Chennithala | സര്‍കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണം; മെഡിസെപിലെ അപാകതകള്‍ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല
Aug 29, 2022, 19:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (സെറ്റോ)ആഭിമുഖ്യത്തില്‍ സെക്രടറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിസെപിലെ അപാകതകള്‍ പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളെ മെഡിസെപ്പ് പദ്ധതിയില്‍ കൊണ്ടുവരാന്‍ സര്‍കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിയാത്തത് സര്‍കാരിന്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല ആരോപിച്ചു.
ജീവനക്കാരില്‍ നിന്ന് വിഹിതം സമാഹരിച്ചിട്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വഞ്ചനാപരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് തിരുത്തിയേ മതിയാവൂ. സര്‍വത്ര ധൂര്‍ത്തിലും അഴിമതിയിലും മുങ്ങി നില്‍ക്കുന്ന ഒരു ഭരണകൂടം യാതൊരു തത്വദീക്ഷയുമില്ലാതെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷാമബത്ത കുടിശ്ശിക നാലു ഗഡു (11ശതമാനം) ആയി വിലക്കയറ്റത്തെ ചെറുക്കാനാണ് ക്ഷാമബത്ത നല്‍കുന്നതെന്ന അടിസ്ഥാനതത്വം പോലും സര്‍കാര്‍ മറന്നു പോയിരിക്കുന്നു. ഉയര്‍ന്ന ഇന്ധനവിലയും അന്യായമായ ജി എസ് ടിയും കൂടി കണക്കിലെടുക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വില പൊതു സമൂഹത്തെയൊന്നാകെ വട്ടം കറക്കുകയാണ്.
കാലാകാലങ്ങളായി ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ലീവ് സറന്‍ഡര്‍ ആനുകൂല്യം കഴിഞ്ഞ മൂന്ന് വര്‍ഷമായി തടഞ്ഞ് വച്ചിരിക്കുകയാണ്. എച് ബി എയും സി സി എ യുമെല്ലാം നിര്‍ത്തലാക്കി. എന്നാല്‍, സര്‍കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരു പറഞ്ഞ് ദിവസവും പുത്തന്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയാണ്. സാധരണക്കാരന് വീട് വയ്ക്കാന്‍ നാലു ലക്ഷം നല്‍കുന്ന നാട്ടില്‍ മുഖ്യമന്ത്രിയ്ക്ക് പശുത്തൊഴുത്ത് പണിയാന്‍ 40 ലക്ഷമാണ് നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍കാരിന്റെ കോടികളാണ് ഇങ്ങനെ വഴിവിട്ട ചെലവുകളിലൂടെ നഷ്ടപ്പെടുന്നത്. പങ്കാളിത്ത പെന്‍ഷന്‍കാരോടും സര്‍കാരിന് നിഷേധാത്മക നിലപാടാണ്. പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കാനുള്ള കമിറ്റി റിപോര്‍ട് സര്‍കാര്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. എന്തു വന്നാലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന സര്‍കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഖാദര്‍ കമിറ്റിയുടെ മറവില്‍ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് സര്‍കാരിന്റെ ഗൂഢ നീക്കമെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകലാശാലകളുടെ നിലനില്‍പിനെത്തന്നെ ചോദ്യം ചെയ്യുന്ന സമീപനമാണ്. എല്ലാക്കാലത്തേയും പോലെ ബോണസ് എന്ന പേരില്‍ തുച്ഛമായ തുക നല്‍കി ജീവനക്കാരെ വഞ്ചിക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശമ്പള പരിഷ്‌ക്കരണം കഴിഞ്ഞിട്ടും ബോണസിനുള്ള ശമ്പള പരിധി ഉയര്‍ത്താന്‍ സര്‍കാര്‍ തയാറായിട്ടില്ല.
സെക്രടറിയേറ്റ് ധര്‍ണയില്‍ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ കണ്‍വീനര്‍ സി പ്രദീപ്, ആര്‍ അരുണ്‍കുമാര്‍, എ പി സുനില്‍, ടി ഒ ശ്രീകുമാര്‍, പ്രകാശ്, സന്തോഷ്, ബി എസ് രാജീവ്, ഹാരീസ്, ഹരി, മുഹമ്മദാലി, അംബികാ കുമാരി, അനസ്, രാകേഷ് എന്നിവര്‍ സംസാരിച്ചു
Keywords: Chennithala wants to allow one month's salary as bonus, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Chief Minister, Government-employees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

