Gold Smuggling Case | സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് എല്ലാ സഹായവും നല്‍കുന്നത് ആര്‍എസ്എസ് ബന്ധമുള്ളവര്‍; ജോലിയും കൂലിയും വകീലും സുരക്ഷയും എല്ലാം അവരുടെ വകയെന്ന് പിണറായി വിജയന്‍
Jun 28, 2022, 17:03 IST
തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് എല്ലാ സഹായവും നല്‍കുന്നത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിക്ക് ജോലിയും കൂലിയും വകീലും സുരക്ഷയും എല്ലാം അവരുടെ വക. അത്തരമൊരു വ്യക്തിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണ്. ജയിലില്‍ കിടന്നപ്പോള്‍ ഇവര്‍ മറ്റൊന്നാണ് പറഞ്ഞത്. ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. സസ്‌പെന്‍സ് നിലനിര്‍ത്തി നടത്തുന്ന വെളിപ്പെടുത്തല്‍ അതിന്റെ ഭാഗമാണെന്നും അതിന്റെ സത്യം തേടുന്നതില്‍ എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തിരുത്തിക്കാന്‍ ശ്രമിച്ചെന്ന ആരോപണം വസ്തുത വച്ചാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങള്‍ പ്രമേയ അവതാരകര്‍ക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച മുഖ്യമന്ത്രി, സ്വപ്നയ്ക്കു പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ള സംഘടനയെന്നും പറഞ്ഞു.
മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടെങ്കില്‍ കണ്ടെത്തണം. പ്രതിക്കുമേല്‍ സമ്മര്‍ദമുണ്ടെങ്കില്‍ അന്വേഷിക്കണമെന്നതാണ് നിലപാട്. അന്വേഷണം വേണ്ട എന്ന നിലപാടില്ല, സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. ഒരു കാര്യത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട കാര്യം സര്‍കാരിനില്ല. ഇടനിലക്കാര്‍ എന്നത് കെട്ടുകഥ മാത്രമാണ്. പ്രതിപക്ഷത്തിന്റെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാരന്‍. ഇടനിലക്കാരനായി വന്നയാള്‍ക്ക് കോണ്‍ഗ്രസ് ബന്ധമാണ്.
ബിജെപിയും പ്രതിപക്ഷവും തമ്മില്‍ കൂട്ടുകച്ചവടമാണ്. സംഘപരിവാറിന് ഇഷ്ടപെടാത്തതൊന്നും പ്രതിപക്ഷം ചോദിക്കില്ല. ബിജെപിക്ക് സ്വീകാര്യരാകാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. സ്വപ്നയ്ക്ക് ജോലികിട്ടിയതും ആ സ്ഥാപനത്തെ കുറിച്ചും പ്രതിപക്ഷം ഒന്നും ചോദിക്കില്ല. എന്‍ഫോഴ്‌സ്‌മെന്റിന് (ED) ഒരു വിശ്വാസ്യതയും ഇല്ലെന്ന് പറയുന്ന കോണ്‍ഗ്രസിന് ഇവിടെ നിലപാട് മറിച്ചാണ്.
സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമം നടത്തി. പൊലീസ് അതില്‍ ഇടപെടുന്നത് സ്വാഭാവികമാണ്. സ്വര്‍ണക്കടത്തിന്റെ സത്യമറിയാന്‍ മാത്രമാണ് സര്‍കാരിന്റെ ശ്രമം. സ്വര്‍ണക്കടത്തില്‍ എന്തോ പുതിയത് നടന്നെന്ന് വരുത്താന്‍ ശ്രമിക്കുന്നു.
എന്നാല്‍, ഉഴുതുമറിച്ചിട്ടും ഒന്നും കിട്ടിയില്ല. തെളിവു കിട്ടിയാല്‍ കോണ്‍ഗ്രസും ബിജെപിയും ഇവിടെ എന്തെല്ലാം നടത്തിയേനെ. തീയില്ലാത്തിടത്ത് പുക കണ്ടെന്ന ബഹളമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോടിസെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Chief Minister On Gold Smuggling Case, Thiruvananthapuram, News, Politics, Assembly, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.