Checkmate | അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയില്‍ പിറന്ന ചെക്ക് മേറ്റ്: ഹോളിവുഡ് സ്‌റ്റൈലില്‍ മലയാള സിനിമ
കണ്ണൂര്‍: (KVARTHA) മരം കോച്ചുന്ന മഞ്ഞിന്റെയും മഴയുടെയും ഇളം വെയിലിന്റെയും ഭാവ മാറ്റങ്ങള്‍ പെയ്തിറങ്ങുന്ന അമേരിക്കയില്‍ മലയാളികളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത ചെക്ക് മേറ്റ് മലയാളം സസ് പെന്‍സ് ത്രില്ലര്‍ പ്രേക്ഷക ശ്രദ്ധ നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയില്‍ അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യ സിനിമയാണ് ചെക്ക് മേറ്റ്.
സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന അനൂപ് മേനോനും ലാലും ഒഴികെയുള്ള അഭിനേതാക്കള്‍ മുഴുവന്‍ അമേരിക്കയില്‍ വിവിധ ജോലികള്‍ ചെയ്തു ജീവിക്കുന്ന മലയാളികളാണ്. നിര്‍മ്മാതാക്കളും അണിയറ പ്രവര്‍ത്തകരുമായ 18 ക്രു അംഗങ്ങളും മലയാളികളാണ്. വയലന്‍സും രതിയും ചതിയും നിറഞ്ഞ അമേരിക്കന്‍ തെരുവിന്റെ കഥകളാണ് ഇതില്‍ പറയുന്നത്.
ഫിലിപ്പ് മാത്യുവെന്ന ആഗോള മരുന്ന് കച്ചവടക്കാരന്‍ മനുഷ്യജീവനുകള്‍ ഈയ്യാംപാറ്റകളെ പോലെ എരിച്ചു കളഞ്ഞ് തന്റെ സാമ്രാജ്യം കെട്ടിപ്പൊടുക്കുന്നതും അയാളുടെ ചതുരംഗ കളിയില്‍ ജീവിതത്തില്‍ നിന്നും പുറത്തായി പോയ മനുഷ്യര്‍ നടത്തുന്ന പ്രതിരോധവുമാണ് സിനിമയുടെ കാതല്‍. പണം വാങ്ങി സമാന്തര നീതി നല്‍കുന്ന അമേരിക്കന്‍ ഗ്യാങ് സ്റ്റാറിനെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.
ഫിലിപ്പിനാല്‍ ഒതുക്കപ്പെടുകയും അയാളെ സമൂഹത്തിന് മുന്‍പില്‍ തുറന്നുകാട്ടാന്‍ ഇരകളോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന കണ്ണൂരുകാരിയും അമേരിക്കന്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ അഞ്ജലി മോഹനാണ് മറ്റൊരു ശക്തമായ കഥാപാത്രം.
പണം വാങ്ങി തട്ടിപ്പു നടത്തുന്ന ക്വട്ടേഷന്‍ ഗ്യാങ്ങിന് നേതൃത്വം നല്‍കുന്ന ആന്‍സിയെന്ന കഥാപാത്രം അവതരിപ്പിച്ച രേഖാ ഹരീന്ദ്രനാണ് നായിക. 2023-ലെ ഫിലിം ക്രിട്ടിക്‌സിന്റെ ഏറ്റവും നല്ല പുതുമുഖ നടിക്കുള്ള അവാര്‍ഡ് രേഖാ ഹരീന്ദ്രന് ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ജീവിതത്തിന്റെ തുടിപ്പും ആഴങ്ങളും പ്രതിഫലിക്കുന്ന മുഴുനീളന്‍ നായിക കഥാപാത്രമാണ് രേഖയുടെത്.
രണ്ടേകാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ത്രില്ലര്‍ ചിത്രം ബോറടിക്കാതെ പറഞ്ഞു പോകാന്‍ പുതുമുഖസംവിധായകന്‍ രതീഷ് ശേഖറിന് കഴിഞ്ഞിട്ടുണ്ട്. അത്രയേറെ കൈയ്യൊതുക്കവും സൂക്ഷ്മതയും രതീഷ് ശേഖര്‍ ചിത്രത്തിലുടനീളം പ്രകടിപ്പിച്ചിട്ടുണ്ട്. ഹോളിവുഡ് ചിത്രമെന്നു തോന്നിക്കുന്ന സിനിമാറ്റോഗ്രാഫി ചെയ്തതും രതീഷ് തന്നെയാണ്. സംവിധായകനും ഛായാഗ്രാഹകനും ഒരാള്‍ തന്നെയെന്നതിന്റെ ഗുണം ഓരോ ഫ്രെയിമിലും തെളിഞ്ഞു കാണുന്നുണ്ട്.
കഥയും തിരക്കഥയും മ്യൂസിക്കും അമേരിക്കന്‍ മലയാളിയായ രതീഷ് ശേഖറുടെ തന്നെയാണ്. അമേരിക്കന്‍ കലാകാരന്‍മാരെ ഉള്‍പ്പെടെ അഭിനയിപ്പിച്ചു കൊണ്ട് സിനിമയ്ക്ക് ഒരു ഹോളിവുഡ് ചിത്രത്തിന്റെ താളവേഗം നല്‍കാന്‍ രതീഷിന് കഴിഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് തുടങ്ങിയ ചലച്ചിത്ര ചിത്രീകരണം മൂന്ന് വര്‍ഷത്തിലേറെയെടുത്താണ് പൂര്‍ത്തീകരിച്ചത്. എല്ലാവരും ജോലി ചെയ്യുന്നവരായതിനാല്‍ വൈകുന്നേരവും രാത്രിയും ഒഴിവു ദിവസങ്ങളിലും മാത്രമാണ് ചിത്രീകരണം നടത്തിയത്.
തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം പത്തു കോടി ചെലവില്‍ നിര്‍മ്മിച്ച ചിത്രം ഒടിടിയിലും റിലിസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അഭിഭാഷകയുടെ വേഷത്തില്‍ അഭിനയിച്ച അഞ്ജലി മോഹന്‍ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയാണ്. റേഡിയോ ആര്‍ ജെയായി ജോലി ചെയ്ത ഇവര്‍ പിന്നീട് ബാങ്കിങ് അഡൈ്വസര്‍ ജോലിയിലേക്ക് മാറുകയായിരുന്നു.
1971 ല്‍ ഇന്‍ഡ്യ - പാക് യുദ്ധത്തില്‍ ഐ.എന്‍.എസ് വിക്രാന്തില്‍ നിന്നും പോര്‍ വിമാനം പറത്തി രാജ്യത്തിന്റെ മികച്ച സൈനികനുള്ള ബഹുമതി നേടിയ സൈനികനാണ് റിയര്‍ അഡ് മിറല്‍ കെ മോഹനന്‍. പ്രധാന കഥാപാത്രങ്ങളായ അനൂപ് മേനോനും ലാലിനുമൊപ്പം സ്വാഭാവികമായ അഭിനയത്തിലൂടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ ഇതിലെ അഭിനേതാക്കള്‍ ഓരോരുത്തര്‍ക്കും കഴിഞ്ഞിട്ടുണ്ട്. അമിതമായ വയലന്‍സ് കുറച്ചു കുറയ്ക്കാമായിരുന്നുവെങ്കിലും ഹോളിവുഡ് സിനിമയുടെ പാറ്റേണ്‍ സ്വീകരിച്ചത് കാരണം ഗ്‌ളോബല്‍ പ്രക്ഷേകരെയാണ് ഈ ചിത്രം ലക്ഷ്യം വയ്ക്കുന്നതെന്ന വിശദീകരണത്തില്‍ കാര്യമില്ലാതില്ല.
#MalayalamCinema #CheckmateMovie #HollywoodStyle #IndianCinema #KeralaCinema #IndependentFilm