WhatsApp chat | 'സ്വപ്ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു'; എം ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റ് പുറത്ത്

 


കൊച്ചി: (www.kvartha.com) നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായുള്ള വിവരം സ്വപ്നയെ അറിയിക്കുന്ന വാട്‌സാപ് ചാറ്റ് പുറത്ത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രടറി എം ശിവശങ്കറിന്റെ ചാറ്റാണ് പുറത്തായത്. ഈ ചാറ്റ് തെളിവായി ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിമാന്‍ഡ് റിപോര്‍ട് കോടതിയില്‍ സമര്‍പ്പിച്ചത്.

'നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും' - എന്നാണ് ശിവങ്കര്‍ ചാറ്റില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപോര്‍ട് സമര്‍പ്പിച്ചിരിക്കുന്നത്.

WhatsApp chat | 'സ്വപ്ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു'; എം ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റ് പുറത്ത്

ശിവശങ്കര്‍-സ്വപ്ന വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്ന ചാറ്റ് ഇഡി സമര്‍പ്പിച്ചതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്. റിമാന്‍ഡ് റിപോര്‍ടില്‍ ചേര്‍ത്തിരിക്കുന്ന വാട്‌സ് ആപ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു മുമ്പുള്ള മൂന്നു ദിവസം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. എന്നാല്‍ കൂടുതല്‍ സമയവും മൗനം പാലിച്ച ശിവശങ്കര്‍, ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതി അഞ്ച് ദിവസത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം അര മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിന്റെ ചാര്‍ടേഡ് അകൗണ്ടന്റ് വേണുഗോപാലിനും ഇഡി നോടിസ് നല്‍കി. വേണുഗോപാലിനെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ലോകറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനാണ് ഇതെന്നാണ് സൂചന.

നേരത്തെ, കേസുമായി ബന്ധപ്പട്ട മറ്റു ചില വാട്‌സ് ആപ് ചാറ്റുകളുടെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. കോഴപ്പണം എത്തിയതിന്റെ തലേന്ന് സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയ വാട്‌സാപ് ചാറ്റാണ് സുപ്രധാന തെളിവായി റിമാന്‍ഡ് റിപോര്‍ടില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും, എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ എല്ലാം അവര്‍ നിന്റെ തലയില്‍ ഇടുമെന്നും ചാറ്റില്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സന്തോഷ് ഈപ്പന് നിര്‍മാണ കരാര്‍ നല്‍കാന്‍ മുന്നില്‍ നിന്നത് ശിവശങ്കറാണെന്നും റിപോര്‍ടിലുണ്ട്.

Keywords: ' CM asked to give Swapna job': ED submits Sivasankar's WhatsApp chat in court, Kochi, News, Report, Court, Remanded, Custody, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia