന് ഇത് അഭിമാനകരമായ നിമിഷം, ഇന്‍ഡ്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതല്‍ക്കൂട്ടാകാന്‍ പോകുന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം സ്വാഗതം ചെയ്തു. മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ തുടക്കം മുതല്‍ക്കുതന്നെ സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുപോലെ ഒരു ചടങ്ങില്‍ നില്‍ക്കുമ്പോള്‍ ആറ് ദശാബ്ദം മുമ്പ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച ഡോക്ടര്‍ വിക്രം സാരാഭായിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.

Chief Minister | കേരളത്തിന് ഇത് അഭിമാനകരമായ നിമിഷം; ഇന്‍ഡ്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതല്‍ക്കൂട്ടാകാന്‍ പോകുന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
 

അതേസമയം തന്നെ തുമ്പ എന്ന ഈ ചെറിയ ഗ്രാമത്തില്‍ അതിനായി സ്ഥലം ലഭ്യമാക്കിയ ഇവിടുത്തെ ജനങ്ങളെയും അവര്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ ബിഷപ് പെരേരയെ പോലുള്ള സഭാ നേതാക്കളെയും നന്ദിയോടെ സ്മരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്ന് ഒഴിഞ്ഞുപോകുന്നത് തങ്ങളുടെ ഉപജീവന മാര്‍ഗ്ഗത്തിന് വെല്ലുവിളി ആകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അന്ന് ഇവിടുത്തെ പ്രദേശവാസികള്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തിന്റെ മുന്നേറ്റത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത്.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന സംവിധാനങ്ങളില്‍ ഒരെണ്ണമാണ് ഇവിടെ വി എസ് എസ് സിയില്‍ ഉള്ളത്, ട്രൈസോണിക് വിന്‍ഡ് ടണല്‍. ഈ സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് ഫെസിലിറ്റി ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇത് ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ വരെ വായുവിനെ സഞ്ചരിപ്പിക്കാന്‍ ശേഷിയുള്ള യന്ത്രമാണ്. റോക്കറ്റുകളുടെ വിക്ഷേപണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ഇതിലൂടെ ചെയ്യാന്‍ കഴിയുക. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ശൈശവ ദശയില്‍ തൊട്ടേ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തില്‍ത്തന്നെ നമ്മുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ഗതിവേഗം കൂട്ടുകയും ഗുണമേന്മ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനു തുടക്കമാകുന്നു എന്നത് നാടിനാകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പൊതുവായ വികസനത്തില്‍ കേരളം നല്‍കുന്ന മികച്ച പിന്തുണയുടെ ഉദാത്തമായ ദൃഷ്ടാന്തമാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മെയ്ഡ് ഇന്‍ കേരള മാറുന്നതിന്റെ ഉദാഹരണവുമാണിത്. ചന്ദ്രയാന്‍ 3 മിഷനിലും ആദിത്യ മിഷനിലും കേരളത്തില്‍ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് പൊതുമേഖലാ സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളും പങ്കാളികളായിട്ടുണ്ട്. ആ നിലയ്ക്ക് ഇന്ത്യയുടെ യശസ്സ് അക്ഷരാര്‍ത്ഥത്തില്‍ വാനോളം ഉയര്‍ത്തുകയാണ് കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍, പ്രത്യേകിച്ച് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍.

മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ഗഗന്‍യാന്‍ എന്ന ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണത്തില്‍ രാജ്യം ഏര്‍പ്പെട്ടിരിക്കുന്ന ഘട്ടമാണിത്. അതിന് വലിയ മുതല്‍ക്കൂട്ടാകും ഉദ്ഘാടനം ചെയ്യപ്പെടുന്ന വി എസ് എസ് സിയിലെ ട്രൈസോണിക് വിന്‍ഡ് ടണലും മഹേന്ദ്ര ഗിരിയിലെ സെമി ക്രയോജെനിക് ഇന്റഗ്രേറ്റഡ് എഞ്ചിന്‍ ആന്‍ഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റിയും ശ്രീഹരിക്കോട്ടയിലെ പി എസ് എല്‍ വി ഇന്റഗ്രേഷന്‍ ഫെസിലിറ്റിയും. ഈ മൂന്ന് സംവിധാനങ്ങളും മൂന്ന് സംസ്ഥാനങ്ങളിലായാണ് നിലകൊള്ളുന്നത്. എന്നാല്‍ ഇവ രാജ്യത്തിന്റെ പൊതുവായ മുന്നേറ്റത്തിനാണ് വഴിവെക്കുക. ആ നിലയ്ക്ക് രാഷ്ട്ര പുരോഗതിക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന വലിയ സംഭാവനയുടെ ദൃഷ്ടാന്തം കൂടിയാവുകയാണ് ഈ ഉദ്ഘാടന പരിപാടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മൂന്ന് സംവിധാനങ്ങള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവ മൂന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത ശാസ്ത്രജ്ഞരെയും ഉദ്യോസ്ഥരെയും തൊഴിലാളികളെയും അദ്ദേഹം അഭിവാദ്യം ചെയ്തു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ വി എസ് എസ് സിക്കും ഐ എസ് ആര്‍ ഒയ്ക്കും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Keywords:   CM Pinarayi Vijayan about Gaganyan project inauguration, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Inauguration, Gaganyan, Spice Centre, Prime Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia