Amendment bill | ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
Jan 10, 2023, 14:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ ഈ മാസം 23 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗംത്തില്‍ തീരുമാനമായി.
1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കുന്നതാണ് നിയമ ഭേദഗതി. ഇതിന്റെ തുടര്‍ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും.
ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മാണങ്ങളും (1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മാണവും എന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവത്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
1500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണമുള്ള നിര്‍മിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മാണങ്ങള്‍, സര്‍കാര്‍ സ്ഥാപനങ്ങള്‍, ക്ലിനികുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വചിച്ചിട്ടുള്ളവ ആണ് ഇങ്ങനെ ഒഴിവാക്കുക.
സംസ്ഥാനത്തിന് പൊതുവെ ബാധകമാകും വിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയാറാക്കാന്‍ റവന്യൂ -നിയമ വകുപ്പ് സെക്രടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്ര സര്‍കാരിന്റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടന്‍ ലഭ്യമാക്കി ലാന്‍ഡ് രെജിസ്റ്ററില്‍ ചട്ടം 2(എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കും. 20384.59 ഹെക്ടര്‍ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്.
ഇതില്‍ പട്ടയം നല്‍കാന്‍ ബാക്കിയുള്ളവയില്‍ അടിയന്തര തീരുമാനമെടുക്കാന്‍ റവന്യൂ, വനം വകുപ്പുകളും ജില്ലാ കലക്ടറും കെ എസ് ഇ ബിയും ചേര്‍ന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടര്‍ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി.
പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍ രണ്ടുതരം പ്രശ്‌നങ്ങളാണ് ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടുള്ളതെന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. 1960 ലെ ഭൂപതിവ് നിയമത്തിലും ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തെ വിഭാഗം. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കില്‍ നിയമ, ചട്ട ഭേദഗതികള്‍ക്കുശേഷം സാധൂകരിക്കാവുന്നതുമായ പ്രശ്‌നങ്ങളാണ് രണ്ടാമത്തേത്. രണ്ടാമത്തെയിനത്തില്‍ ഉയര്‍ന്ന ഒന്‍പത് പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
1. ഇടുക്കി, തൊടുപുഴ താലൂകുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വിലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകള്‍.
2. ഉടുമ്പന്‍ചോല താലൂകിലെ ഇരട്ടയാര്‍ വിലേജില്‍ ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കല്‍, ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച സര്‍കാര്‍ ഉത്തരവ് ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കല്‍.
3. ഉടുമ്പന്‍ചോല, ഇടുക്കി താലൂകുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വിലേജുകളിലെ ഇടുക്കി ഡാമിന്റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ ഏതാണ്ട് 5470 അപേക്ഷകള്‍.
4. ഉടുമ്പന്‍ചോല, ഇടുക്കി താലൂകുകളിലെ രാജാക്കാട്, കൊന്നത്തടി, വിലേജുകളില്‍ പൊന്‍മുടി ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കളുടെ അപേക്ഷകള്‍.
5. ഉടുമ്പന്‍ചോല, ഇടുക്കി താലൂകുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വിലേജുകളിലെ ഏതാണ്ട് 5800 അപേക്ഷകള്‍.
6. ഉടുമ്പന്‍ചോല, ഇടുക്കി താലൂകുകളിലെ വിവിധ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാണ്ട് 1500 അപേക്ഷകള്‍.
7. ഉടുമ്പന്‍ചോല, ദേവികുളം താലൂകുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെഡിഎച്, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വിലേജുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍ഒസി) അനുവദിക്കല്‍.
8. ദേവികുളം താലൂകിലെ മന്നാങ്കണ്ടം വിലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ അപേക്ഷകള്‍
ഈ വിഷയങ്ങളില്‍ ഉടനെ തീരുമാനമെടുക്കാന്‍ യോഗം നിശ്ചയിച്ചു. ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ എസ് ഇ ബിയും ജില്ലാ കലക്ടറും സംയുക്തമായി ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.
9. ആനവിലാസം വിലേജിനെ എന്‍ഒസി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഒരാഴ്ചയ്ക്കകം തീരുമാനം കൈക്കൊണ്ട് സര്‍കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.
പട്ടയ ഭൂമിയില്‍ നിന്ന് ഉടമസ്ഥര്‍ക്ക് മരം മുറിക്കാന്‍ കഴിയാത്ത അവസ്ഥ പരിശോധിക്കാന്‍ റവന്യു, വനം മന്ത്രിമാര്‍ യോഗം ചേരും. ഇത് സംബന്ധിച്ച് നിരവധി കര്‍ഷകരുടെ പരാതികള്‍ വനം വകുപ്പിന് ലഭിച്ചിരുന്നു.
ജില്ലയില്‍ ഉയര്‍ന്നിട്ടുള്ള ഇത്തരം എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു മന്ത്രി കെ രാജന്‍, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രടറി ഡോ വി പി ജോയി, അഡ്വകറ്റ് ജെനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും വകുപ്പ് സെക്രടറിമാരും വനം വകുപ്പ് മേധാവി ഉള്‍പ്പെടെയുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Keywords: Chief Minister will bring an amendment bill to solve land problems in Idukki district, Idukki, News, Politics, Meeting, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

