CM | സംസ്ഥാനത്ത് 4 ഭവന സമുച്ചയങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ലൈഫ് മിഷനില്‍ 30 എണ്ണം കൂടി നിര്‍മിക്കുമെന്ന് പിണറായി വിജയന്‍

 


തലശ്ശേരി: (www.kvartha.com) ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങള്‍ക്ക് വേണ്ടി ലൈഫ് മിഷന്‍ മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച കടമ്പൂര്‍ (കണ്ണൂര്‍), പുനലൂര്‍ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂര്‍ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കടമ്പൂര്‍ ഫ് ളാറ്റിലെ 44 ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറ്റവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗുണഭോക്താവ് കെ എം റംലത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പാലുകാച്ചി. സംസ്ഥാനത്ത് 25 ഭവന സമുച്ചയങ്ങളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. കടമ്പൂരില്‍ നാല് നിലകളിലായി 400 ചതുരശ്ര അടിയില്‍ 44 ഫ്ളാറ്റുകളാണുള്ളത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ മൂന്ന് ഘട്ടങ്ങളിലായി മൂന്നര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇതിനകം വീട് നിര്‍മിച്ചുനല്‍കാന്‍ കഴിഞ്ഞു. നാല് പേരുള്ള ഒരു കുടുംബം എടുത്താല്‍, 14 ലക്ഷം പേര്‍ സ്വന്തം വീട്ടില്‍ കഴിയുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂര്‍ത്തീകരിച്ചത്. 64,585 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 40,645 പേര്‍ 2020ലെ ഗുണഭോക്തൃ പട്ടികയില്‍ പെട്ടവരാണ്.

ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷന്റെ ഭാഗമായി 71,861 വീടുകളാണ് നിര്‍മിക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ 1436.26 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നമ്മുടെ സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിച്ച ഒരു പരിപാടിയുടെ ശരിയായ തോതിലുള്ള പൂര്‍ത്തീകരണമാണ് നടന്നുവരുന്നത്. ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മിക്കാന്‍ 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സര്‍കാറിനെ ഏല്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ മുതല്‍ വലിയ വ്യവസായികള്‍ വരെ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്.

പലകാര്യങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാവാമെങ്കിലും ഇതുപോലുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങളല്ല ഉണ്ടാവേണ്ടത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ലൈഫില്‍ വീടിനുള്ള അര്‍ഹത തുരുമാനിക്കുന്നത്. നമ്മുടെ നാട്ടില്‍ നമ്മോടൊപ്പം ജീവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കുക എന്നതില്‍പരം ഒന്നും ചെയ്യാനില്ല.

ഇത്തരം കാര്യങ്ങളിലും അനാരോഗ്യകരമായ ചില പ്രവണതകള്‍ ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നത്. ലൈഫ് മിഷന് പുറമെ മീന്‍പിടുത്ത തൊഴിലാളികളെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള 'പുനര്‍ഗേഹം' പദ്ധതിയിലൂടെ 1931 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

3292 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രെജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. 3921 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ വില നിശ്ചയിച്ചു. തിരുവനന്തപുരത്ത് 148 വീടുകളും മലപ്പുറം 128 വീടുകളും കൊല്ലത്ത് 114 വീടുകളുമടക്കം ആകെ 390 യൂനിറ്റുകളുള്ള ഫ്‌ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയ 192 യൂനിറ്റ് ഫ്‌ളാറ്റുകള്‍ ഇതിന് പുറമെയാണ്.

ആലപ്പുഴയില്‍ 228 യൂനിറ്റ് ഫ്‌ളാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 956 വീടുകളുള്ള ഫ് ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കി. വലിയതുറയിലും വേളിയിലും 192 വീടുകള്‍ അടങ്ങുന്ന ഫ്‌ളാറ്റിനുള്ള അനുമതി വേഗം തന്നെ ലഭ്യമാക്കാന്‍ സാധിക്കും. സര്‍കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പുനര്‍ഗേഹത്തില്‍ മുട്ടത്തറയില്‍ 400, പൊന്നാനിയില്‍ 100, വെസ്റ്റ് ഹിലില്‍ 80, കാസര്‍കോട് 144 വീടുകളുള്ള ഫ്‌ളാറ്റുകളുടെ നിര്‍മാണം ആരംഭിക്കാന്‍ പോവുകയാണ്.

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ കെയര്‍ഹോം പദ്ധതിയുമായി സഹകരണ മേഖല മാതൃകാപരമായി മുന്നോട്ടുവന്നു. ലൈഫ് മിഷനില്‍ വീട് നിര്‍മിച്ചുനല്‍കാനും സഹകരണ മേഖല തയാറായി.
മനസ്സോടിത്തിരി മണ്ണ് പദ്ധതി പ്രകാരം എരുവേശ്ശേി ഗ്രാമപഞ്ചായതിലെ തന്റെ ഭൂമി സൗജന്യമായി നല്‍കുന്ന റിട. എഇഒ ജോയ് കെ ജോസഫ് സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി.

കടമ്പൂര്‍ ഭവന സമുച്ചയ വളപ്പില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, അഹ് മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ഡോ. വി ശിവദാസന്‍ എംപി, കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, ലൈഫ് മിഷന്‍ സി ഇ ഒ പി ബി നൂഹ്, തദ്ദേശ വകുപ്പ് ഡയറക്ടര്‍ എച് ദിനേശന്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പി കെ പ്രമീള, കടമ്പൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി വി പ്രേമവല്ലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക് പഞ്ചായത് അംഗം ഇ കെ സുരേശന്‍, കടമ്പൂര്‍ ഗ്രാമപഞ്ചായത് അംഗം എ വിമലാദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത് വിട്ടു നല്‍കിയ 40 സെന്റ് സ്ഥലത്താണ് പ്രീഫാബ് ടെക്നോളജിയില്‍ ഭവന സമുച്ചയം നിര്‍മിച്ചത്. രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്ളാറ്റില്‍ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും.

20 കിലോ വാടിന്റെ സോളാര്‍ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ ഒരുക്കിയിട്ടുണ്ട്. കുഴല്‍ക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കുന്നു. 25,000 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.

CM | സംസ്ഥാനത്ത് 4 ഭവന സമുച്ചയങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ലൈഫ് മിഷനില്‍ 30  എണ്ണം  കൂടി നിര്‍മിക്കുമെന്ന് പിണറായി വിജയന്‍

തുമ്പൂര്‍മുഴി മാതൃകയില്‍ എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്ളാറ്റുകള്‍ അംഗപരിമിതരുള്ള കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ടന്‍സി. തെലങ്കാനയിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ആണ് കരാറെടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

Keywords:  Chief Minister inaugurated 4 housing complexes in the state, Thalassery, News, Chief Minister, Pinarayi-Vijayan, Kerala, Politics, Inauguration, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia