പരാതിക്കാരുടെ മുന്നില്‍ വച്ച് വനിതാ എസ്‌ഐമാരുടെ കൈയാങ്കളി; ഒരാള്‍ക്ക് പരിക്കേറ്റു

 


കൊല്ലം: (www.kvartha.com 03.08.2021) വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരുടെ മുന്നില്‍ വച്ച് വനിതാ എസ് ഐമാരുടെ കൈയാങ്കളി. സംഭവത്തില്‍ ഒരാളുടെ കൈയ്ക്ക് പരിക്കേറ്റു. കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വനിതാ സ്റ്റേഷന്റെ ചുമതലക്കാരിയായ ഫാത്വിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്‌ഐ ഡെയ്‌സിയാണ് ഫാത്വിമയെ ആക്രമിച്ചതെന്നാണ് പരാതി.

പരാതിക്കാരുടെ മുന്നില്‍ വച്ച് വനിതാ എസ്‌ഐമാരുടെ കൈയാങ്കളി; ഒരാള്‍ക്ക് പരിക്കേറ്റു

വനിതാ സ്റ്റേഷനില്‍ എസ്‌ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചിരുന്നത് ഫാത്വിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്‌സി. കൊട്ടാരക്കരയിലേക്ക് പുനര്‍ നിയമനമായതോടെ കഴിഞ്ഞദിവസം ചുമതലയേല്‍ക്കാന്‍ വനിതാ സ്റ്റേഷനിലെത്തിയതായിരുന്നു ഡെയ്‌സി . എന്നാല്‍ ഇതു സംബന്ധിച്ച ഒരറിവും ഫാത്വിമക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാന്‍ അവര്‍ വിസമ്മതിച്ചു.

ചുമതലയെ ചൊല്ലി രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്‌സി ആവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്വിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈയാങ്കളിയിലെത്തിയത്. പിടി വലിയില്‍ ഫാത്വിമയുടെ കൈക്ക് പരിക്കേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്ലാസ്റ്ററിട്ട ശേഷം ആശുപത്രി വിട്ടു. വനിതാ പൊലീസ് സ്റ്റേഷനില്‍ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുന്‍പിലായിരുന്നു മേലുദ്യോഗസ്ഥരുടെ കൈയാങ്കളി.

ഫാത്വിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവര്‍ തന്നെ രഹസ്യമായി പറയുന്നു. വനിതാ ഇന്‍സ്‌പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാര തര്‍ക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

ജിഡി രജിസ്റ്റര്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള പിടിവലിയാണ് വാക്ക് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. റൂറല്‍ പൊലീസ് മേധാവിയുടെ മൂക്കിന് താഴെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്രവലിയ ചേരിതിരിവ് സെല്ലില്‍ നിലനിന്നിട്ടും ഇന്റലിജന്‍സിനോ റൂറല്‍ പൊലീസ് മേധാവിക്കോ ഇത് കണ്ടെത്താനായില്ല. സംഭവത്തെപ്പറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

Keywords:  Clashes of women SI's; one injured, Kollam, News, PoliceStation, Attack, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia