Vigilance Court | വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
Mar 2, 2023, 20:53 IST
തിരുവനന്തപുരം: (www.kvartha.com) വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപോര്‍ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോകുമെന്റ് ഡിവിഷന് വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനമായി.
ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നുമാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപോര്‍ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. മൂന്നു മാസത്തിലൊരിക്കല്‍ അവരുടെ വിശകലന യോഗം വിജിലന്‍സ് ഡയറക്ടറേറ്റില്‍ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും.
ആഭ്യന്തര വിജിലന്‍സ് സെലില്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപോര്‍ട് വാങ്ങും. കേസുകള്‍ക്കും അന്വേഷണങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കും. കൂടുതല്‍ സമയം ആവശ്യമായാല്‍ ഡയറക്ടറുടെ അനുമതി വാങ്ങണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കോടതി വെറുതെ വിടുന്ന കേസുകളില്‍ സമയബന്ധിതമായി അപീല്‍ ഫയല്‍ ചെയ്യണം. രണ്ട് മാസത്തിനുള്ളില്‍ അപീല്‍ ഫയല്‍ ചെയ്തെന്ന് ഉറപ്പാക്കണം. ഹൈകോടതിയില്‍ വിജിലന്‍സ് കാര്യങ്ങള്‍ നോക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കും.
പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയാറാക്കും. അവര്‍ക്ക് വിജിലന്‍സ് ജോലി സംബന്ധിച്ച് പരിശീലനം നല്‍കും. ഇത്തരം ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയാറാക്കി അതില്‍ നിന്ന് വിജിലന്‍സില്‍ നിയമിക്കും. നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് മൂന്ന് വര്‍ഷം തുടരാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ആഭ്യന്തര, വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രടറി ഡോ. വി വേണു, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഐജി ഹര്‍ഷിത അട്ടല്ലൂരി, എസ് പിമാരായ ഇ എസ് ബിജുമോന്, റെജി ജേകബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Chief Minister says more vigilance courts will be allowed for speedy disposal of vigilance cases, Thiruvananthapuram, News, Politics, Vigilance, Chief Minister, Pinarayi-Vijayan, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.