FB Post | ഗുജറാത് വംശഹത്യയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ ഫേസ്ബുക് കുറിപ്പുമായി മുഖ്യമന്ത്രി; ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത് ന്യൂനപക്ഷവേട്ടയുടെ പരിഛേദമെന്ന് വിലയിരുത്തല്‍
Feb 28, 2023, 14:35 IST
തിരുവനന്തപുരം: (www.kvartha.com) മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ ഫേസ്ബുക് കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വംശഹത്യാ കാലത്ത് ഗുജറാതില്‍ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടതെന്നും കുറിച്ചു.
2002 ഫെബ്രുവരി 28 ന് സംഘപരിവാര്‍ കലാപകാരികള്‍ അഹ് മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ഇഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്കായിരുന്നു കോളനി നിവാസികള്‍ അഭയം തേടിയെത്തിയത്. പ്രാണരക്ഷാര്‍ത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാന്‍ ഭരണകൂടം തയാറായില്ലെന്ന് മുഖ്യമന്ത്രി പോസ്റ്റില്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിക്കുകയായിരുന്നു.
കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവര്‍ഷം കഴിഞ്ഞെങ്കിലും അവര്‍ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിക്കുന്നു. സംഘപരിവാറിന്റെ ആക്രമണോത്സുക വര്‍ഗീയതയ്‌ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടാന്‍ മതനിരപേക്ഷ ഇന്‍ഡ്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഇഹ്‌സാന്‍ ജഫ്രിയുടെ സ്മരണയെന്നും മുഖ്യമന്ത്രി കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുന്‍ കോണ്‍ഗ്രസ് എംപി ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. 2002 ഫെബ്രുവരി 28 ന് സംഘപരിവാര്‍ കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ഏഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികള്‍ അഭയം തേടിയെത്തിയത്.
പ്രാണരക്ഷാര്‍ത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാന്‍ ഭരണകൂടം തയ്യാറായില്ല. തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിക്കുകയായിരുന്നു.
വംശഹത്യാക്കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത്. ഈ നരമേധത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഏഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വര്‍ഗ്ഗീയതയ്‌ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടാന്‍ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഏഹ്‌സാന്‍ ജഫ്രിയുടെ സ്മരണ.
Keywords: Chief Minister with a Facebook post on memorial day of former Congress MP Ehsan Jaffrey, Thiruvananthapuram, News, Politics, Congress, Chief Minister, Pinarayi-Vijayan, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.