വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വപാഠങ്ങള്‍ പകര്‍ന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: സത്യസന്ധതയും സാമാന്യബോധവുമാണ് ഒരു നേതാവിനുണ്ടായിരിക്കേണ്ട രണ്ടു പ്രധാന ഗുണങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഓപ്പണ്‍ സ്‌പെയ്‌സ് യൂത്ത് ഇനിഷ്യേറ്റീവും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസും (എ.എസ്.ബി.) ചേര്‍ന്നു സംഘടിപ്പിച്ച ലീഡ് വേള്‍ഡ് 2013 നേതൃപരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് വിശ്വാസം ആര്‍ജ്ജിക്കാനാകുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേതാവിനെ വിശ്വസിക്കാമെന്ന് ജനത്തിനു തോന്നണം. ജനത്തോടു നേതാവിനു പ്രതിബദ്ധത ഇല്ലാതിരിക്കുകയോ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ചേരാതെ വരികയോ ചെയ്താല്‍ ജനത്തിന്റെ വിശ്വാസം നഷ്ടപ്പെടും. ജനം ഏല്‍പിക്കുന്ന വിശ്വാസം നിലനിര്‍ത്താനാവുന്ന ആളാകണം നേതാവ് - മുഖ്യമന്ത്രി പറഞ്ഞു.

തന്റെ വിദ്യാര്‍ത്ഥി ജീവിത കാലത്തെ അനുഭവങ്ങളിലേക്ക് സദസിനെ കൂട്ടിക്കൊണ്ടുപോവുകയും ഒരു പൊതുപ്രവര്‍ത്തകനായി മാറാന്‍ ആ കാലം തന്നെ ഏങ്ങനെയാണു സഹായിച്ചതെന്നു വരച്ചുകാട്ടുകയും ചെയ്ത മുഖ്യമന്ത്രി, ഒരു മണിക്കൂര്‍ നീണ്ട സംവാദത്തോടെ വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ ഇടംനേടി.

ശനിയാഴ്ച യോഗങ്ങള്‍ക്ക് ആളെക്കൂട്ടുക എന്നതായിരുന്നു അഞ്ചാം കഌസില്‍ പഠിക്കുമ്പോള്‍ ബാലജന സഖ്യത്തില്‍ അംഗമായ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ചുമതലകളിലൊന്ന്. രാവിലെ മുതല്‍ വൈകുന്നേരം വരെ വീടുവീടാന്തരം കയറിയിറങ്ങി താന്‍ പരമാവധിപ്പേരെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം ഓര്‍മിച്ചു. യോഗത്തിനു ശേഷം വീണ്ടും ഭവന സന്ദര്‍ശനം നടത്തി. വരാതിരുന്നവരോട് കാരണം അന്വേഷിച്ചു; പക്ഷേ, ഒരിക്കലും അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തിയില്ല. ക്രമേണ ആളുകളുമായി അടുപ്പം വളര്‍ന്നുവന്നു.

നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി തന്റെ വിരലിലെ സ്വര്‍ണമോതിരം നല്‍കിയ സംഭവം മുഖ്യമന്ത്രി വിശദീകരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആവേശഭരിതരായി. 'എന്റെയൊരു കൂട്ടുകാരന് സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സിന് പ്രവേശനം ലഭിക്കാന്‍ 30 രൂപയുടെ ആവശ്യം വന്നു. ഞാനും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് അത് സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. പിന്നെ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളു. മറ്റൊരു സുഹൃത്ത് മുഖാന്തിരം മോതിരം പണയം വെച്ചു. ഏതായാലും കൂട്ടുകാരന് കോഴ്‌സിനു ചേരാന്‍ കഴിഞ്ഞതിലായിരുന്നു ഞങ്ങളുടെ സന്തോഷം. പണയം തിരിച്ചെടുക്കാന്‍ പണം ഇല്ലാതിരുന്നതുകൊണ്ട് മോതിരം ലേലത്തില്‍ പോയി.' മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വപാഠങ്ങള്‍ പകര്‍ന്ന് മുഖ്യമന്ത്രി

വര്‍ഗീയത, അഴിമതി, തീവ്രവാദവും അക്രമങ്ങളും എന്നിവയാണ് രാജ്യം നേരിടുന്ന മൂന്ന് പ്രധാന പ്രശ്‌നങ്ങളെന്ന് ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവ നേരിടാന്‍ യുവജനങ്ങള്‍ കൂട്ടായി ശ്രമിക്കണം. മുതിര്‍ന്നവര്‍ ചിലപ്പോള്‍ ഒത്തുതീര്‍പ്പിനു വേണ്ടി പ്രായോഗിക മാര്‍ഗങ്ങള്‍ തേടിയേക്കാം. അപ്പോഴും നിങ്ങള്‍ക്ക് ആദര്‍ശത്തിലൂന്നിയ നിലപാടുണ്ടാകണം.

മാറ്റത്തോടുള്ള അടഞ്ഞ മനോഭാവം മൂലം കേരളത്തിന് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് കേരളം ഉണ്ടാക്കിയ നേട്ടങ്ങളുമായി ചേര്‍ത്തു നോക്കുമ്പോള്‍ ഐ.ടി. രംഗത്തും നമ്മള്‍ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ എത്തേണ്ടതാണ്. ഐ.ടി. ആകട്ടെ ഇപ്പോള്‍ വിപ്ലകരമായ മാറ്റമാണ് സൂമുഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അടഞ്ഞ മനോഭാവം മൂലം നമ്മള്‍ പിന്നിലായി. അയല്‍ സംസ്ഥാനമായ കര്‍ണാടക ഐ.ടി. രംഗത്തെ കയറ്റുമതിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നേടിയത് 77,000 കോടിയാണ്. കേരളത്തിനാകട്ടെ ഇത് വെറും 3,260 കോടി മാത്രമാണ്.

സൈക്കിളിനോടുള്ള ആവേശവും ആഹ്ലാദത്തോടെ വിശദീകരിക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തി. എം.എല്‍.എമാര്‍ക്കുവേണ്ടി സംഘടിപ്പിച്ച സൈക്കിള്‍ മല്‍സരത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നതിന്റെ ചിത്രം സംവാദത്തിനിടയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു അത്. വിദ്യാര്‍ത്ഥിയായിരിക്കെ, താന്‍ അമ്മാവന്റെ പഴയ ഒരു സൈക്കിള്‍ ഉപയോഗിച്ചിരുന്നു.

ഏതു പരാജയത്തെയും കഠിനാധ്വാനത്തിലൂടെ മറികടക്കാന്‍ കഴിയും എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. വിജയിക്കാന്‍ അധ്വാനമല്ലാതെ കുറുക്കുവഴികളില്ല. കഠിനാധ്വാനം തന്നെയായിരിക്കണം ജീവിത ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവജനങ്ങള്‍ മഹത്തായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും തങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നത് എന്താണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയും വേണമെന്ന് ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പി വി രാജഗോപാല്‍ പറഞ്ഞു. അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും പ്രദര്‍ശിപ്പിക്കണം. കൊള്ളക്കാരും പിടിച്ചുപറിക്കാരും തനിയെ ഉണ്ടാകുന്നതല്ല. സാമൂഹിക അനീതിയാണ് അവരെ അങ്ങനെയാക്കി മാറ്റുന്നത്. - ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും പുനരധിവസിപ്പിക്കാനും കഠിനാധ്വാനം ചെയ്തിട്ടുള്ള അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.എസ്.ബി. രക്ഷാധികാരി ജോര്‍ജ്ജ് എം. തോമസ് യു.എന്‍.ഡി.പി. ഗ്ലോബല്‍ ഡെമോക്രാറ്റിക് ഗവേണന്‍സ് അഡൈ്വസറും ഓപ്പണ്‍ സ്‌പെയ്‌സ് സ്ഥാപകരിലൊരാളുമായ ജോണ്‍ സാമുവല്‍, എ.എസ്.ബി. ഡയറക്ടര്‍ പ്രൊഫ എസ്. രാജീവ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പി.ആര്‍. ഇന്‍ ചാര്‍ജ്ജ് ഹരി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനീയറിംഗ്, ലോ അക്കാദമി, ഗവണ്‍മെന്റ് വിമന്‍സ് കോളജ്, ആള്‍ സെയിന്റ്‌സ് കോളജ്, കോളജ് ഓഫ് എന്‍ജിനീയറിംഗ്, ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിംഗ് കോളജ്, ക്രൈസ്റ്റ് നഗര്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികളാണ് സംവാദത്തിലും ഗ്രൂപ്പു ചര്‍ചകളിലും പങ്കെടുത്തത്.

ആസൂത്രണ ബോര്‍ഡ് അംഗവും എ എസ് ബി മെമ്പര്‍ സെക്രട്ടറിയുമായ ജി വിജയരാഘവന്‍ മോഡറേറ്ററായിരുന്നു.

Keywords:  Thiruvananthapuram, Oommen Chandy, Chief Minister, Inauguration, Students, Kerala, A.S.B, Student Leader, Chief Minister gives leadership lessons to students, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia