ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞ ശേഷം; നിയന്ത്രണം ഏര്‍പ്പെടുത്തി പ്രാര്‍ത്ഥന നടത്തുക മാത്രം പോംവഴി: മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.06.2020) കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞ ശേഷം മാത്രമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തി പ്രാര്‍ത്ഥന നടത്തുക മാത്രം പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞ ശേഷം; നിയന്ത്രണം ഏര്‍പ്പെടുത്തി പ്രാര്‍ത്ഥന നടത്തുക മാത്രം പോംവഴി: മുഖ്യമന്ത്രി

രാഷ്ട്രീയ-സാമൂഹ്യപരിപാടികളുടെ ഭാഗമായുള്ള ഒത്തുചേരലുകളും ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനാ ചടങ്ങളുകളും ഇതുമായി ബന്ധപ്പെട്ട ഉത്സവങ്ങളുമെല്ലാം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളായതിനാല്‍ രോഗവ്യാപനം തടയുന്നതിന് വലിയ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ലോക് ഡൗണില്‍ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. അധികകാലം ഈ നിലയില്‍ തുടരാന്‍ നമുക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉല്‍പാദനമേഖലകളും സേവനമേഖലകളുമെല്ലാം നിശ്ചലമാക്കി സമൂഹത്തിന് അധികകാലം മുന്നോട്ടുപോകാനാവില്ല.

ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ആരാധനാ കേന്ദ്രങ്ങള്‍ തുറക്കാമെന്ന് പറഞ്ഞപ്പോഴും വലിയ ആള്‍ക്കൂട്ടം ഒരു പരിപാടിക്കും ഈ ഘട്ടത്തില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്നമുറയ്ക്ക് നിയന്ത്രണവിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാന്‍ ഇന്ന് വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ആരാധനാലയങ്ങളില്‍ സാധാരണനില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും പൂര്‍ണമായി യോജിച്ചു.

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ മൂന്നു വിഭാഗങ്ങളുമായും വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാമെന്ന് തന്നെയാണ് പങ്കെടുത്ത മതനേതാക്കളുടെ അഭിപ്രായം. ആരാധനാലയങ്ങളില്‍ വരുന്നവരില്‍ സാധാരണനിലയില്‍ ധാരാളം മുതിര്‍ന്ന പൗരന്മാരും മറ്റു രോഗങ്ങള്‍ ഉള്ളവരും കുട്ടികളും കാണും. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവിഭാഗം നിര്‍ദേശിക്കുന്ന ഇവര്‍ ആരാധനാലയങ്ങളില്‍ വരുന്നത് അപകടമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതിനാല്‍ ഇവരെ കൊവിഡ് രോഗം പെട്ടെന്ന് പിടികൂടാനിടയുണ്ട്. മാത്രമല്ല, രോഗം പിടിപെട്ടാല്‍ ഇവരെ സുഖപ്പെടുത്തുന്നതിനും പ്രയാസമുണ്ട്. പ്രായമായവരിലും മറ്റു രോഗമുള്ളവരിലും മരണനിരക്ക് കൂടുതലാണെന്ന പ്രശ്‌നം നാം ഗൗരവമായി കാണേണ്ടതുണ്ട്. അതിനാല്‍ ഈ വിഭാഗമാളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോട് മതനേതാക്കള്‍ പൊതുവെ യോജിപ്പാണ് അറിയിച്ചത്.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദാംശം കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നശേഷമേ തീരുമാനിക്കാന്‍ കഴിയൂ. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനമുണ്ടാകുന്നതു ഒഴിവാക്കാന്‍ ഉതകുന്ന ഒട്ടേറെ പ്രായോഗിക നിര്‍ദേശങ്ങള്‍ ഇന്നത്തെ ചര്‍ച്ചയില്‍ മതനേതാക്കള്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.

ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകള്‍ അടുത്ത ദിവസങ്ങളില്‍ കാണുകയുണ്ടായി. കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള പ്രസ്താവനകളാണ് അതെന്ന് കരുതുന്നില്ല. ആരാധനാലയങ്ങള്‍ രാജ്യവ്യാപകമായി അടച്ചിടാന്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനിച്ചത്. ആരാധനാലയങ്ങള്‍ മാത്രമല്ല, വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞുകിടക്കുയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്. ഇളവുകളുടെ ഭാഗമായി ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ സാഹചര്യത്തിലാണ് ബുധനാഴ്ച മതമേധാവികളുമായും മതപണ്ഡിതാരുമായും ചര്‍ച്ച നടത്തിയത്.

ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിശ്വാസികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാം. എന്നാല്‍ സമൂഹത്തിന്റെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് എല്ലാ മതവിഭാഗങ്ങളും പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ അഭിപ്രായ ഐക്യമാണ് സര്‍ക്കാരും മതമേധാവികളും മതപണ്ഡിതന്മാരും തമ്മിലുള്ളത്.

നല്ല ഒത്തൊരുമയോടെ നിയന്ത്രണങ്ങള്‍ സ്വീകരിച്ചുകൊണ്ട് ലോക് ഡൗണ്‍ കാലത്ത് നാം പ്രവര്‍ത്തിച്ചു. അതിന് ബന്ധപ്പെട്ടവരോട് സര്‍ക്കാര്‍ നന്ദി പറയുന്നു. തുടര്‍ന്നും അവരുടെ നിസ്സീമമായ സഹകരണം ഉണ്ടാവണമെന്നാണ് അഭ്യര്‍ത്ഥന. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടേണ്ട സാഹചര്യം വന്നപ്പോഴും മതനേതാക്കളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നു. ഓരോ ഘട്ടത്തിലും അവരെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കൊട്ടിയൂര്‍ ഉത്സവം ഈ മാസം നടക്കുകയാണ്. അതിന്റെ ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കി ചടങ്ങുകള്‍ മാത്രം നടത്താമെന്നാണ് ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാലത്ത് ക്രിസ്ത്യന്‍ മതനേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ക്ലിമീസ് ബാവ, ബിഷപ്പ് ജോസഫ് കരിയില്‍, ലത്തീന്‍ അതിരൂപതയുടെ പ്രതിനിധി ഡോ. സി. ജോസഫ്, ബസേലിയോസ് മാര്‍ പൗലോസ്, ബസേലിയോസ് തോമസ് ബാവ, റവ. ഡോ. ജോസഫ് മാര്‍ മെത്രാപ്പൊലീത്ത, ധര്‍മരാജ് റസാലം, ഇന്ത്യന്‍ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ജനറല്‍ സെക്രട്ടറി സാം വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, ടി പി അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മുസലിയാര്‍, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ആരിഫ് ഹാജി, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം ഹിന്ദു മത-സാമുദായിക നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ സ്വാമി സാന്ദ്രാനന്ദ, പുന്നല ശ്രീകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം വി മോഹനന്‍, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ കെ വാസു, ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ പി മോഹന്‍ദാസ്, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ് മേനോന്‍, കഴക്കോട് രാധാകൃഷ്ണപോറ്റി (തന്ത്രി മണ്ഡലം), പാലക്കുടി ഉണ്ണികൃഷ്ണന്‍ (തന്ത്രി സമാജം) തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 
Keywords:  News, Kerala, Press meet, CM, Pinarayi vijayan, Thiruvananthapuram, COVID19, Lockdown, Chief Minister's Press Conference
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia