Criticism | വിദ്യാഭ്യാസത്തിൽ മാത്രമല്ല കേരളത്തിന്റെ നിലനിൽപ്പിന് ഈ സാക്ഷരതയും അനിവാര്യം! നടപ്പിലാക്കാൻ രാഷ്ട്രീയ നേതൃത്വവും പരാജയപ്പെടുന്നു 

 
climate crisis keralas tragedy highlights leadership failu

Photo Credit: Facebook /District Information Office Wayanad

വയനാട്ടിലെ ദുരന്തം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ വെളിപ്പെടുത്തിയിരിക്കുന്നു

അർണവ് അനിത 

(KVARTHA) വയനാട്ടിലുണ്ടായ ദുരന്തം വിവരണത്തിനും അതീതമാണ്. നാനൂറിലധികം പേര്‍ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തു. മരണസംഖ്യ എത്രയാണെന്ന് കൃത്യമായി തിട്ടപ്പെടുത്താനാകാത്ത സ്ഥിതിവിശേഷമാണുള്ളത്. പുനരധിവാസത്തിനും ദുരന്തത്തിനിരയായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സര്‍ക്കാരും സന്നദ്ധപ്രവര്‍ത്തകരും നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. ക്രൗഡ് ഫണ്ടിംഗും സാലറി ചലഞ്ചും നല്ലത് തന്നെ. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നമായ കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ഇതൊന്നും പര്യാപ്തമല്ല. ഭരണനേതൃത്വമോ, രാഷ്ട്രീയ നേതൃത്വങ്ങളോ ഇത് സംബന്ധിച്ച കാര്യങ്ങളിലേക്ക് ഗൗരവമായി കടക്കുന്നില്ല. 

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളൊന്നും ഉയര്‍ന്നുവരുന്നില്ല. എല്ലാവരും അതിജീവന പാത ഒരുക്കുന്ന തിരക്കിലാണ്. സാക്ഷരതയില്‍ ഏറെ മുന്നിലായ നാം കാലാവസ്ഥാ സാക്ഷരതയിലും ഏറെ മുന്നേറേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കുറേക്കൂടി വിശാലമായ സമീപനം സ്വീകരിക്കണം. 2017 മുതല്‍ സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള അപകടസാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് യോജിച്ച് ചര്‍ച്ച നടത്തുകയും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും വേണം.

വര്‍ധിച്ച മഴയും ദുര്‍ബലമായ ഭൂപ്രദേശവും കയ്യേറ്റവും ഖനനവുമാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. സംസ്ഥാനത്ത് അസാധാരണമായ ചൂടും മഴയും അനുഭവപ്പെടുന്നതായി 2022-ല്‍ പ്രസിദ്ധീകരിച്ച കേരള കാലാവസ്ഥാ വ്യതിയാന ആക്ഷന്‍ പ്ലാന്‍ 2023-30 പറയുന്നു. കൂടാതെ, 450-ഓളം പേരുടെ ജീവനെടുത്ത 2018-ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് യുഎന്നും കേരള സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (PDNA) റിപ്പോര്‍ട്ട്, 2018 ഒക്ടോബറില്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ  ആവശ്യകതയെ അടിവരയിടുന്നു. 

2018 ജൂണിനും ഓഗസ്റ്റിനും ഇടയിലുണ്ടായ പേമാരി കേരളത്തെ സാരമായി ബാധിച്ചു, വിനാശകരമായ വെള്ളപ്പൊക്കത്തിനും 343 ഉരുള്‍പൊട്ടലിനും കാരണമായി. ഈ ദുരന്തങ്ങള്‍ 5.4 ദശലക്ഷം ആളുകളെ ബാധിക്കുകയും 1.4 ദശലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും 433 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ പരിസ്ഥിതി ലോലവും അപകടസാധ്യതയുള്ളതുമായ സമീപനം സ്വീകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ഹരിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. പുനര്‍നിര്‍മ്മാണ പ്രക്രിയ നടപ്പാക്കുന്നതിന് നിരവധി ഉയര്‍ന്ന നിലവാരമുള്ള നവീകരണങ്ങളും രാജ്യാന്തര മാതൃകകളും അതിനായി ഉള്‍പ്പെടുത്തി.

കാലാവസ്ഥാ സാക്ഷരത വ്യാപകമാക്കുന്നതും, പ്രകൃതി ദുരന്തങ്ങളുടെ ലഘൂകരണത്തിനും അവ മനസിലാക്കുന്നതിനും ഉള്ള വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ്  റിപ്പോര്‍ട്ട് ഊന്നിപ്പറഞ്ഞു. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും  കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ  പദ്ധതി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് എടുത്തു പറഞ്ഞു.  കൂടാതെ, വ്യക്തികളുടെ ഭക്ഷണക്രമം, ഗതാഗത രീതി, മൊത്തത്തിലുള്ള ജീവിതശൈലി എന്നിവയുള്‍പ്പെടെ വ്യക്തിപരമായ കാര്യങ്ങളില്‍ കാലാവസ്ഥ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ദൗര്‍ഭാഗ്യവശാല്‍, നയരൂപീകരണത്തിന് ഉത്തരവാദികളായ രാഷ്ട്രീയ നേതൃത്വമോ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥവൃന്ദമോ ഈ ശുപാര്‍ശകളിലോ ദുരന്തത്തില്‍ നിന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലോ കാര്യമായ താല്‍പര്യം കാണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചുള്ള ദുരന്തങ്ങളും വെല്ലുവിളികളും വ്യക്തമാക്കുന്നു. വേഗത്തിലും വിപുലവും ആയ കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള പ്രധാന തടസ്സങ്ങള്‍ ശാസ്ത്രമോ സാങ്കേതികവിദ്യയോ  മാത്രമല്ല; സാമൂഹികവും  അടിസ്ഥാനപരമായി രാഷ്ട്രീയവുമാണ്. ആഴത്തിലുള്ളതും വേഗത്തിലുള്ളതും സുസ്ഥിരവുമായ കാര്‍ബണ്‍ പുറംതള്ളല്‍ കൈവരിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. 

പൗരന്മാരുടെ മുന്‍ഗണനകളില്‍ ഗവണ്‍മെന്റ് എത്രമാത്രം ഇടപെടുന്നു എന്നതിനെ കാര്യമായി സ്വാധീനിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയും. രാഷ്ട്രീയക്കാര്‍ക്ക് വോട്ടര്‍മാര്‍ക്ക് വേണ്ടി ആധികാരിക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. പൊതു ആശങ്കകളെ പ്രതിനിധീകരിക്കുകയും ജനങ്ങളെ അനുനയിപ്പിക്കുകയും ചെയ്യുക, ശ്രദ്ധേയമായ ഭാവി പരിപാടികള്‍ അവതരിപ്പിക്കുക, നയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുക, നയം നടപ്പിലാക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുക എന്നിവയും രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമാണ്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സങ്കല്‍പ്പങ്ങളില്‍ ശക്തമായ ഗ്രാഹ്യമുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും ഫലപ്രദമായ നയങ്ങള്‍ നടപ്പിലാക്കുന്നതിനും കഴിയും. സങ്കീര്‍ണ്ണമായ ഡാറ്റ വിശകലനം ചെയ്യാനും റിപ്പോര്‍ട്ടുകള്‍ വ്യാഖ്യാനിക്കാനും വിദഗ്ധരുമായി ഇടപഴകാനും ശാസ്ത്രീയ സാക്ഷരത രാഷ്ട്രീയ നേതാക്കളെ സഹായിക്കും.
ഇത്  പൊതുജനങ്ങളുമായി കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ആശയവിനിമയം നടത്താനുള്ള അവരുടെ കഴിവ് മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ വിശ്വാസ്യതയും ബഹുമാനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

പരിസ്ഥിതി ശാസ്ത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ  രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ സുസ്ഥിരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും, ഇത് നിലവിലുവര്‍ക്കും ഭാവി തലമുറയ്ക്കും പ്രയോജനകരമാണ്. അതുകൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, കാലാവസ്ഥാ വ്യതിയാനത്തില്‍ അര്‍ത്ഥവത്തായ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഒരു നിര്‍ണായക ഉപകരണമാണ് ശാസ്ത്ര സാക്ഷരത.

കേരളത്തില്‍, കാലാവസ്ഥാ വ്യതിയാനത്തെ വിദൂരമായ ഒരു ആശങ്ക എന്നതിലുപരി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമായി പൂര്‍ണ്ണമായി മനസ്സിലാക്കുകയും ഗവേഷണം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയക്കാരേയുള്ളൂ. അന്തരിച്ച  കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് അത്തരത്തിലുള്ള നേതാവായിരുന്നു. പരിസ്ഥിതി വിദഗ്ധരായ മാധവ് ഗാഡ്ഗിലും കൃഷ്ണസ്വാമി കസ്തൂരിരംഗനും പശ്ചിമഘട്ട സംരക്ഷണത്തിനായി വാദിച്ചു റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയപ്പോള്‍, ഇടുക്കി എംപിയായിരുന്ന പി.ടി.തോമസ് അവരുടെ ശുപാര്‍ശകളെ പിന്തുണച്ചു.  

അതോടെ വലിയ എതിര്‍പ്പ് നേരിടുകയും വലിയ വില നല്‍കുകയും ചെയ്തു. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ക്രൈസ്തവ സഭാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുമെന്നും സംസ്ഥാനത്തുടനീളമുള്ള അവരുടെ വോട്ട് ബാങ്ക് എതിരാകുമെന്നും ഭയന്ന് കോണ്‍ഗ്രസ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. തോമസിന് സ്വന്തം തട്ടകമായ ഇടുക്കി വിട്ട് പിന്നീട് തൃക്കാക്കര എംഎല്‍എയാകേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍, ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജ്യം നേരിടുന്ന കടുത്ത സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ തിരിച്ചറിഞ്ഞു. സോഷ്യലിസ്റ്റ് ചായ്‌വ്  ഉണ്ടായിരുന്നിട്ടും, കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച സോവിയറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികള്‍ അദ്ദേഹം പകര്‍ത്തി. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുകയും പുരോഗതിയിലേക്കുള്ള പാതയിലേക്ക് നയിക്കുകയും ചെയ്തു. 

അതുപോലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സമ്പദ്വ്യവസ്ഥയില്‍  നിര്‍ണായക പങ്ക് മനസ്സിലാക്കി, അവര്‍ ബാങ്കുകളെ ദേശസാല്‍ക്കരിച്ചു. പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ നടപ്പാക്കി. ഇവരെല്ലാം രാജ്യത്തിന്റെ ആവശ്യങ്ങളെ കുറിച്ച് തീക്ഷ്ണമായ അവബോധം പ്രകടിപ്പിക്കുകയും, ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും, മാറ്റം വരുത്താനുള്ള ദൃഢനിശ്ചയം കാട്ടുകയും ചെയ്തു.

കേരളത്തിലെ പല രാഷ്ട്രീയക്കാര്‍ക്കും  കാലാവസ്ഥാ സാക്ഷരത കുറവാണെന്നും വോട്ട് ബാങ്ക് അടിത്തറയെ ഇളക്കാന്‍ മടിക്കുന്നതായും തോന്നുന്നു. ഈ മടിയാണ് നിഷ്‌ക്രിയത്വത്തിലേക്കും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പരാജയത്തിലേക്കും നയിച്ചത്, ഇത് തടയാവുന്ന ദുരന്തങ്ങള്‍ക്ക് കാരണമായി. മുന്‍കാല ഇന്ത്യന്‍ നേതാക്കള്‍ തങ്ങളുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ആവശ്യമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവും പ്രകടമാക്കിയപ്പോള്‍, ഇന്നത്തെ നേതാക്കള്‍ സമാനമായി വെല്ലുവിളി നേരിടുകയും രാജ്യത്തിന്റെ ക്ഷേമത്തിനായി നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കാലാവസ്ഥാ സാക്ഷരത കേരളീയ രാഷ്ട്രീയക്കാര്‍ക്കും ജനങ്ങള്‍ക്കും അനിവാര്യമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia