Mavelikkara | ഹാട്രിക് വിജയം സമ്മാനിച്ച മണ്ഡലത്തിൽ കൊടിക്കുന്നിലിന്റെ ജനസമ്മതി വോട്ടാകുമോ, അതോ, അരുണും ബൈജുവും വെട്ടുമോ? മാവേലിക്കര അടുത്തറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ സോണി കല്ലറയ്ക്കൽ

(KVARTHA) മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ ഇക്കുറി തീപാറുന്ന മത്സരമാണ് നടക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്, സിപിഐ സ്ഥാനാർത്ഥി യുവ നേതാവ് സി എ അരുൺകുമാർ, എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. കൊടിക്കുന്നിൽ ഇതുവരെ ലോക്‌സഭയിലേക്ക് മത്സരിച്ചത് ഒമ്പതുതവണയാണ്. ഏഴുതവണ ലോക്‌സഭാംഗമായി. 1989 മുതലുള്ള 35 വർഷങ്ങളിൽ രണ്ടു ചെറിയ കാലഘട്ടമൊഴിച്ചാൽ എം പി ആയി അദ്ദേഹമുണ്ട്. എം.പി.യെന്ന നിലയിലുള്ള ദീർഘകാലപരിചയമാണ് കൊടിക്കുന്നിലിന്റെ പ്ലസ് പോയിന്റ്. യുവത്വമാണ് സി എ അരുൺകുമാറിനെ ആകർഷിപ്പിക്കുന്നത്. മാവേലിക്കരയുടെ മാറ്റത്തിന് യുവത്വമുള്ള ഒരാള്‍ വരണമെന്ന തരത്തിലാണ് സിപിഐയുടെ പ്രചാരണം. എ.ഐ.വൈ.എഫ് നേതാവാണ് അരുൺ കുമാർ.

Mavelikkara | ഹാട്രിക് വിജയം സമ്മാനിച്ച മണ്ഡലത്തിൽ കൊടിക്കുന്നിലിന്റെ ജനസമ്മതി വോട്ടാകുമോ, അതോ, അരുണും ബൈജുവും വെട്ടുമോ? മാവേലിക്കര അടുത്തറിയാം

മാവേലിക്കര ലോക്‌സഭ മണ്ഡലം സി.പി.ഐ യുടെ സീറ്റാണ്. കോൺഗ്രസ് വിട്ട് എൻ.ഡി.എയിലേയ്ക്ക് ചേക്കേറിയ ആളാണ് ബൈജു കലാശാല. അതുകൊണ്ട് തന്നെ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ബൈജു കലാശാലയ്ക്ക് കഴിയുമെന്ന് ബി.ജെ.പിയും കരുതുന്നു. ഇദ്ദേഹത്തിന്റെ, സംഘടനാരംഗത്തെയും രാഷ്ട്രീയത്തിലെയും തഴക്കവും വഴക്കവും നേട്ടമാകുമെന്നാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിഡിജെഎസില്‍ ചേര്‍ന്ന ബൈജു കലാശാലയെ രംഗത്തിറക്കിയാണ് എന്‍ഡിഎ പോരിന് ആവേശം പകരുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി മാവേലിക്കര മണ്ഡലത്തില്‍ നിന്നു മത്സരിച്ചയാളാണ് ബൈജു കലാശാല. ബൈജുവിനെ നിര്‍ത്തിയതിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

1962-ലാണ് മാവേലിക്കര ലോക് സഭാ മണ്ഡലം രൂപീകൃതമായത്. അതിനു മുൻപ് തിരുവല്ല മണ്ഡലത്തിൻ്റെ ഭാഗമായിരുന്നു. 1962 മുതൽ 2009 വരെ ഇത് ജനറൽ വിഭാഗങ്ങൾക്ക് ആയിരുന്നുസംവരണം ചെയ്തിരുന്നത്. പിന്നീട് 2009 -ൽ മണ്ഡലം പുനർനിർണയിച്ചപ്പോൾ അടൂർ സംവരണമണ്ഡലം ഇല്ലാതായി മാവേലിക്കര സംവരണമണ്ഡലം ആകുകയായിരുന്നു. സംവരണമണ്ഡലം ആയതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇവിടെ കോൺഗ്രസിൻ്റെ കൊടിക്കുന്നിൽ സുരേഷ് ആണ് വിജയിച്ചത്. ജനറൽ മണ്ഡലം ആയിരുന്നപ്പോഴും കൂടുതലും യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമെന്ന ഖ്യാതി മാവേലിക്കര ലോക്സഭാ മണ്ഡലത്തിനുണ്ടായിരുന്നു.

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിവയും ചേര്‍ന്നതാണ്‌ മാവേലിക്കര ലോക്‌സഭാ മണ്ഡലം. പിന്നീട് നടന്ന 15 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 13 തവണയും മാവേലിക്കരക്കാര്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയുമാണ് നെഞ്ചേറ്റിയത്. 1952-ല്‍ കോണ്‍ഗ്രസിന്റെ സിപി മാത്തനാണ് തിരുവല്ലയെയും മാവേലിക്കരയെയും പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയയാള്‍. എന്നാല്‍ 1957ല്‍ സിപിഐയുടെ സമുന്നത നേതാവായ പികെ വാസുദേവന്‍ നായര്‍ വിജയിച്ചുകയറി.

1962-ല്‍ അതിശക്തമായ മത്സരത്തില്‍ സിപിഐ സ്ഥാനാര്‍ഥി പികെ കൊടിയനെ തോല്‍പിച്ച കോണ്‍ഗ്രസിലെ ആര്‍ അച്യുതനാണ് മാവേലിക്കരയെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയയാള്‍. അന്ന് വെറും 7,288 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 48.5 ശതമാനം വോട്ട് അച്യുതന്‍ നേടിയപ്പോള്‍ കൊടിയന് ലഭിച്ചത് 46.2 ശതമാനം വോട്ടുകളാണ്. എന്നാല്‍ തൊട്ടടുത്ത തവണ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ മംഗലത്തുമഠത്തിലൂടെ ഇടതുമുന്നണി മാവേലിക്കരയില്‍ ആദ്യമായി വെന്നിക്കൊടി പാറിച്ചു. പക്ഷേ ആ നേട്ടം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിനായില്ല.

നാലുവര്‍ഷത്തിനു ശേഷം നടന്ന 1971ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. സിപിഎമ്മിലെ കരുത്തുറ്റ നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയെയാണ് ബാലകൃഷ്ണപിള്ള തോല്‍പിച്ചത്. 55,527 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 55.6 ശതമാനം വോട്ട് ബാലകൃഷ്ണപിള്ള നേടിയപ്പോള്‍ എസ്ആര്‍പിക്ക് നേടാനായത് 41.1ശതമാനം വോട്ട് മാത്രം. പിന്നീട് ഈ മണ്ഡലത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കാത്തിരിക്കേണ്ടി വന്നത് മൂന്നു പതിറ്റാണ്ട് കാലമാണ്. ഇതിനിടെ ഇവിടെ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ ബികെ നായര്‍, പിജെ കുര്യന്‍, രമേശ് ചെന്നിത്തല എന്നിവരും യുഡിഎഫിനൊപ്പം നിന്ന ജനതാ പാര്‍ട്ടിയിലെ തമ്പാന്‍ തോമസും പാര്‍ലമെന്റിലേക്ക് വണ്ടികയറിയിരുന്നു.

1989 മുതല്‍ 1998 വരെ തുടര്‍ച്ചയായി നാലു തവണ കുര്യനായിരുന്നു മാവേലിക്കരയുടെ എംപി. മുപ്പത്തിമൂന്നു വര്‍ഷത്തിനു ശേഷം മാവേലിക്കരയില്‍ ചെങ്കൊടി പാറിയത് പിന്നീട് 2004-ലാണ്. തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം നിര്‍ത്തിയത് പുതുമുഖമായ സിഎസ് സുജാതയെ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മികച്ച ഭരണം കാഴ്ചവച്ച് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ സുജാതയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ചെന്നിത്തലയ്ക്ക് അടിപതറി. 7,414 വോട്ടിന് ചെന്നിത്തലയെ തോല്‍പിച്ച് സുജാത മാവേലിക്കരയുടെ പ്രതിനിധിയായി ഡല്‍ഹിക്കു പോയി. പിന്നീട് മാവേലിക്കര സംവരണ മണ്ഡലം ആയപ്പോഴാണ് ഇവിടേയ്ക്ക് കൊടിക്കുന്നിലിൻ്റെ വരവ്. അതുവരെ അദ്ദേഹം മത്സരിച്ചിരുന്നത് അടൂർ സംവരണ മണ്ഡലത്തിൽ ആയിരുന്നു. ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം കൊടിക്കുന്നിൽ സുരേഷ് ആണ് ഇവിടെ നിന്നും വിജയിച്ചത്.

2009ല്‍ നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ മാവേലിക്കര തിരിച്ചുപിടിക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏല്‍പിച്ചത് അടൂര്‍ മുന്‍ എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷിനെയാണ്. കൊടിക്കുന്നിലിനെതിരേ സിപിഐ നിര്‍ത്തിയത് ആര്‍എസ് അനില്‍ എന്ന യുവനേതാവിനെയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ അനിലിനെ തോൽപ്പിച്ച് കൊടിക്കുന്നിൽ കോൺഗ്രസിന് വേണ്ടി മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. മാവേലിക്കരയിലെ ആദ്യ അങ്കത്തില്‍ 48,048 വോട്ടുകള്‍ക്കായിരുന്നു കൊടിക്കുന്നില്‍ വിജയക്കൊടി നാട്ടിയത്. പോള്‍ചെയ്തതില്‍ 49.3 ശതമാനം വോട്ടും നേടി. അനില്‍കുമാറിന് 43.3 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി പിഎം വേലായുധന് ലഭിച്ചത് വെറും 5.10 ശതമാനം വോട്ടുകള്‍ മാത്രമാണ്. പിന്നീട് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ല.

മോദി തരംഗം ആഞ്ഞുവീശിയ 2014ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. സ്ഥാനാര്‍ഥി ആരെന്നതില്‍ കോണ്‍ഗ്രസിന് സംശയമുണ്ടായിരുന്നില്ല, കൊടിക്കുന്നില്‍ തന്നെ. സിപിഐ അത്തവണ രണ്ടും കല്‍പിച്ചായിരുന്നു. ചെങ്ങറ സുരേന്ദ്രനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ അവതരിപ്പിച്ചു. എന്നാല്‍ കൊടിക്കുന്നിലിനെ നിരാശപ്പെടുത്താന്‍ മാവേലിക്കരക്കാര്‍ തയ്യാറായില്ല. ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും ചെങ്ങറ 32,737 വോട്ടുകള്‍ക്ക് സാമാന്യം ഭംഗിയായി തോറ്റു. ഇരുമുന്നണിയുടെയും വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായതും ശ്രദ്ധേയമായി. കോണ്‍ഗ്രസിന് 45.3 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഐയ്ക്ക് 41.6 ശതമാനവും. നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2009-ലെ അഞ്ച് ശതമാനത്തില്‍ നിന്ന് തങ്ങളുടെ വോട്ട് ശതമാനം ഒമ്പതാക്കി ഉയര്‍ത്താന്‍ ബിജെപിക്കായി. യുവനേതാവ് അഡ്വ. പി സുധീറായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

2019-ല്‍ നടന്ന തെരഞ്ഞെടുപ്പിൽ മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ മൂന്നാമതും പാര്‍ലമെന്റിലേക്ക് അയച്ചു. 61,138 വോട്ടുകളുടെ വ്യത്യാസത്തില്‍. സിപിഐയുടെ ചിറ്റയം ഗോപകുമാറിനെയാണ് കൊടിക്കുന്നില്‍ തോല്‍പിച്ചത്. 45.4 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ സിപിഐയുടെ വോട്ട്‌വിഹിതത്തില്‍ വന്‍ ഇടിവാണ് നേരിട്ടത്. 39.1 ശതമാനം വോട്ടുകള്‍ മാത്രമാണ് ചിറ്റയത്തിന് ലഭിച്ചത്. എന്‍ഡിഎ മുന്നണിക്കായി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി തഴവ സഹദേവന്‍ ഒരു ലക്ഷത്തിലധികം വോട്ട് നേടി ഞെട്ടിക്കുകയും ചെയ്തു. 2019ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. ആ തിരഞ്ഞെടുപ്പിൽ 4,40,415 വോട്ടുകൾ നേടി കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 61,138 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. 3,79,277 വോട്ടുകൾ നേടിയ സി പി ഐ സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറാണ് കൊടിക്കുന്നിലിനോട് പരാജയപ്പെട്ടത്.

2019ൽ ഈ മണ്ഡലത്തിൽ 74.11% ആയിരുന്നു പോളിംഗ്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഹിന്ദു സാമുദായിക സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. 2019-ലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 1305682 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 64.42 ശതമാനം വോട്ടര്‍മാരും ഹിന്ദു മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 13.71 ശതമാനം മുസ്ലീം വോട്ടര്‍മാരും 21.84 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരും മാവേലിക്കരയിലുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം 190,630 വോട്ടര്‍മാരാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളത്. ഏകദേശം 14.6 ശതമാനം വരും ഇത്. 3,917 വോട്ടര്‍മാര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുണ്ട്, ഏകദേശം 0.3 ശതമാനം. മണ്ഡലത്തിലെ 83.7 ശതമാനം വോട്ടര്‍മാരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്. 16.3 ശതമാനമാണ് നാഗരിക മേഖലയില്‍ നിന്നുള്ളത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നിങ്ങനെ ഏഴ്‌ നിയമസഭാമണ്ഡലത്തിലായി വ്യാപിച്ചുകിടക്കുകയാണ് മാവേലിക്കര ലോക് സഭാ മണ്ഡലം. ഭൂപരമായി ഇത്രയേറെ വ്യത്യസ്തതകളുള്ളതും മൂന്നുജില്ലയിലായി കിടക്കുന്നതുമായ മണ്ഡലം വേറെയില്ല എന്ന് തന്നെ പറയാം. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്തരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത മാവേലിക്കരയ്ക്കുണ്ട്. കഴിഞ്ഞ 15 വർഷമായി കോൺഗ്രസ് കുത്തകയാക്കിയ മാവേലിക്കര ലോക്‌സഭാമണ്ഡലത്തിലെ ഏഴ്‌ നിയമസഭാമണ്ഡലവും സി.പി.എമ്മിന്റെയും ഘടകകക്ഷികളുടെയും കൈപ്പിടിയിലാണിപ്പോൾ.

മാവേലിക്കര ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന നിയസഭാ മണ്ഡലങ്ങളുടെ കാര്യം പരിശോധിച്ചാല്‍ ഇടതുമുന്നണിയിലെ ഏതാണ്ട് എല്ലാ കക്ഷികള്‍ക്കും ജനപ്രതിനിധികളുണ്ട്. മാവേലിക്കരയിലും ചെങ്ങന്നൂരും കൊട്ടാരക്കരയിലും സിപിഎം, കുട്ടനാട്ടില്‍ എന്‍സിപി, ചങ്ങനാശേരിയില്‍ കേരളാ കോണ്‍ഗ്രസ് എം, പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് ബി, കുന്നത്തൂരില്‍ ആര്‍എസ്പി ലെനിനിസ്റ്റ്. മൂന്നു മന്ത്രിമാരാണ് ഇവിടെ നിന്ന് സംസ്ഥാന മന്ത്രിസഭയിലുള്ളത്. മണ്ഡലത്തിൽനിന്ന് കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), കെ.ബി ഗണേഷ് കുമാർ (പത്തനാപുരം), സജി ചെറിയാൻ(ചെങ്ങന്നൂർ) എന്നിങ്ങനെ മൂന്ന് മന്ത്രിമാരുമുണ്ട് നിയമസഭയിൽ.

ഇവിടെ രാഷ്ട്രീയമല്ല പ്രധാനമായും ചർച്ചയായി വരുന്നത്. പ്രാദേശിക വിഷയങ്ങൾ തന്നെയാണ്. നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഇരുമുന്നണികളെയും ഒരുപോലെ ബാധിച്ചേക്കും. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില സമയത്ത് കിട്ടുന്നില്ലെന്ന പരാതിയുണ്ട്. കുന്നത്തൂരിലെ കശുവണ്ടി മേഖല പാടേ തകര്‍ന്നിരിക്കുകയാണ്. 75 ഓളം ഫാക്ടറികളാണ് പൂട്ടിപ്പോയത്. ഏതാണ്ട് 25,000 തൊഴിലാളികളാണ് വഴിയാധാരമായത്. വേനലിലും കുടിവെള്ളക്ഷാമവും വര്‍ഷകാലത്ത് പ്രളയ ഭീതിയും നേരിടുന്ന കുട്ടനാട്ടിലെ ജനജീവിതത്തിന് ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. റബ്ബറിന്റെ വിലയിടിവു കാരണം പത്തനാപുരത്തെ കര്‍ഷകര്‍ ആകെ വലഞ്ഞിരിക്കുകയാണ്. താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. അതിനിടെയാണ് കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യം. ഈ പ്രശ്‌നങ്ങളെല്ലാം സജീവമായി മണ്ഡലത്തിൽ ചർച്ചയാവുന്നുണ്ട്.

രാഷ്ട്രീയത്തെ സ്വാധീനിക്കും വിധം സാമുദായികഘടകങ്ങൾ കെട്ടുപിണഞ്ഞു കിടക്കുകയാണിവിടെ. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം, കത്തോലിക്കാസഭയുടെ രൂപതകൾ, വിവിധ ക്രൈസ്തവസഭകളുടെ ഭദ്രാസനങ്ങൾ, വിശ്വകർമസഭയുടെ ആസ്ഥാനം, കേരള പുലയർ മഹാസഭയുടെ ശക്തമായ യൂണിയനുകൾ... അങ്ങനെ മത-സാമുദായിക സംഘടനകളുടെ പ്രഭാവം പ്രബലമാണ് സംവരണമണ്ഡലമായ മാവേലിക്കരയിൽ. ഇതും ഇവിടുത്തെ വോട്ടുകളെ സ്വാധീനിക്കാവുന്ന ഘടകങ്ങൾ ആണ്.

ഹാട്രിക് വിജയം സമ്മാനിച്ച മാവേലിക്കരയിൽ ഇത്തവണയും കൊടിക്കുന്നിലിന്റെ ജനസമ്മതി വോട്ടാകുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. മാവേലിക്കര ഏതുവിധത്തിലും പിടിച്ചെടുക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് പുതുമുഖമായ സി.എ. അരുൺകുമാറിനെ സി.പി.ഐ. രംഗത്തിറക്കിയത്. എൽ.ഡി.എഫിന്‌ മേൽക്കൈയുള്ള നിയമസഭാമണ്ഡലങ്ങളുടെ കരുത്ത് തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്ന് ഇടതുമുന്നണി കരുതുന്നു. കഴിഞ്ഞതവണ കിട്ടിയ വോട്ട് വിഹിതം ഉയർത്തി ശക്തി തെളിയിക്കാൻ എൻ.ഡി.എയും ശ്രമിക്കുന്നു. ഭാഗ്യം ആരെ തുണയ്ക്കും. കാത്തിരുന്ന് കാണുക.

Keywords: News, Kerala, Politics, Election, Mavelikkara, Lok Sabha Election, CPI, Vote, NDA, Congress, Candidate, Chennithala facing tough challenge in Mavelikkara.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia