Relief | രണ്ടാം പിണറായി സർക്കാരിന് ആശ്വാസമായി ചേലക്കരയിലെ വിജയം; സ്ഥാനാർഥിയുടെ ജനകീയത നേട്ടമായി മാറി

 
Chelakkara By-Election Victory a Relief for Second Pinarayi Government
Chelakkara By-Election Victory a Relief for Second Pinarayi Government

Photo Credit: Facebook / UR Pradeep

● 2016 മുതൽ 2021 വരെ അഞ്ചുവർഷം ചേലക്കരയുടെ എംഎൽഎയായിരുന്നു
● യുആർ പ്രദീപിന്റെ ജനകീയതയും വികസന പ്രവർത്തനങ്ങളും വിജയത്തിന് കാരണമായി.

കണ്ണൂർ: (KVARTHA) ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം പ്രതിസന്ധികളിൽ ആടിയുലയുന്ന രണ്ടാം പിണറായി സർക്കാരിന് ആശ്വാസമായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറയ്ക്കാൻ സി.പി.എമ്മിനും പാർട്ടി മുഖ്യമന്ത്രി ഭരിക്കുന്ന സർക്കാരിനും ഒരു വിജയം അനിവാര്യമായിരുന്നു. അതാണ് ചേലക്കരയിലൂടെ കാത്തിരുന്ന് നേടിയത്. ആലത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മന്ത്രിസ്ഥാനത്ത് മാറ്റി നിർത്തിയ കേന്ദ്ര കമ്മിറ്റിയംഗമായ കെ രാധാകൃഷ്ണൻ ജയിക്കുക മാത്രമല്ല അദ്ദേഹത്തിന് പകരം ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താനും കഴിഞ്ഞു. 

ഇതോടെ രണ്ടാം പിണറായി സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന പ്രതിപക്ഷ വാദത്തിൻ്റെ കുന്തമുന ഒടിക്കാനും കഴിഞ്ഞു. ചേലക്കരയിലെ വോട്ടർമാർക്ക് മുൻപിൻ ഏറ്റവും ജനകീയനായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനും സി.പി.എമ്മിന് കഴിഞ്ഞു. 2016 മുതൽ അഞ്ച് വർഷം നിയമസഭയിൽ ചേലക്കരയെ പ്രതിനിധീകരിച്ച യുആർ പ്രദീപ് നാട്ടുകാർക്കെല്ലാം സുപരിചിതനായിരുന്നു. എംഎൽഎയായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയനായ നേതാവ് എന്നതും യുആർ പ്രദീപിൻ്റെ വിജയത്തിന് വഴിയൊരുക്കി.

രാഷ്ട്രീയത്തിനപ്പുറം ചേലക്കര മണ്ഡലത്തിലെ ജനങ്ങളുമായി വ്യക്തിബന്ധമുള്ള നേതാവാണ് യുആർ പ്രദീപ്‌. 2016 മുതൽ 2021 വരെ അഞ്ചുവർഷം ചേലക്കരയുടെ എംഎൽഎയായിരുന്നു അദ്ദേഹം. ചേലക്കര എംഎൽഎ ആയിരിക്കെ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളുടെ പുതിയ മാതൃക തന്നെ യു ആർ പ്രദീപ് സൃഷ്ടിച്ചു. പ്രളയ കാലത്ത്‌ രാവും പകലുമില്ലാതെ ഓടി നടന്നു ഈ ജനപ്രതിനിധി. ഇതെല്ലാം വ്യക്തമായി അറിയാവുന്ന ചേലക്കരയിലെ വോട്ടർമാർ ഒറ്റക്കെട്ടായി യുആർ പ്രദീപിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ചേലക്കര മണ്ഡലത്തിലെ ദേശമംഗലം ഗ്രാമത്തിൽ പാളൂർ തെക്കേപുരക്കൽ പരേതരായ രാമൻ്റെയും ശാന്തയുടെയും മകനായി ജനിച്ച പ്രദീപ് മദ്രാസ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട്. പിന്നീട് 1997 മുതൽ സിപിഎമ്മിൻ്റെ സജീവ പ്രവർത്തകനായി. 2000 – മുതൽ 2005 വരെ ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന പുരസ്കാരം ദേശമംഗലം നേടി. 

2009 മുതൽ 2011 വരെ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായിരുന്നു. 2014 ൽ ദേശമംഗലം പഞ്ചായത്ത് ഭരണസമിതി അംഗമായി. ഇതിനിടെയാണ് 2016ൽ ചേലക്കരയുടെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2022 മുതൽ സംസ്ഥാന പട്ടികജാതി – വർഗ്ഗ വികസന കോർപറേഷൻ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ശേഷം നഷ്ടത്തിലായിരുന്ന കോർപറേഷനെ വൻ ലാഭത്തിലേക്ക് ഉയർത്താനും പ്രദീപിന് സാധിച്ചു. 

പിന്നീട് പാർട്ടി നിർദ്ദേശപ്രകാരം പട്ടികജാതി – വർഗ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞാണ് ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായത്. പ്രദീപിൻ്റെ തിരക്കേറിയ പൊതു പ്രവർത്തനത്തിന് ഊർജം പകർന്ന് ഭാര്യ പ്രവിഷയും മക്കളായ കാർത്തിക്, കീർത്തന എന്നിവരും ഒറ്റക്കെട്ടായി ഒപ്പമുണ്ട്.

#ChelakkaraVictory #PinarayiGovernment #KeralaPolitics #LDF #URPradeep #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia