സമാധാനമായി സമരം ചെയ്യുന്ന ചെങ്ങറ ഭൂസമരക്കാരെ മാവോയിസ്റ്റാക്കാന്‍ ശ്രമമെന്ന് ആരോപണം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 28.01.2018) ചെങ്ങറയില്‍ സമാധാനപരമായി സമരം ചെയ്യുന്ന ഭൂരഹിതര്‍ അടക്കമുള്ളവരെ മാവോവാദികളായി ചിത്രീകരിക്കാനും സമരകേന്ദ്രങ്ങളില്‍ ആയുധശേഖരമുണ്ടെന്ന വ്യാജപ്രചാരണം നടത്തി ഭൂസമരപ്രവര്‍ത്തകരെ അപമാനിക്കാനും ആസൂത്രിതശ്രമം നടക്കുകയാണെന്ന് ചെങ്ങറ സമരസമിതി നേതാക്കള്‍ ആരോപിച്ചു. ഇതിനായി അന്വേഷണസംഘങ്ങളെ ഉപയോഗിച്ച് വ്യാജറിപോര്‍ട്ടുകള്‍ തയ്യാറാക്കുകയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലൂടെ നിരന്തരമായി വ്യാജറിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയുമാണ്. ചെങ്ങറ സമരത്തെ ഹാരിസണ്‍സ് മലയാളം കമ്പനിക്കുവേണ്ടി ഒറ്റുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. സമരഭൂമിയില്‍ ആയുധശേഖരമുണ്ടോയെന്ന് കണ്ടെത്തുന്നതിന് ഏതുസമയത്തും പോലിസിന് പരിശോധന നടത്താവുന്നതാണെന്നും സമരസമിതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സമാധാനമായി സമരം ചെയ്യുന്ന ചെങ്ങറ ഭൂസമരക്കാരെ മാവോയിസ്റ്റാക്കാന്‍ ശ്രമമെന്ന് ആരോപണം

സ്പെഷ്യല്‍ ഓഫിസറായ ഡോ.രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം ഹാരിസണ്‍സ് മലയാളം കമ്പനിയില്‍നിന്നും ഏറ്റെടുത്ത 30,000 ല്‍പ്പരം ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമവാദം ഈമാസം 30ന് ഹൈക്കോടതിയില്‍ ആരംഭിക്കുകയാണ്. രാജമാണിക്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ടാറ്റ, ഹാരിസണ്‍സ്, ടിആര്‍ ആന്റ് ടി തുടങ്ങിയ വന്‍കിട കുത്തകകള്‍ കൈയേറി കൈവശംവച്ചിരിക്കുന്ന അഞ്ചുലക്ഷത്തില്‍പ്പരം ഏക്കര്‍ സര്‍ക്കാര്‍ റവന്യൂ ഭൂമിയുടെ ഭാവിയെ ബാധിക്കുന്നതായിരിക്കും ഹൈക്കോടതി വിധി. 2015 നവംബര്‍ 25ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി ആശ ഹാരിസണ്‍സിന്റെ ഭൂമി ഏറ്റെടുത്ത നടപടി ശരിവയ്ക്കുകയും ഭരണഘടനാ പ്രശ്നങ്ങളുള്ളതിനാല്‍ കേസ് ഡിവിഷന്‍ ബെഞ്ചിന് വിടുകയുമായിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വന്‍കിട ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍ച്ചയായി ഹൈക്കോടതിയില്‍ പരാജയപ്പെടുകയാണ്.

റവന്യൂ സ്പെഷ്യല്‍ പ്ലീഡറായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയശേഷം ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഒരു സ്പെഷ്യല്‍ പ്ലീഡറെ നിയമിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കേസുകളില്‍ യഥാസമയം ഹാജരാവാതെയും സത്യവാങ്മൂലം സമര്‍പ്പിക്കാതെയും കമ്പനികളുമായി കോടതിയില്‍ ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ചെയ്യുന്നത്. ഇത് ഉന്നതല ഇടപെടലിന്റെയും ഗൂഢാലോചനയുടെയും ഫലമാണ്. ജനുവരി 30ന് കോടതിയില്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹാജരാവുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ പറയുന്നത്. കേരളത്തിലെ നിയമങ്ങളില്‍ അവഗാഹമില്ലാത്ത അഭിഭാഷകനെ വന്‍തുക കൊടുത്ത് ഇറക്കുമതി ചെയ്യുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കമ്പനികള്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച്, മുത്തങ്ങയില്‍ സംഭവിച്ചതുപോലെ സമരക്കാരെ ചെങ്ങറ സമരഭൂമിയില്‍നിന്ന് പുറത്താക്കാനാണ് നീക്കം. അതിന്റെ ഭാഗമായാണ് ചെങ്ങറ സമരക്കാര്‍ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി. സമരസമിതി നേതാക്കളായ പ്രഫ. റോണി കെ ബേബി, ടി ആര്‍ ശശി, സന്തോഷ് ഇലന്തൂര്‍, കെ എന്‍ മനോജ്, അനില്‍കുമാര്‍ പത്തനാപുരം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, Protest, Land Issue, Maoist, Police, State Government, Court, Estate, Land, Harisons Malayalam Company, Chengara Strike, chengara land strike: Allegation against strikers

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia