Chief Minister | നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com) വികസനം താല്‍കാലിക പ്രതിഭാസമല്ലെന്നും അത് നാളേയ്ക്കുള്ള കരുതലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലം വികസന സെമിനാര്‍ വിഷന്‍ 2030 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിലൂടെ ലക്ഷ്യമിടുന്നത് ജനങ്ങളുടെ ജീവിത നിലവാരവും പടിപടിയായി ഉയര്‍ത്തുക എന്നതാണ്. നവകേരളം കര്‍മ പദ്ധതിയിലൂടെ സര്‍കാര്‍ ലക്ഷ്യമിടുന്നതും അതാണ്. പൊതുവേ കേരളത്തിലെ വികസനം സര്‍വതല സ്പര്‍ശിയും സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവുമാണ്. ഇതിന്റെ ഭാഗമായാണ് ധര്‍മ്മടം മണ്ഡലത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പൊതു പണം ഉപയോഗിച്ചാണ് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അതിനാല്‍ വികസനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister | നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

വിദ്യാഭ്യാസം,  ആരോഗ്യം തുടങ്ങിയ മേഖലകളില്‍ മാറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. കേരളത്തിന്റെ കാര്‍ഷികരംഗം അഭിവൃദ്ധിപ്പെടുത്തുക എന്നത് സര്‍കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിന്റെ മുന്നോടിയായി ധര്‍മ്മടത്തെ തരിശ് രഹിത മണ്ഡലമാക്കി മാറ്റാന്‍ സാധിച്ചു. എന്തിനേയും എതിര്‍ക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. എന്നാല്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര്‍പ്പിന് സ്ഥാനമില്ല. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയെ ഉത്തര മലബാറിലെ എജ്യുകേഷന്‍ ഹബാക്കി മാറ്റാന്‍ കഴിയും.

അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കണം. അതിന്റെ മുന്നോടിയായാണ് മണ്ഡലത്തിലെ 245 കോടി രൂപയുടെ വിദ്യാഭ്യാസ സമുച്ചയ നിര്‍മാണം. മണ്ഡലത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പിലാക്കും. പരമ്പരാഗത വ്യവസായങ്ങളുടെ സാധ്യതകളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം.

ഈ മേഖലയിലെ പ്രശ്നങ്ങളെ ബോധപൂര്‍വം ഇടപെട്ട് പുരോഗതിയിലേക്ക് നയിക്കണം. എല്ലാവര്‍ക്കും ശുദ്ധമായ വെള്ളം ലഭിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാനുള്ള ഇടപെടലുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടാവണം. വായുവിന്റെ ശുദ്ധത ഉറപ്പു വരുത്തണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സര്‍കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി മാഫിയകളില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ലഹരിക്കെതിരെയുള്ള ക്യാംപെയ്ന്‍ ശക്തമാക്കണം. ഇത്തരം സമഗ്രമായ ഇടപെടലുകളിലൂടെ നമ്മുടെ നാടിനെ വിജ്ഞാന സമൂഹമായി പരിവര്‍ത്തിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. ആ പരിവര്‍ത്തനത്തിന് നല്ല പങ്ക് ധര്‍മ്മടം മണ്ഡലത്തിന് വഹിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ എം എല്‍ എ കെ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ ആമുഖം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രടറി മേജര്‍ ദിനേഷ് ഭാസ്‌ക്കരന്‍, മണ്ഡലം വികസനത്തിന്റെ പുതിയ തലം, ഡി പി സി അംഗം കെ വി ഗോവിന്ദന്‍ വികസന രേഖയുടെ പ്രാധാന്യം, മണ്ഡലം ചുമതലയുള്ള പേഴ്സനല്‍ സ്റ്റാഫ് അംഗം കെ പ്രദീപന്‍ വികസന പ്രവര്‍ത്തനങ്ങള്‍ 2016 - 2022 എന്നിവയില്‍ വിഷയാവതരണങ്ങള്‍ നടത്തി.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത് അംഗങ്ങളായ ചന്ദ്രന്‍ കല്ലാട്ട് , കോങ്കി രവീന്ദ്രന്‍ , ബ്ലോക് പഞ്ചായത് പ്രസിഡന്റുമാരായ കെ കെ രാജീവന്‍ സി പി അനിത, ഗ്രാമ പഞ്ചായത് പ്രസിഡന്റുമാരായ എന്‍ കെ രവി, കെ ഗീത, കെ ദാമോദരന്‍, എ വി ഷീബ, കെ പി ലോഹിതാക്ഷന്‍, ടി സജിത, പി വി പ്രേമവല്ലി, തലശ്ശേരി ബ്ലോക് പഞ്ചായത് അംഗം സി എം സജിത വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Chief Minister says there is no place for objections in development activities of country, Kannur, News, Inauguration, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia