Argument | കെകെ രമയ്ക്ക് സഭയില്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി വീണ്ടും മുഖ്യമന്ത്രി; അന്ന് സ്പീകര്‍, ഇത്തവണ പ്രതികരിച്ചത് ആരോഗ്യമന്ത്രി; കൊന്നിട്ടും വാശി തീര്‍ന്നില്ലെന്ന് വിഡി സതീശന്‍


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി ആരോപണം
പ്രശ്നം ലാഘവത്തോടെയാണ് സര്‍കാര്‍ എടുക്കുന്നതെന്നും കുറ്റപ്പെടുത്തല്‍
തിരുവനന്തപുരം: (KVARTHA) ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് കെകെ രമ(KK Rema) എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍(Assembly) മറുപടി പറയുന്നതില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളേക്കുറിച്ചുള്ള രമയുടെ അടിയന്തര പ്രമേയ നോടീസിനാണ്(Urgent motion notice) മുഖ്യമന്ത്രി മറുപടി നല്‍കാതെ മന്ത്രി വീണാ ജോര്‍ജിനെ ചുമതലപ്പെടുത്തിയത്.
പീഡനക്കേസിലെ പൊലീസ്(Police)നിലപാട് കേരളത്തെ ലജ്ജിപ്പിക്കുന്നുവെന്നും മുന്‍ എസ് എഫ് ഐ നേതാവ്(SFI Leader)പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചുവെന്നും രമ ചൂണ്ടിക്കാട്ടി. ബ്രിജ് ഭൂഷണിന്റെ അക്രമങ്ങളെ വെല്ലുന്നതാണ് കെസിഎ പരിശീലകന്റെ പീഡനമെന്നും ഫിറ്റ് നസ് തെളിയിക്കാന്‍ നഗ്‌നചിത്രങ്ങളാണ് പരിശീലകന്‍ ആവശ്യപ്പെട്ടതെന്നും രമ സഭയില്‍ പറഞ്ഞു.
എന്നാല്‍ നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി സഭാതലത്തില്‍ എത്തിയില്ല. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് വീണ ജോര്‍ജിനായതുകൊണ്ടാണ് മറുപടി നല്‍കാന്‍ അവരെ ഏല്‍പ്പിച്ചതെന്നാണ് ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി നല്‍കേണ്ടിയിരുന്ന ചോദ്യങ്ങളാണ് രമയുടെ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നതിലധികവും എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി ആരോപിച്ച കെകെ രമ പ്രശ്നം ലാഘവത്തോടെയാണ് സര്‍കാര്‍ എടുക്കുന്നതെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തതുതന്നെ ഇതിന് ഉദാഹരണമെന്നും അടിയന്തരപ്രമേയ നോടീസ് അവതരിപ്പിച്ചുകൊണ്ട് രമ പറഞ്ഞു.
നേരത്തെ ടിപി ചന്ദ്രശേഖന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെകെ രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോടീസിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. അന്ന് മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീകര്‍ നല്‍കിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
51 വെട്ട് വെട്ടി ആ മനുഷ്യനെ കൊന്നിട്ടും വാശിതീര്‍ന്നില്ലെന്നായിരുന്നു സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. രമയെ പോലെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കപ്പെട്ട ആരെങ്കിലും വേറെയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
യൂത് കോണ്‍ഗ്രസ് നേതാവിന്റെ കമന്റ് മന്ത്രി നിയമസഭയില്‍ വായിച്ചു. അതുപോലെ മറ്റ് പല കമന്റുകളും പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാനുണ്ടെന്നും എന്നാല്‍ അതൊന്നും സഭയില്‍ വായിക്കാന്‍ കഴിയില്ലെന്നും സതീശന്‍ തുറന്നടിച്ചു. അരൂരില്‍ മര്‍ദനത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ലെന്നും സ്റ്റേഷന്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐസിയു പീഡനത്തില്‍ ഇരയ്‌ക്കൊപ്പം നിന്നയാളെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ആളാണ് ആരോഗ്യമന്ത്രിയെന്നും സതീശന്‍ പരിഹസിച്ചു.
അടിയന്തര പ്രമേയത്തിന് മറുപടി പറയാന്‍ എത്തിയ മന്ത്രി വീണാ ജോര്‍ജ് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് മറുപടി നല്‍കി. എന്നാല്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആണെന്നും ഐസിയുവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അറിയിച്ചു. കാപ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചുവെന്ന് പറഞ്ഞതും തെറ്റാണെന്നും ഇപ്പോള്‍ കാപ കേസ് പ്രതിയല്ലെന്നും നിലവില്‍ രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് ഉള്ളതെന്നും വീണാജോര്‍ജ് വിശദീകരിച്ചു.