ചിത്രലേഖയുടെ വിയോഗത്തിന് ഒക്ടോബർ 5ന് ഒരു വർഷം അതിജീവന പോരാളിയെ എരമംഗലം അനുസ്മരിക്കും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തൊഴിൽ സ്വാതന്ത്ര്യത്തിനു വേണ്ടി സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി.
● അക്രമങ്ങൾക്ക് ഇരയായതിനെ തുടർന്ന് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കപ്പെട്ടു.
● മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുവദിച്ച ഭൂമി പിണറായി സർക്കാർ റദ്ദാക്കിയെങ്കിലും ഹൈക്കോടതി വഴി തിരികെ നേടി.
● മരണശേഷം ഭർത്താവ് എം. ശ്രീഷ്കാന്തിൻ്റെ കാൽ തല്ലിയൊടിച്ചതും വിവാദമായിരുന്നു.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) തൊഴിലെടുത്ത് ജീവിക്കാനുള്ള അതിജീവന പോരാട്ടം നടത്തിയ ദളിത് വനിത ചിത്രലേഖ വിട പറഞ്ഞിട്ട് ഒക്ടോബർ അഞ്ചിന് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ചിത്രലേഖ മരിച്ചത്.
ചരമവാർഷിക ദിനത്തിൽ കാട്ടാമ്പള്ളിയിലെ വീട്ടിൽ ഫോട്ടോ അനാച്ഛാദനമുൾപ്പെടെയുള്ള അനുസ്മരണ പരിപാടികൾ നടത്തും. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലുൾപ്പെടെ പ്രമുഖ സാമൂഹിക, സാംസ്കാരിക, ദളിത് നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും.

അർബുദ ബാധിതയായിരുന്ന ചിത്രലേഖയ്ക്ക് തലശ്ശേരി കോടിയേരിയിലെ മലബാർ കാൻസർ സെന്ററിൽ അവസാന നിമിഷങ്ങളിൽ ചികിൽസ നിഷേധിക്കപ്പെട്ടിരുന്നു. തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ചിത്രലേഖ അവിടെ വെച്ചാണ് മരിച്ചത്. അന്ത്യനാളുകളിൽ പോലും അന്ധമായ രാഷ്ട്രീയ പകയ്ക്ക് ഇരയാകുകയായിരുന്നു ചിത്രലേഖയെന്ന് ആരോപണം ഉയർന്നിരുന്നു.
പയ്യന്നൂരിലെ എടാട്ടെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്. തൊഴിൽ സ്വാതന്ത്ര്യം നിഷേധിച്ച സി.ഐ.ടി.യു. പ്രവർത്തകർക്കെതിരെ ചിത്രലേഖ ഒറ്റയാൾ പോരാട്ടം നടത്തി. ഇതിനെത്തുടർന്ന് പലവട്ടം അക്രമങ്ങൾക്കിരയായി. അവരുടെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിക്കപ്പെടുകയും ചെയ്തു.
ചിത്രലേഖയുടെ ജീവിക്കാൻ വേണ്ടിയുള്ള സമരം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. എടാട്ട് ഒരു തരത്തിലും ജീവിക്കാനാകാത്ത സാഹചര്യമുണ്ടായപ്പോഴാണ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കാട്ടാമ്പള്ളിയിലെ കുതിരത്തടത്ത് അഞ്ചു സെന്റ് ഭൂമി അനുവദിച്ചത്. എന്നാൽ, ഇത് പിന്നീട് പിണറായി സർക്കാർ റദ്ദാക്കി. ഹൈക്കോടതിയെ സമീപിച്ചാണ് ഈ ഭൂമി ചിത്രലേഖ തിരികെ നേടിയെടുത്തത്.
ചിത്രലേഖയുടെ മരണശേഷം ഭർത്താവ് എം. ശ്രീഷ്കാന്തിൻ്റെ കാൽ സി.പി.എം. പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന സംഘം തല്ലിയൊടിച്ചിരുന്നു. ഇദ്ദേഹം മാസങ്ങളായി ചികിത്സയിലായിരുന്നു. ചിത്രലേഖ ആംആദ്മി പ്രവർത്തകരുടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷയ്ക്ക് കണ്ണൂരിൽ സർവീസ് നടത്താനുള്ള അനുമതി മോട്ടോർ വാഹന വകുപ്പ് നിഷേധിച്ചതും അക്കാലത്ത് വിവാദമായിരുന്നു.
ചിത്രലേഖ നടത്തിയ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് സാമൂഹിക, സാംസ്കാരിക പ്രവർത്തകർ മാത്രമാണ് കൂട്ടായി ഉണ്ടായിരുന്നത്. ഒരു ദളിത് യുവതി ജീവിക്കാൻ വേണ്ടി നടത്തിയ പോരാട്ടത്തിൻ്റെ തെളിഞ്ഞ സാക്ഷ്യപത്രങ്ങളായിരുന്നു അവ.
പോരാട്ടത്തിൻ്റെ പ്രതീകമായ ചിത്രലേഖയുടെ ഓർമ്മകൾ പങ്കുവെക്കാനായി ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Chithralekha, a Dalit woman auto driver who led a survival struggle, is remembered on her first death anniversary.
#Chithralekha #DalitStruggle #KeralaNews #Kannur #SurvivalStruggle #AutoDriver