CM Pinarayi Vijayan | ഇഡിക്കെതിരായ നിലപാട് മാറ്റിയതില്‍ നന്ദി; പ്രതിപക്ഷത്തിന് തിരിച്ചറിവുണ്ടായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി
Jul 21, 2022, 15:04 IST
തിരുവനന്തപുരം: (www.kvartha.com) ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
പ്രതിപക്ഷനേതാവിന് ഇഡിയെ പറ്റി നേരത്തെ എടുത്ത നിലപാടില്‍ നിന്ന് വ്യക്തമായ ഒരു വേര്‍തിരിവ് ഇപ്പോളുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്. ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ ഇഡി അവരുടെ ജൂറിസ്ഡിക്ഷന്‍ ലംഘിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇവിടുത്തെ സംഭവങ്ങള്‍ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹമങ്ങനെ പറഞ്ഞത്.
അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറ്റൊരു കാര്യം പ്രധാനമാണ്. ഈ കേസ് ഇഡി ബെംഗ്‌ളൂറിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് അട്ടിമറി ലക്ഷ്യത്തോടെയാണ്. ഇവിടെയുള്ള കേസ് തന്നെ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. സംസ്ഥാന സര്‍കാരിന്റെ നിരപരാധിത്വം തെളിയിക്കാനും ഇഡിയുടെ രാഷ്ട്രീയോദ്ദേശം തെളിയിക്കാനും സാധിക്കുന്ന രീതിയില്‍ സര്‍കാര്‍ ഇടപെടണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതെല്ലാം അദ്ദേഹം നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്ന് വന്ന വ്യത്യാസമാണ്.
സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നതായാണ് സബ്മിഷനില്‍ ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു കാര്യവും ഇ ഡി സംസ്ഥാന സര്‍കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടില്ല. ഇ ഡിയുടെ അന്വേഷണത്തിന് എന്തെങ്കിലും തടസ്സം സംസ്ഥാന സര്‍കാര്‍ സൃഷ്ടിക്കുന്നുവെന്ന് ഇ ഡി സംസ്ഥാന സര്‍കാരിനെ അറിയിച്ചിട്ടുമില്ല.
പൂര്‍ണമായും കേന്ദ്ര വിഷയത്തില്‍പെട്ട ഒരു കേസ് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അവരുടെ നിയമപരമായ അധികാരമുപയോഗിച്ച് നടത്തുന്ന അന്വേഷണത്തില്‍ സംസ്ഥാന സര്‍കാരിന് ഒരു വിധത്തിലുള്ള ഇടപെടലും നടത്താന്‍ സാധ്യമല്ല. അങ്ങനെ നടത്തിയതായി കേന്ദ്ര ഏജന്‍സികള്‍ ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല.
പത്രമാധ്യമങ്ങളിലൂടെ വരുന്ന ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് ഉള്‍പെടെയുള്ള കേസുകള്‍ കാര്യക്ഷമവും ഏകോപിതവുമായ രീതിയില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍കാര്‍ തുടക്കം മുതല്‍ എടുത്തിട്ടുള്ള നിലപാട്. ഇതിന് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍കാര്‍ കേന്ദ്ര സര്‍കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഇത്തരം കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തി അതിന്റെ ഉറവിടവും അവസാന വിനിയോഗവും പുറത്തുകൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍കാരിന്റെ നിലപാട്. ഇതിനു സഹായകരമായ രീതിയിലല്ല അന്വേഷണത്തിന്റെ ഗതിയെന്ന് ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍കാരിനെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ചില പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍കാരിന്റെ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്ന വോയ്സ് ക്ലിപ് പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ പൊതുസമൂഹത്തില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒരു വെളിപ്പെടുത്തലായിരുന്നു ഇത്.
ഭരണഘടനയുടെ 7-ാം ഷെഡ്യൂളിലെ ഇനം (1) പബ്ലിക് ഓര്‍ഡറാണ്. ഇത് പരിപാലിക്കുന്നതിന്റെ സമ്പൂര്‍ണ ചുമതല സംസ്ഥാന സര്‍കാരിനാണ്. അതുകൊണ്ട് ഈ വിഷയത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തേണ്ട ഭരണഘടനാപരമായ ബാധ്യത സംസ്ഥാന സര്‍കാരിനുണ്ട്. അത് നിറവേറ്റാനാണ് ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അന്വേഷണങ്ങള്‍ മുന്നോട്ടുപോകാതിരിക്കാനുള്ള തടസങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ഇ ഡി സ്വീകരിച്ചിട്ടുണ്ട്.
സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍കാര്‍ നിയമപരമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്. ഒരു വിധത്തിലും കേന്ദ്ര വിഷയങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന അന്വേഷണത്തെ തടസപ്പെടുത്തുന്ന കാര്യമല്ല ഇത്. ഈ കാര്യം പി എം എല്‍ എ കോടതിയുടെ പരിഗണനയിലുമാണ്. ഹൈകോടതി ഉത്തരവിനെത്തുടര്‍ന്നാണിത്. ജുഡിഷ്യല്‍ പ്രക്രിയയിലൂടെയാണ് ഈ അന്വേഷണം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്തുന്ന നടപടിയായി ഒരിക്കലും വ്യാഖ്യാനിക്കാന്‍ കഴിയില്ല.
സ്വര്‍ണക്കള്ളക്കടത്ത് പോലുള്ള കേസുകളുടെ അന്വേഷണം കസ്റ്റംസ് നിയമം 1962 ന് കീഴില്‍ വരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കണ്ടെത്തേണ്ടത്. ഈ വിഷയങ്ങളിലെ അന്വേഷണത്തില്‍ സംസ്ഥാന സര്‍കാര്‍ ഒരു തടസവും ഒരവസരത്തിലും ഉന്നയിച്ചിട്ടില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോന്‍ഗ്രസ് പാര്‍ടി ദേശീയതലത്തില്‍ ആരോപണം ഉന്നയിക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണ്.
പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം നടക്കണമെന്നും ചിലര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുകളുടെ പിന്‍ബലം ഇല്ലാതിരുന്നിട്ടും അവയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന്റെ ഗതി തീരുമാനിക്കപ്പെടണമെന്നും കേരളത്തിലെ കോന്‍ഗ്രസ് പാര്‍ടി നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്.
സ്വര്‍ണക്കടത്ത് കേസ് കേന്ദ്രസര്‍കാരിന്റെ ഏജന്‍സികള്‍ അവരുടെ സമ്പൂര്‍ണ അധികാരപരിധിയില്‍ നിന്നുകൊണ്ട് അന്വേഷിക്കുന്നതായതിനാല്‍ സംസ്ഥാന സര്‍കാരിന് ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താന്‍ കഴിയില്ലെന്നത് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്.
സംസ്ഥാന വിഷയങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും നീതിയുക്തമായ അന്വേഷണത്തിന് എല്ലാ സഹകരണങ്ങളും നല്‍കാനും സംസ്ഥാന സര്‍കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴും ഞാന്‍ ഉറപ്പു നല്‍കുകയാണ്.
തെളിവുകള്‍ ശേഖരിച്ച്, കണ്ടെത്തലുകള്‍ നടത്തി, വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന ഒരു നടപടിക്രമമാണ് ഒരു അന്വേഷണത്തിന്റെ ഭാഗമായി നടക്കേണ്ടത്. അല്ലാതെ ചില പ്രതികളുടെയോ മറ്റു ചില തത്പരകക്ഷികളുടെയോ താത്പര്യങ്ങള്‍ക്ക് അനുസരിച്ചോ വാര്‍ത്തകളുടെ അടിസ്ഥാനത്തിലോ നടത്തേണ്ട കാര്യമല്ല നീതിയുക്തമായ അന്വേഷണം.
ഇന്‍ഡ്യന്‍ ഭരണഘടനയില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അധികാരങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. യൂനിയന്‍ ലിസ്റ്റില്‍പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍കാര്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍കാരിന് കഴിയില്ല. അത്തരം ഒരു നടപടിയും ഉണ്ടായതായി ചൂണ്ടിക്കാട്ടാന്‍ ഇവിടെ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഇവിടെ ഉന്നയിക്കപ്പെട്ടാല്‍ അത് വസ്തുതാപരമാവില്ല എന്നു കൂടി ഓര്‍മ്മിപ്പിക്കുകയാണ്.
എഐസിസി പ്രസിഡന്റ് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്ന പ്രത്യേകത കൂടി ഇന്നത്തെ ദിവസത്തിനുണ്ട്. അന്വേഷണ ഏജന്‍സികളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് രാജ്യത്താകെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുകയാണ്.
ജനങ്ങളില്‍ നിന്നും ദൈനംദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോന്‍ഗ്രസ് പാര്‍ടി, സ്വര്‍ണക്കള്ളടത്ത് - രാജ്യദ്രോഹം തുടങ്ങിയ കേസുകളിലെ പ്രതികളുടെയും ബിജെപിയുടെയും അവരുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന ചില അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് എല്‍ ഡി എഫ് സര്‍കാരിനെതിരെ ദുഷ്ടലാക്കോടുകൂടിയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സാങ്കല്‍പിക കഥകള്‍ മെനയുന്നതാണ് ഇവിടെ കാണുന്നത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ സാങ്കല്‍പിക കഥകള്‍ ഉണ്ടാക്കി ഈ കൂട്ടുകെട്ടിന്റെ ഭാഗമായി മാറുകയാണ്.
അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി ചോര്‍ത്തിക്കിട്ടിയ വാര്‍ത്തകള്‍ പ്രതികളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും പ്രചരിപ്പിക്കുന്ന നിലയാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നത്. അതില്‍ നിന്നൊരു വ്യത്യസ്ത നിലപാട് പ്രതിപക്ഷനേതാവ് ഇന്ന് സ്വീകരിച്ചിരിക്കുന്നു.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് പ്രചരിപ്പിച്ച കള്ളപ്രചാര വേലകള്‍ ഏറ്റെടുത്ത്, ഒരു പൊതു പദ്ധതിയുടെ ഭാഗമായി കോന്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയുണ്ടായി. അതിനെ കേരളത്തിലെ പ്രബുദ്ധരായ ജനത ഒറ്റപ്പെടുത്തിയതോടുകൂടി എല്‍ ഡി എഫ് സര്‍കാരിനെതിരെ, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരായി വിചിത്രമായ കൂട്ടുകെട്ടും ഗൂഢാലോചനയുമാണ് ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
അസാധാരണമായ ഐക്യമാണ് ഈ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളത്. കേന്ദ്രസര്‍കാരിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കേന്ദ്ര ഏജന്‍സികള്‍ ഇവിടെയും ചില ലക്ഷ്യങ്ങളോടെ നീങ്ങുകയാണ്. അതിനനുസൃതമായി ഇഡി ഉള്‍പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ കല്‍പിത കഥകള്‍ മെനയുകയാണ്. ഗുരുതരമായ രാജ്യദ്രോഹം ഉള്‍പെടെയുള്ള കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികള്‍ അന്വേഷണ ഏജന്‍സികളുടെയും മറ്റും നിര്‍ദേശാനുസരണം കഥകള്‍ ഉണ്ടാക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.
എന്നാല്‍ കേന്ദ്രസര്‍കാര്‍ നീക്കങ്ങളെയും ചില പ്രതികളുടെ പ്രസ്താവനകളെയും ഇതിനോടൊപ്പം നില്‍ക്കുന്ന ചില മാധ്യമ വാര്‍ത്തകളെയും പൊക്കിപ്പിടിച്ച് ഇത്തരക്കാരുടെ വാദങ്ങളെ സ്പോന്‍സര്‍ ചെയ്യുന്നത് ശരിയല്ല. ഇരയ്ക്കൊപ്പം കിതയ്ക്കുന്നതായി നടിക്കുകയും വേട്ടക്കാര്‍ക്കൊപ്പം ആസ്വദിക്കുകയും ചെയ്യുന്ന മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. ഇഡിയാല്‍ വേട്ടയാടപ്പെടുന്നതായി പറയുന്ന രാഹുല്‍ഗാന്ധിയുടെ ഒപ്പമാണെന്ന് പറയുകയും ഇവിടെ ഇഡിയുടെ കരുനീക്കങ്ങള്‍ക്കൊപ്പം നീങ്ങുകയും ചെയ്യുന്ന മനോനിലയാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കുമുള്ളത്. ഇവരുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തു വരുന്നത്.
ഇത്തരം പ്രവര്‍ത്തനത്തിലൂടെ തങ്ങള്‍ ഉള്‍പെട്ട സ്വര്‍ണക്കള്ളക്കടത്ത്, രാജ്യദ്രോഹം ഉള്‍പെടെയുള്ള കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പരസ്യമായി ഈ പ്രതികള്‍ പ്രഖ്യാപിച്ചതായും വാര്‍ത്തകളില്‍ കാണുന്നുണ്ട്. അതിന് അവരെ പിന്തുണക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.
കേസിലെ പ്രതികളെയും കൂട്ടരെയും വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ഈ സഭയില്‍ നേരത്തേയുമുണ്ടായി. അതിനി ആവര്‍ത്തിക്കരുത്, നിന്നെടുത്ത നിലപാട് തുടര്‍ന്നുപോകുന്നതാണ് നല്ലത്.
സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ബാധ്യസ്ഥരായ അന്വേഷണ ഏജന്‍സികള്‍ പ്രൊഫഷനലായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍കാരിനും പൊതുസമൂഹത്തിനും ആഗ്രഹമുണ്ട്. എന്നാല്‍ മൊഴിയെടുക്കാനായി ഏജന്‍സികള്‍ വിളിച്ചുവരുത്തുന്ന സാക്ഷികളുടെ പേരുവിവരം പ്രസ്തുത സാക്ഷികള്‍ക്ക് സമന്‍സ് ലഭിക്കുന്നതിനു മുമ്പുതന്നെ മാധ്യമപ്രതിനിധികള്‍ക്ക് നല്‍കുകയാണ്. ആഘോഷപൂര്‍വമായ ചര്‍ചയും അതിന്റെ ഭാഗമായി നടക്കുകയാണ്. മുന്‍ ധനകാര്യമന്ത്രി സഖാവ് തോമസ് ഐസക്കിന്റെ കാര്യം ഇതിനൊരുദാഹരണമാണ്. അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ആദ്യം വന്നെത്തി. നോടീസ് പിന്നെയാണ് ലഭിച്ചതെന്ന് നമ്മള്‍ ശ്രദ്ധിക്കണം. എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത ആദ്യം ലഭിക്കുന്നത്?
സംസ്ഥാനത്തുള്ള ഒരു സംഭവത്തെ പറ്റി ഇന്നത്തെ മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയുണ്ട്. ഒരു ഹര്‍ജി കോടതിക്ക് മുന്നിലെത്തിയതും അതിനെ പറ്റി അന്വേഷിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തതാണ് സംഭവം. ഇതിനെ പറ്റി ഒരു പ്രധാന പത്രത്തിന്റെ ലീഡ് വാര്‍ത്ത 'കോടതി ഇടപെട്ടു, സര്‍കാര്‍ കുടുങ്ങി; ജയരാജനെതിരെ ജാമ്യമില്ലാ കേസ്' എന്നാണ്. അതിനിദ് ചേര്‍ന്ന് ജയരാജനെ പരിഹസിക്കുന്ന ഒരു കാര്‍ടൂണും ഉണ്ട്. ഇതാണ് കേരളത്തിലെ വലതുപക്ഷമാധ്യമങ്ങളുടെ നിലവാരം. അത് ഒരുതരം 'ഒക്കത്തിരുത്തുന്ന ജേര്‍നലിസമാണ്' എന്ന് പറഞ്ഞാല്‍ ക്ഷോഭിക്കരുത്.
ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കസ്റ്റംസിന്റെ വിഷയമാണ്. പൂര്‍ണമായും കേന്ദ്രസര്‍കാര്‍ അധീനതയിലുള്ള ഏജന്‍സികളാണ് അനുബന്ധ കേസുകള്‍ അന്വേഷിക്കുന്നത്. ഇതില്‍ എന്‍ ഐ എ, സി ബി ഐ, കസ്റ്റംസ് ഇ ഡി എന്നീ ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്. സംസ്ഥാന വിഷയമല്ലാത്ത കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. ആ ഏജന്‍സികളാണ്, അല്ലെങ്കില്‍ കേന്ദ്രമാണ് മറ്റൊരു അന്വേഷണ സാധ്യത ആരായേണ്ടത്. അല്ലാതെ സംസ്ഥാനമല്ല.
പ്രതിപക്ഷ നേതാവിന്റെ പാര്‍ടിയിലെ എം എല്‍ എ യുടെ അടിസ്ഥാനരഹിതമായ പരാതിയുടെ പേരില്‍ സി ബി ഐ , ഇ ഡി എന്നിവര്‍ അനുബന്ധ കേസുകള്‍ അന്വേഷിക്കുന്നുമുണ്ട്. കേന്ദ്ര ഏജന്‍സികളുടെ വിഷയം ആര്, ഏത് രീതിയില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍കാരല്ല. ഞങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കേന്ദ്ര വിഷയമാണ്. തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.