SWISS-TOWER 24/07/2023

Solar Case | കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ് സോളാര്‍ കേസുകള്‍; നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ് സോളാര്‍ കേസുകള്‍ എന്നും നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതാണ് നിങ്ങള്‍ നിയമിച്ച ജൂഡീഷ്യല്‍ കമീഷന്റെ കണ്ടെത്തല്‍. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോള്‍ 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍'എന്നുപറഞ്ഞതുപോലെയാണ് അന്നത്തെ അവസ്ഥ. എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ശാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ കേസില്‍ 2013 ജൂണ്‍ ആറിനാണ് പെരുമ്പാവൂര്‍ പൊലീസ് ക്രൈം നം. 368/13 എന്ന കേസ് രെജിസ്റ്റര്‍ ചെയ്തത്. അതില്‍ പ്രതിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത് 03 ജൂണ്‍ 2013 നാണ്. മറ്റൊരു പ്രതിയുടെ അറസ്റ്റ് 17 ജൂണിന് രേഖപ്പെടുത്തി. ആകെ 33 കേസുകളാണ് ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം രെജിസ്റ്റര്‍ ചെയ്തത്.

എ ഡി ജി പി യുടെ നേതൃത്തിലാണ് അന്നത്തെ സര്‍കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. തുടര്‍ന്ന് 28 ഒക്ടോബര്‍ 2013 ന് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കമീഷന്‍ 26 സെപ്റ്റംബര്‍ 2016 ന് റിപോര്‍ട് സമര്‍പ്പിച്ചു. പരാതിക്കാരി അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും 15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ അന്നത്തെ മന്ത്രിസഭാ അംഗങ്ങള്‍, സാമാജികര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പെട്ടിട്ടുണ്ടായിരുന്നു.

സോളാര്‍ കേസുകളില്‍ ഉള്‍പെട്ടിരുന്ന വ്യക്തി പീഡനം ആരോപിച്ച് 01 10 2018 ന് സൗത് സോണ്‍ എഡിജിപിക്ക് മുമ്പാകെ പരാതി നല്‍കുകയും ഈ പരാതിയിേ?ല്‍ സംസ്ഥാന ക്രൈംബ്രാഞ്ചും കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രസ്തുത അന്വേഷണം നടന്നുവരവെ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 12 01 2021 ല്‍ മുഖ്യമന്ത്രിക്ക് പരാതിക്കാരി നിവേദനം നല്‍കി.

ഇതില്‍ സര്‍കാര്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് കേസിന്റെ അന്വേഷണ ചുമതല സി ബി ഐ യെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍കാര്‍ 23 01 2021 ന് തീരുമാനമെടുത്തത്. തുടര്‍ന്ന്, 14 08 2021 ല്‍ സംസ്ഥാന ക്രൈംബ്രാഞ്ച് രെജിസ്റ്റര്‍ ചെയ്ത ക്രൈം.43/2018 നമ്പര്‍ കേസ് സി ബി ഐ സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഞഇ 342021/ ട0005 ആയി റി-രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനുശേഷം പ്രസ്തുത കേസില്‍ സി ബി ഐ അന്വേഷണം പൂര്‍ത്തീകരിച്ച് തിരുവനന്തപുരം സി ജെ എം കോടതി മുമ്പാകെ 26 12 2022 ന് അന്തിമ റിപോര്‍ട് സമര്‍പ്പിച്ചിട്ടുളളതായാണ് മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.

സി ബി ഐ ഫയല്‍ ചെയ്തതായി മാധ്യമങ്ങളില്‍ വന്നിട്ടുള്ള പ്രസ്തുത റിപോര്‍ട് സംസ്ഥാന സര്‍കാരിന്റെ പക്കല്‍ ലഭ്യമല്ല. ലഭ്യമല്ലാത്ത ഒരു റിപോര്‍ടില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങളിേ?ല്‍ അഭിപ്രായം പറയാന്‍ സംസ്ഥാന സര്‍കാരിന് നിര്‍വാഹമില്ല.

ചട്ടം 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ചാണ് ബഹുമാനപ്പെട്ട സാമാജികര്‍ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള നോടീസ് നല്‍കേണ്ടത്. ഇവിടെ അന്വേഷണം പൂര്‍ത്തീകരിച്ച് സി ബി ഐ 26 12 2022 ന് സമര്‍പ്പിച്ചുവെന്ന് മാധ്യമങ്ങളില്‍ വന്ന റിപോര്‍ടില്‍ ചില നിരീക്ഷണങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് പരാമര്‍ശം വന്നിട്ടുണ്ട്. ഇത് എന്താണെന്ന് ഊഹിച്ചെടുത്ത് അതില്‍ ചര്‍ച ചെയ്യണമെന്നാണ് ബഹുമാനപ്പെട്ട അംഗം ഈ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. സര്‍കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് ചട്ടപ്രകാരം നിലനില്‍പ്പുണ്ടോ എന്നു സംശയമുള്ള ഈ പ്രമേയത്തിന്‍മേല്‍പ്പോലും ഞങ്ങള്‍ ചര്‍ചയ്ക്ക് തയാറാകുന്നത്.

സോളാര്‍ കേസിന്റെ പശ്ചാത്തലവും ഹ്രസ്വമായെങ്കിലും പറയാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ അന്വേഷണ കമീഷന്റെ റിപോര്‍ടും നടപടിക്കുറിപ്പും ഈ സഭയുടെ മേശപ്പുറത്ത് വച്ചുകൊണ്ട് ചട്ടം 300 പ്രകാരം വിശദമായി പ്രസ്താവന 09 11 2017 ന് നടത്തിയിട്ടുണ്ട്.

26 09 2017 ന് സര്‍കാരിനു സമര്‍പ്പിക്കപ്പെട്ട കമീഷന്‍ റിപോര്‍ടില്‍ അഡ്വകറ്റ് ജെനറലിന്റെയും ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടിയതിനു ശേഷം 11 10 2017 ന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശം കൂടി തേടാന്‍ 19 10 2017 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അദ്ദേഹം നല്‍കിയ നിയമോപദേശം കൂടി അടിസ്ഥാനപ്പെടുത്തിയാണ് തുടര്‍നടപടിക്കുള്ള ഉത്തരവ് 08 11 2017 ലെ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടുകൂടി പുറപ്പെടുവിച്ചത്.

തികഞ്ഞ അവധാനതയോടും ജാഗ്രതയോടും കൂടിയാണ് സര്‍കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങിയത്. ഇവിടെ എടുത്തുപറയാനുള്ള കാര്യം ഈ ജുഡീഷ്യല്‍ കമീഷനെ നിയമിച്ചത് മുന്‍ യുഡിഎഫ് സര്‍കാരാണ് എന്നതാണ്. എല്ലാ നിയമവശങ്ങളും പരിശോധിച്ചുകൊണ്ട് അതിന്റെ റിപോര്‍ടിന്‍മേലുള്ള തുടര്‍നടപടികളാണ് പിന്നീട് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍കാര്‍ സ്വീകരിച്ചത്.

കമീഷന്റെ പ്രധാനപ്പെട്ട ചില കണ്ടെത്തലുകള്‍ താഴെപ്പറയുന്നവയാണ്:

1. അന്നത്തെ മുഖ്യമന്ത്രിയുടെയും അദ്ദേഹം വഴി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന രണ്ടു പേരുടെയും ഗണ്‍മാന്റെയും അദ്ദേഹത്തിന്റെ ഡെല്‍ഹിയിലെ സഹായിയുടെയും സഹായം പ്രതിയായിരുന്ന പരാതിക്കാരിക്കും അവരുടെ കംപനിക്കും ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്.

2. അന്നത്തെ ആഭ്യന്തരമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ മുഖേന അന്നത്തെ മുഖ്യമന്ത്രിയെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും ഒഴിവാക്കാനായി പരിശ്രമിച്ചു. മുഖ്യമന്ത്രിയെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും ഒഴിവാക്കാനായി പ്രത്യേക അന്വേഷണസംഘം ധാരാളം ആയാസപ്പെടുകയുണ്ടായി.

3. അന്നത്തെ മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി മുന്‍ എം എല്‍ എയായ തമ്പാനൂര്‍ രവിയും, എം എല്‍ എയായിരുന്ന ബെന്നി ബഹന്നാനും പ്രവര്‍ത്തിച്ചു.

4. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍, സര്‍കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രി, ചില നിയമസഭാംഗങ്ങള്‍, ചില പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഇടപാടുകളില്‍ ആഴത്തിലുള്ള അന്വേഷണം പ്രത്യേകാന്വേഷണ സംഘം നടത്തിയില്ല.

5. അന്നത്തെ ഊര്‍ജവകുപ്പു മന്ത്രി ടീം സോളാര്‍ കംപനിയെ കഴിയാവുന്ന രീതിയിലൊക്കെ സഹായിച്ചിട്ടുണ്ട്.

6. 19 07 2013 ലെ സരിത എസ് നായരുടെ കത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആളുകള്‍ക്ക് സരിതയും അവരുടെ അഭിഭാഷകനും ആയി ഫോണ്‍ മുഖാന്തിരം നിരന്തര ബന്ധമുണ്ടായിരുന്നുവെന്ന് തെളിവിന്റെ അടിസ്ഥാനത്തില്‍ കമീഷന്‍ കണ്ടെത്തി.

7. കമീഷന് മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിന്റെ അടിസ്ഥാനത്തില്‍ അഴിമതിയും, നിയമവിരുദ്ധമായ പ്രതിഫലം പറ്റലും ആരോപിക്കപ്പെട്ട എല്ലാ വ്യക്തികള്‍ക്കും എതിരായി അഴിമതി തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണോ എന്ന കാര്യം സംസ്ഥാന സര്‍കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

കമീഷന്റെ കണ്ടെത്തലുകളെ തുടര്‍ന്നുള്ള നടപടികള്‍ സര്‍കാര്‍ സ്വീകരിക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പുകേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍കാര്‍ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ ആയ കേസല്ല. ആ കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ കോണ്‍ഗ്രസ്സുകാരാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. അന്നും ഇന്നും അതുതന്നെയാണ് ഞങ്ങളുടെ നിലപാട്. വ്യവസ്ഥാപിതമായ രീതിയില്‍ നിയമപരമായ അന്വേഷണം നടക്കട്ടെ. അതില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടെ.

സോളാര്‍ തട്ടിപ്പു പരാതികള്‍ ഉയര്‍ന്നു വന്ന ഘട്ടത്തിലും അതില്‍ അന്നത്തെ ഭരണ നേതൃത്വത്തിന്റെയും അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നപ്പോഴും ഇപ്പോള്‍ സി ബി ഐ അന്വേഷണ റിപോര്‍ടിന്റെ പേരില്‍ പ്രതിപക്ഷം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ഞങ്ങളുടെ നേരത്തെ എടുത്ത നിലപാടില്‍ മാറ്റമില്ല.

അന്നത്തെ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തുകയും പത്തനംതിട്ട കോടതിയില്‍ രഹസ്യമൊഴി കൊടുക്കുകയും ചെയ്ത മല്ലേലില്‍ ശ്രീധരന്‍നായര്‍ കോണ്‍ഗ്രസുകാരനായ, കെപിസിസി അംഗമായിരുന്ന വ്യവസായിയാണ്. അദ്ദേഹത്തിന്റെ മൊഴിയില്‍ ആണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മുറിയില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താന്‍ പണം കൈമാറ്റം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഇതില്‍ എവിടെയാണ് പിന്നീടുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍കാരിന്റെ പങ്ക്?

അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഏറ്റവും അധികം ആക്ഷേപം അക്കാലത്ത് ഉന്നയിച്ചതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരന്തരം പ്രസ്താവന നടത്തിയതും അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ് പദവി ഒരു ഘട്ടത്തില്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രടറിയേറ്റിലെ ഓഫീസ് മുറിയില്‍ പരാതിക്കാരിയേയും അന്നത്തെ മുഖ്യമന്ത്രിയെയും അരുതാത്ത രീതിയില്‍ താന്‍ കണ്ടുവെന്ന് മുന്‍ ചീഫ് വിപ് പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാണ്. ഇതില്‍ ഞങ്ങള്‍ എവിടെയാണ്?

പാതിരാത്രിയില്‍ വിവാദനായികയെ കോണ്‍ഗ്രസ് മന്ത്രിമാരും, നേതാക്കളും വിളിച്ചത് കോണ്‍ഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാന്‍ അല്ലല്ലോ? എന്ന് പരിഹസിച്ചത് ഒരു മുന്‍ കെപിസിസി അധ്യക്ഷനും നിലവിലെ ലോക്‌സഭാംഗവുമായ ഒരു ബഹുമാന വ്യക്തിയാണ്.

നിങ്ങള്‍ ഇപ്പോള്‍ പൊതുമണ്ഡലത്തില്‍ വേട്ടയാടലിനെക്കുറിച്ച് വാചാലരാവുകയാണ്. രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള വേട്ടയാടലുകളെക്കുറിച്ച് ഒരു സംവാദം നടക്കുന്നത് സ്വാഗതാര്‍ഹമാണ്. സോളാര്‍ കേസില്‍ വേട്ടയാടലുകള്‍ ആരു തുടങ്ങി, ആര് തുടര്‍ന്നു എന്നുള്ളത് മേല്‍പ്പറഞ്ഞ ചില വസ്തുതകളുടെ അടിസ്ഥാനത്തില്‍ പകല്‍പോലെ വ്യക്തമാവുകയാണ്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികള്‍ എന്ന നിലയിലും പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികള്‍ എന്ന നിലയിലും പ്രതിഷേധം ഉയര്‍ത്തുവാന്‍ ഞങ്ങള്‍ തയാറാവുക സ്വാഭാവികമാണ്. അത് ഒരിക്കലും വ്യക്തികളെ വേട്ടയാടാന്‍ വേണ്ടിയുള്ളതായിരുന്നില്ല. ഞങ്ങള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെ അപലപിക്കാനും ഞങ്ങള്‍ മടികാണിച്ചിട്ടില്ല.

കേരള രാഷ്ട്രീയത്തില്‍ വേട്ടയാടലുകളുടെ ഒരു ചരിത്രമുണ്ട്. അതു പറഞ്ഞാല്‍ പ്രമേയാവതാരകന്റെ പാര്‍ടിക്ക് അത്ര സുഖകരമായിരിക്കില്ല.
1957-59 കാലഘട്ടത്തില്‍ ആദ്യ നിയമസഭയില്‍ പ്രതിപക്ഷ നേതാവായും പിന്നീട് 1960-64 ല്‍ നിലവില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന പി ടി ചാക്കോ എന്ന മനുഷ്യന്റെ പേര് നിങ്ങള്‍ മറന്നുപോയോ? ഒരു സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ അന്നത്തെ കോണ്‍ഗ്രസ് ഗ്രൂപുകള്‍ ഏതു രീതിയിലാണ് വിമര്‍ശിച്ചത്? ഇത് വേട്ടയാടലാണോ അല്ലയോ എന്നത് ഞാന്‍ പറയേണ്ട കാര്യമില്ല.

കാര്യങ്ങള്‍ അവിടെ നിന്നില്ല. ബഹുമാനപ്പെട്ട ശ്രീ കെ കരുണാകരന്‍ 1994 ല്‍ മുഖ്യമന്ത്രിപദം രാജിവെയ്ക്കുന്നതിനു മുമ്പായി തിരുവനന്തപുരത്ത് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ച വാക്കുകള്‍ ഞാനിവിടെ ഉദ്ധരിക്കുന്നില്ല. തന്നെ പിന്നില്‍നിന്നും കുത്തിയ സ്വന്തം പാര്‍ടിയിലെ ചില നേതാക്കന്‍മാരെപ്പറ്റിയും താന്‍ വിധേയനായ വേട്ടയാടലുകളെപ്പറ്റിയും പറഞ്ഞത് ഈ ഘട്ടത്തില്‍ സ്മരണീയമാണ്.

1991-96 കാലഘട്ടത്തില്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായിരുന്നു ശ്രീ പിവി നരസിംഹ റാവു. അദ്ദേഹം നടപ്പാക്കിയ നവലിബറല്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങളെയും അന്നത്തെ അഴിമതികളെയും രാജ്യത്തെ ഇടതുപക്ഷം അതിശക്തമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍, അദ്ദേഹം മരിച്ചപ്പോള്‍ താന്‍ അധ്യക്ഷനായിരുന്ന പാര്‍ടിയുടെ ഓഫീസിന്റെ കവാടങ്ങള്‍ അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് അകത്തേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് അടഞ്ഞുകിടക്കുകയുണ്ടായി എന്നതായിരുന്നു വാര്‍ത്തകള്‍. ഇത് പകയാണോ, വേട്ടയാടലാണോ?

ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും പാവപ്പെട്ട മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്തിട്ടുള്ള പ്രമുഖ ദേശീയ നേതാവായ എ കെ ജി ശയ്യാവലംബിയായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ 1977 ലെ തിരഞ്ഞെടുപ്പ് ഘട്ടമായിരുന്നു. കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന മുദ്രാവാക്യം പ്രമേയാവതാരകന്റെ മുന്‍തലമുറക്കാര്‍ വിളിച്ചത് നമുക്ക് ഇന്നും ഓര്‍മ്മയുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പകപോക്കാനും വേട്ടയാടാനുമുള്ള അടിസ്ഥാനമാണെന്ന് നിരന്തരം നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് തെറ്റായ കീഴ് വഴക്കമാണെന്ന് ഇപ്പോഴെങ്കിലും അംഗീകരിക്കാന്‍ തയാറുണ്ടെങ്കില്‍ അത്രയും നല്ലത്.

നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു പക്ഷഭേദവും കാണിക്കാതെ മുന്നോട്ടുപോകാന്‍ മടിയില്ലാത്ത സര്‍കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. എന്നാല്‍, ലഭ്യമല്ലാത്ത റിപോര്‍ടില്‍ ഉണ്ടെന്നു പറയപ്പെടുന്ന പരാമര്‍ശങ്ങളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം നിങ്ങള്‍ക്ക് അറിയാത്തതല്ല.

ഇവിടെ ഞങ്ങളാരും ആരെയും വേട്ടയാടിയിട്ടില്ല. ആരാണ് വേട്ടയാടിയത് എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചാല്‍ മതി. കെട്ടടങ്ങിയ ഒരു വിഷയത്തെ ഇവിടെ ഈ സഭയില്‍ ചര്‍ചയ്ക്ക് അനവസരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് തന്നെ ആ തരത്തിലുള്ള വേട്ടയാടലല്ലേ? മറുപടി നിങ്ങള്‍ പറയുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്നു നടക്കുന്ന ഗൂഢനീക്കങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തിയുള്ളവരാണ് ഇന്നാട്ടിലെ ജനങ്ങള്‍.

ദല്ലാള്‍ കഥ നിങ്ങളുടെ ആവശ്യത്തിന് കെട്ടിച്ചമക്കുന്ന കഥയാണ്. അത്ര പെട്ടെന്ന് എന്റടുത്തു വരാനുള്ള മാനസികാവസ്ഥ അയാള്‍ക്ക് കാണില്ലെന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. മുമ്പ് ദല്ലാള്‍ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് താന്‍. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്.

സോളാര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നുമാസം കഴിഞ്ഞാണ്. വന്ന പരാതിയില്‍ നടപടി സ്വീകരിച്ചു എന്നല്ലാതെ രാഷ്ട്രീയമായി ഒരു തരത്തിലുള്ള ഇടപെടലും അന്വേഷണ ഘട്ടത്തില്‍ എടുത്തിട്ടില്ല.

Solar Case | കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ് സോളാര്‍ കേസുകള്‍; നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ഒന്നേ ഞാന്‍ പറയുന്നുള്ളൂ. ഇവിടെ കോണ്‍സ്പിറസി നടന്നു എന്ന് നിങ്ങള്‍ പറഞ്ഞു. അതില്‍ അന്വേഷണം വേണമെന്നും പറഞ്ഞു. ആ സിബിഐ റിപോര്‍ടിന്റെ ഭാഗമായി നിങ്ങള്‍ ഉന്നയിക്കാനുള്ള കാര്യങ്ങള്‍ ഉന്നയിക്കുക. അതില്‍ നിയമപരമായ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

വസ്തുതകളുടോയോ ന്യായത്തിന്റെയോ പിന്‍ബലം നിങ്ങള്‍ക്കില്ല. അതുകൊണ്ട്, ഈ ചര്‍ചകളുടെ വെളിച്ചത്തില്‍ പ്രമേയം തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Chief Minister Pinarayi Vijayan On Solar Case, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Solar Case, Allegation, Congress, CBI, Report, Probe, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia