Chief Minister | കോടിയേരി പാര്‍ടിക്കായി പരിചപോലെ പ്രവര്‍ത്തിച്ച നേതാവെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (KVARTHA) കേന്ദ്രസര്‍കാര്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഒന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം രാജ്യത്തെ ഒരു പ്രത്യേക തുരുത്തായി നില്‍ക്കുകയാണ്. രാജ്യത്തെ മറ്റു സര്‍കാരുകളില്‍ നിന്നും വ്യത്യസ്തമായി ബദല്‍നയങ്ങളാണ് കേരളത്തില്‍ സര്‍കാര്‍ നടപ്പിലാക്കുന്നത്. കേരളത്തില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളെ കോണ്‍ഗ്രസും ബി ജെ പിയും ഒരേ പോലെ എതിര്‍ക്കുകയാണ്. എന്നാല്‍ നമുക്ക് മുന്‍പോട്ടുപോയേ പറ്റു.

Chief Minister | കോടിയേരി പാര്‍ടിക്കായി പരിചപോലെ പ്രവര്‍ത്തിച്ച നേതാവെന്ന് മുഖ്യമന്ത്രി

നല്ല നാളെയ്ക്കായി ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയരണം. ഇതിനായി വിവിധ മേഖലകള്‍ വികസിക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം നമ്മളിലെല്ലാം നീറ്റലേല്‍പ്പിക്കുന്നുണ്ട്. കേരളത്തിലെ പാര്‍ടി ഏല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച നേതാവാണ് അദ്ദേഹം.

പാര്‍ടിക്കെതിരെയുളള നീക്കങ്ങളെ നേതൃപാടവം കൊണ്ടു പ്രതിരോധിച്ചു. പാര്‍ടി അക്രമം നേരിടുന്ന കാലത്തൊക്കെ പരിചപോലെ പ്രവര്‍ത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പൊലീസില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല.
കോടിയേരിയെ കേരളത്തിലെ പൊതുസമൂഹം ഓര്‍ക്കുന്നത് ഇന്ന് മാത്രമല്ല. കോടിയേരിയെ ഓര്‍ക്കുന്ന നിരവധി കാര്യങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്‌പ്പോഴുമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'പാര്‍ടി നേതാവ് മരണപ്പെടുമ്പോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. അവര്‍ ഇല്ലാതായാലും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവരെ എല്ലാക്കാലവും ഓര്‍ക്കുന്നവരാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. വര്‍ഗീയ വാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ധാരാളം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനസാന്നിധ്യം ഉണ്ടായിരുന്നു കോടിയേരിക്ക്.

ജീവിതാവസാനം വരെ അത് നിലനിര്‍ത്തി. ജീവിതമാകെ പാര്‍ടിക്കുവേണ്ടി സമര്‍പ്പിച്ച കമ്യൂണിസ്റ്റായിരുന്നു കോടിയേരി. പാര്‍ടിക്ക് മുകളിലല്ല താന്‍ എന്ന കമ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നു. കൃത്യമായ പ്രത്യയ ശാസ്ത്ര ബോധവും അടിയുറച്ച സംഘാടന ശക്തിയും കോടിയേരിയില്‍ കാണാന്‍ കഴിഞ്ഞു. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനയെ നവീകരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം കൂടിയായിരുന്നു കോടിയേരിയുടെ ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.

Keywords:  Chief Minister About Kodiyeri Balakrishnan, Kannur, News, Chief Minister, Pinarayi Vijayan, Kodiyeri Balakrishnan, Attack, Remembrance, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia