പ്രതിപക്ഷ മുതലെടുപ്പ് ഭയന്ന് പൂന്തുറക്കാരെ തണുപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടിയോടെ നാട്ടുകാര്‍ വരവേറ്റു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.07.2020)   രാത്രിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളും മറ്റും വാങ്ങാനാവാതെയും മത്സ്യബന്ധനത്തിന് പോകാനാവാതെയും തെരുവിലിറങ്ങിയ പൂന്തുറ നിവാസികളെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് പൂന്തുറയിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. അതോടെ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറും രംഗത്തെത്തി. സര്‍ക്കാര്‍ പൂന്തുറക്കാരോട് പ്രത്യേക രീതിയില്‍ പെരുമാറുന്നെന്ന ആക്ഷേപം നാട്ടുകാര്‍ക്കുണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞതോടെ, തോക്കേന്തിയ ആളുകള്‍ എത്തുമ്പോള്‍ പൂന്തുറക്കാര്‍ അടങ്ങുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലെ ഡോ. അഷീല്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടത് നാട്ടുകാരെ ചൊടിപ്പിച്ചിരുന്നു.

പ്രതിപക്ഷ മുതലെടുപ്പ് ഭയന്ന് പൂന്തുറക്കാരെ തണുപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടിയോടെ നാട്ടുകാര്‍ വരവേറ്റു


ഞായറാഴ്ച പൂന്തുറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സംസാരിച്ചു. എല്ലാവിധ സൗകര്യങ്ങളും സജ്ജമാണെന്നും ചികിത്സ തേടിയെത്തുന്നവര്‍ നന്നായി സഹകരിക്കുന്നതായും ആരോഗ്യ പ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചു. 24 മണിക്കൂറും സേവനങ്ങള്‍ സജ്ജമാണ്. പൂന്തുറ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിയ മന്ത്രി അവിടത്തെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. രോഗികളെ പാര്‍പ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു. കിടക്കകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കി. പിന്നാലെ ബീമാപള്ളിയിലെ ബി.എം. ആശുപത്രിയിലും സന്ദര്‍ശനം നടത്തി.


പാരിഷ് ഹാളിലെത്തിയ മന്ത്രിയെ ഫാദര്‍ അന്തോണി അടിമ ബെബിന്‍സന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതില്‍ അങ്ങേയറ്റം ഖേദമുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംവിധാനങ്ങള്‍ ഏറ്റവും മികച്ചതാണെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ പൂര്‍ണ തൃപ്തരാണെന്നും മന്ത്രിയെ അദ്ദേഹം അറിയിച്ചു. നാട്ടുകാര്‍ ഇക്കാര്യങ്ങളില്‍ പൂര്‍ണമായും സഹകരിക്കും. ചെറിയ അശ്രദ്ധ മൂലമുണ്ടായ അനിഷ്ട സംഭവത്തില്‍ അബദ്ധത്തില്‍ പങ്കാളികളായിപ്പോയര്‍ക്ക് കുറ്റബോധമുണ്ടെന്നും അത് മുഖ്യമന്ത്രിയെക്കൂടി അറിയിക്കണമെന്നും ഫാദര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. കോവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും മുഴുവന്‍ സമയവും ഉണ്ടാകുമെന്നും ഉടന്‍തന്നെ വിഷമഘട്ടത്തെ അതിജീവിക്കുമെന്നും മന്ത്രിയും പറഞ്ഞു.


പൂന്തുറയിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രതിരോധപ്രര്‍ത്തനങ്ങള്‍ നടത്തണമെന്നും റേഷന്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭിക്കാത്തതിനാലാണ് അവര്‍ തെരുവിലിറങ്ങിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരം എം.പി ശശിതരൂരും ആവശ്യപ്പെട്ടതോടെ സംഭവത്തിന് രാഷ്ട്രീയമാനം വന്നിരുന്നു. അതോടെയാണ് പൂന്തുറക്കാരെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.



Keywords:  Cm and Ministers reconcile Natives of Poonthura, Poonthura, CM, Ministers.Tripple lockdown, Fishermen, Ration. Fishing, Omman chandy, Shashi Taroor, Health workers
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia