രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 07.01.2022)  രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ച് തെലങ്കാനയിലെ  വ്യവസായപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദിലെ ഹോടെല്‍ പാര്‍ക് ഹയാതില്‍ ആയിരുന്നു ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ എന്ന പേരില്‍ നിക്ഷേപക സംഗമം നടന്നത്.

സംസ്ഥാനമിപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാന്‍ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാര്‍ദ ഘടകങ്ങള്‍ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉള്‍പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാല്‍ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നല്‍കാന്‍ കേരളത്തിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സാമ്പത്തിക വികസനത്തില്‍ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോള്‍ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെയും കരുതലോടെയും സര്‍കാര്‍ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ വികസന സ്വപ്നങ്ങളില്‍ പങ്കുചേരാനും സമഗ്രവും സര്‍വതല സ്പര്‍ശിയുമായ പുരോഗതി കൈവരിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഉള്‍ച്ചേര്‍ന്ന വികസന പ്രവര്‍ത്തനത്തിനു കരുത്തു പകരാനും മുഖ്യമന്ത്രി വ്യവസായികളെ സ്വാഗതം ചെയ്തു. 

കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും 
മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇവിടെ  നിലനില്‍ക്കുന്നതെന്നും ജോണ്‍ ബ്രിടാസ് എം പി പറഞ്ഞു. 

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ അയോധ്യ രാമി റെഡ്ഡി എം പി പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ കീഴില്‍ കേരളം വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്നും ലൈഫ് മിഷന്‍ ഉള്‍പെടെയുള്ള മിഷനുകള്‍ ചൂണ്ടിക്കാട്ടി രാമ റെഡ്ഡി പ്രശംസിച്ചു. പിണറായി വിജയന്റെ കീഴില്‍ കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ യോഗത്തില്‍  അവതരിപ്പിച്ചു. ബയോ-ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാര്‍മ  തുടങ്ങിയ മേഖലകളിലും വളര്‍ന്നുവരുന്ന ഇതര മേഖലകളിലും സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകളാണ്  സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 

രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, നടപടിക്രമങ്ങളുടെ ലഘൂകരണം, വ്യാവസായിക അടിസ്ഥാന സൗകര്യ സൗകര്യങ്ങള്‍ എന്നിവയും വിശദീകരിച്ചു.        കേരളത്തിന്റെ നിക്ഷേപക സൗഹൃദാന്തരീക്ഷത്തെ വ്യവസായികള്‍ സ്വാഗതം ചെയ്തു.

സിഐഐ, ക്രെഡായ് അംഗങ്ങള്‍, ഐടി വ്യവസായം, ഫാര്‍മ വ്യവസായം തുടങ്ങി അമ്പതോളം പ്രമുഖ കമ്പനികളുടെ സാരഥികളും ഇതര  നിക്ഷേപകരും പങ്കെടുത്തു. 

ചീഫ് സെക്രെടറി ഡോ. വി പി ജോയ് സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രെടറി ഡോ. കെ ഇളങ്കോവന്‍, കെ എസ് ഐ ഡി സി എക്‌സിക്യൂടിവ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ തുടങ്ങിയവരും സംസാരിച്ചു.

Keywords:  Chief Minister said that Kerala will provide the best facilities available to investors in the country, Thiruvananthapuram, News, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia