Cholera | കെയര്‍ ഹോമിലെ കോളറ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്; ആവശ്യമെങ്കില്‍ രോഗികളെ ഐരാണിമുട്ടം ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
തിരുവനന്തപുരം: (KVARTHA) നെയ്യാറ്റിന്‍കരയിലെ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ എത്രയും വേഗം പരിശോധനയ്ക്ക് അയക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കോളറ പ്രതിരോധത്തിന് അവബോധം വളരെ പ്രധാനമാണ്. ശക്തമായ വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
കോളറയെ വളരെയേറെ ശ്രദ്ധിക്കണം
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗപകര്‍ച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
ശ്രദ്ധിക്കുക
രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒആര്‍എസ് ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
കോളറ പ്രതിരോധം
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
* ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
*ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
*മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
* വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക
* ഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത്
* എത്രയും വേഗം ചികിത്സ തേടുക.