Books Released | 'എന്റെ പുസ്തകം എന്റെ വിദ്യാലയം': ലോകത്തില്‍ തന്നെ അപൂര്‍വ നേട്ടവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്; വിദ്യാര്‍ഥികള്‍ എഴുതിയ 1056 പുസ്തകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുമിച്ച് പ്രകാശനം ചെയ്തു
Feb 9, 2024, 21:25 IST
കണ്ണൂര്‍: (KVARTHA) വിദ്യാര്‍ഥികളില്‍ വായനയും സര്‍ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത് ആവിഷ്‌ക്കരിച്ച 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയിലൂടെ തയാറാക്കിയ 1056 പുസ്തകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പളളിക്കുന്ന് കൃഷ്ണമേനോന്‍ കോളജില്‍ വര്‍ണാഭമായ ചടങ്ങുകളോടെ പ്രകാശനം ചെയ്തു.
സംസ്ഥാന സ്‌കൂള്‍ കാലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന്റെ സ്വര്‍ണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാര്‍ഥികളാണ്. കലാസാഹിത്യ രംഗങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള ഈ നാടിനെ ബ്ലഡി കണ്ണൂരെന്ന് ചിലര്‍ അധിക്ഷേപിച്ചു. അവര്‍ക്ക് കണ്ണൂരിലെ കുഞ്ഞുങ്ങള്‍ നല്‍കുന്ന മറുപടി കൂടിയാണ് ഇതെന്നും കണ്ണൂരിനെ ബ്യൂടിഫുളെന്ന് വിശേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങള്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്ന ഇടങ്ങളാണ്. സ്‌കൂളുകള്‍ കേവലം വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ മാത്രമല്ല. സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടങ്ങളായി ക്ലാസ് മുറികള്‍ മാറുകയാണ്. എഴുത്ത് കേവലം ചിന്തകളെ പ്രകാശിപ്പിക്കാനുള്ള ഒരു ഉപാധിയല്ല. മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കാനും സമൂഹം അറിയാതെ പോകുന്ന മനുഷ്യാവസ്ഥകളെ ലോകത്തിന് മുന്നില്‍ എത്തിക്കാനുള്ള ഉപാധികൂടിയാണ്.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിവുകള്‍ ലഭിക്കുന്നതിന് നിരവധി അവസരങ്ങള്‍ നിലവിലുണ്ട്. അവയില്‍ തെറ്റായതും ശരിയായതുമായ അറിവുകള്‍ ഉണ്ടാകും. അതു വേര്‍തിരിച്ചറിഞ്ഞ് ശരിയായത് ഉള്‍കൊള്ളാനുള്ള തിരിച്ചറിവു കൂടി വേണം. സാങ്കേതിക വിദ്യയുടെ വളര്‍ച പ്രയോജനപ്പെടുത്തി പുസ്തകങ്ങളും വായനകളും പുതിയ തലങ്ങളിലേക്ക് വളരുകയാണ്. വായനക്കായി മാത്രമുള്ള സാങ്കേതികവിദ്യ തന്നെ നിലവിലുണ്ട്. അച്ചടിച്ച കോപികള്‍ പോലും ഇതുവഴി വായിക്കാനാകും. അതു ഗുണപരമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഹൃദയത്തിന്റെയും മനസിന്റെയും ശുദ്ധീകരണമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടിലേക്ക് ജില്ലയിലെ കുട്ടികളെ നയിക്കുകയെന്ന വിശാലവും വിപുലവുമായ കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കിയത്. വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ഒരു തലമുറയെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യമാണ് ബൃഹത്തും നവീനവുമായ പദ്ധതി ഏറ്റെടുക്കാന്‍ ജില്ലാ പഞ്ചായതിന് പ്രചോദനമായത്.
വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50,000 കുട്ടികള്‍ എഴുത്തും വരയും നിറവും നല്‍കുന്ന 1056 പുസ്തകങ്ങള്‍, കുട്ടികള്‍ എഡിറ്ററും പ്രസാധകരുമായി മാറുന്ന അപൂര്‍വതയാണ് പദ്ധതിയിലൂടെ സാക്ഷാത്കരിച്ചത്. എന്റെ പുസ്തകം എന്റെ വിദ്യാലയം ലോക ചരിത്രത്തില്‍ അപൂര്‍വമായി മാറുന്നത് ഇങ്ങനെയാണ്. 1056 പുസ്തകങ്ങള്‍ ഒരുമിച്ച് ഒരേ വേദിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ലോകചരിത്രത്തില്‍ ആദ്യമാണ്.
വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹായത്തോടെയാണ് ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയത്. കുട്ടികള്‍ എഴുതിയ സൃഷ്ടികള്‍ വിദ്യാലയതലത്തില്‍ എഡിറ്റ് ചെയ്ത് കയ്യെഴുത്ത് പ്രതിയായിരുന്നു ലഭിച്ചത്. കുട്ടികള്‍ തന്നെ സ്റ്റുഡന്റ് എഡിറ്റര്‍ ആയി തയാറാക്കിയ കയ്യെഴുത്തു പ്രതികള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വായനക്കുറിപ്പുകള്‍, സയന്‍സ് ലേഖനങ്ങള്‍, ചെറുനാടകങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗത്തില്‍പ്പെടുന്ന ബുകുകള്‍(Book) ആയി മാറുകയായിരുന്നു.
ഓരോ വിദ്യാലയത്തില്‍ നിന്നും ലഭിച്ച രചനകള്‍ ഡി ടി പി ചെയ്തു വിദ്യാരംഗം കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഒന്നുകൂടി പരിശോധനക്ക് വിധേയമാക്കിയാണ് 1056 പുസ്തകങ്ങളെന്ന അത്ഭുത നേട്ടം സ്വന്തമാക്കിയത്. കൈരളി ബുക്സ്, ചിന്ത പബ്ലികേഷന്‍സ് എന്നീ പ്രസാധകര്‍ വഴിയാണ് പ്രിന്റിംഗ് ഉള്‍പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ പ്രോജക്ടിന്റെ ലക്ഷ്യം കൈവരിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായതിന്റെ 2022-23, 2023-24 വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Chief Minister Pinarayi Vijayan jointly released 1056 books written by students, Kannur, News, Chief Minister, Pinarayi Vijayan, Released, Students, Story, Poem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.