ഇങ്ങനെ വേണം ചാനല്‍ യുദ്ധം; കൈരളിയും ന്യൂസ് 18ഉം തമ്മില്‍ എട്ടിന്റെ പോര്; തങ്ങള്‍ക്കു മുന്നില്‍ ഒരേയൊരു ചാനല്‍ മാത്രമെന്ന് ഫ് ളവേഴ്‌സ്; എങ്ങനെയുണ്ട്?

 


തിരുവനന്തപുരം: (www.kvartha.com 13.11.2016) മലയാളം ടിവി ചാനലുകള്‍ തമ്മിലുള്ള യുദ്ധത്തിന് പുതിയ മുഖം നല്‍കി കൈരളിയും ന്യൂസ് 18ഉം തമ്മിലുള്ള പോരും ഫ് ളവേവ്‌സ് ചാനലിന്റെ പരസ്യ അവകാശവാദവും. കൈരളി ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം രാജീവിനെ സസ്‌പെന്‍ഡ് ചെയ്തതും അതിനുപിന്നിലെ അടിയൊഴുക്കുകളും ന്യൂസ് 18 വാര്‍ത്തയാക്കിയതോടെയാണ് തുടക്കം.

അതിനു വിശദീകരണം നല്‍കാനൊന്നും മെനക്കെടാതിരുന്ന കൈരളി ന്യൂസ് 18ന്റെ ഉള്ളറക്കഥകള്‍ തുടര്‍ച്ചയായി വാര്‍ത്തയാക്കി. റിലയന്‍സിനു വേണ്ടി ന്യൂസ്18നെ കാവിവല്‍ക്കരിക്കാന്‍ മൂന്നംഗ മാധ്യമ സംഘത്തെ വന്‍തുകകൊടുത്ത് നിയമിച്ചുവെന്ന വാര്‍ത്തയാണ് ഒടുവില്‍ വന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഒരു വര്‍ഷം മുമ്പുമാത്രം സംപ്രേഷണം തുടങ്ങിയ ഫ് ളവേവ്‌സ് ടിവി റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തെത്തിയെന്ന വലിയ അവകാശവാദവുമായി രംഗത്തെത്തിയത്. അത് പ്രതിരോധിക്കാന്‍ മറ്റു ചില ചാനലുകളുടെ ശ്രമങ്ങള്‍ വൈകാതെ ഉണ്ടായേക്കുമെന്നാണ് വിവരം.

ന്യൂസ്‌ദെന്‍ഡോട്ട്‌കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ തുടര്‍ച്ചയായി വന്ന സിപിഎം വിരുദ്ധ വാര്‍ത്തകള്‍ക്കുപിന്നില്‍ കൈരളിയിലെ ചിലരാണ് എന്ന് പാര്‍ട്ടിയും കൈരളി മാനേജ്‌മെന്റും കണ്ടെത്തിയതിനേത്തുടര്‍ന്നാണ് രാജീവിനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്. കൈരളി എംഡിയും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസിന്റെ അടുത്തയാളാണ് രാജീവ് എന്നും അതുകൊണ്ട് നടപടി ബ്രിട്ടാസിനുകൂടിയുള്ള താക്കീതാണെന്നുമാണ് ശനിയാഴ്ച ന്യൂസ് 18 പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്.

എറണാകുളം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ കേസ്, തൃശൂര്‍ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയന്തനുള്‍പ്പെട്ട പീഡനക്കേസ് എന്നിവ ന്യൂസ്‌ദെന്‍ വലിയപ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല വടക്കാഞ്ചേരി സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചതും ന്യൂസ്‌ദെനിലാണ്. ഇതിനുപിന്നാലെ വടക്കാഞ്ചേരി സംഭവം മറ്റു ചാനലുകളെപ്പോലെ തന്നെ കൈരളി പീപ്പിളും ചര്‍ച്ചയാക്കി മാറ്റി. സക്കീര്‍ ഹുസൈന്‍ സംഭവത്തിലും വാര്‍ത്ത നല്‍കുന്നതില്‍ കൈരളി പിശുക്ക് കാണിച്ചില്ല. ഇതെല്ലാം ചേര്‍ത്ത് സിപിഎം എറണാകുളം, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ കൈരളിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെന്നും ന്യൂസ് 18 വാര്‍ത്തയില്‍ പറഞ്ഞിരുന്നു. കൈരളിയുടെ കമ്പ്യൂട്ടറില്‍ നിന്നുവരെ പോര്‍ട്ടലിനു വാര്‍ത്ത നല്‍കിയത്രേ.

ഇതിനു പിന്നാലെ ന്യൂസ് 18നെതിരേ തിരിഞ്ഞ കൈരളി, ആ ചാനലിനു പിന്നില്‍ സംഘ്പരിവാറിന്റെ അജന്‍ഡയാണെന്ന് ആരോപിച്ചു. മനോരമ ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന രാജീവ് ദേവരാജ്, ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്ന കെ പി ജയദീപ്, ഏഷ്യാനെറ്റില്‍ നിന്ന് മനോരമ ന്യൂസിലേക്ക് പോയ ടി ജെ ശ്രീലാല്‍ എന്നിവരെയാണ് കൈരളി ന്യൂസ് 18ലെ മൂന്നംഗം കാവി അജന്‍ഡ നടപ്പാക്കല്‍ സംഘമായി വിശേഷിപ്പിച്ചത്. ഈ അജന്‍ഡയില്‍ മനംമടുത്ത് പോയ പ്രദീപും ഹാരിയുമാണ് ഈ വിവരങ്ങള്‍ വെളുപ്പെടുത്തിയതെന്നും കൈരളി വാര്‍ത്തയിലുണ്ട്. രാജീവിനും ജയദീപിനും ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ ന്യൂസ് 18ലേക്ക് പോയവരുടെ വലിയ ശമ്പളവും ആദ്യം പോയവരുടെ കുറഞ്ഞ ശമ്പളവും ചാനലില്‍ ചേരിതിരിവിനു കാരണമായെന്നും കൈരളി വാര്‍ത്തയിലുണ്ട്.

ഫ് ളവേഴ്‌സിനു മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് മാത്രമേയുള്ളുവെന്നാണ് ഫ് ളവേഴ്‌സ് പരസ്യത്തില്‍ പറയുന്നത്. തൊട്ടുതാഴെ ഏഷ്യാനെറ്റ് മൂവീസും മഴവില്‍ മനോരമയുമൊക്കെയുണ്ടെങ്കിലും ആദ്യത്തെ പത്തില്‍ മനോരമ ന്യൂസോ മാതൃഭൂമിയോ ഇല്ല.

ഇങ്ങനെ വേണം ചാനല്‍ യുദ്ധം; കൈരളിയും ന്യൂസ് 18ഉം തമ്മില്‍ എട്ടിന്റെ പോര്; തങ്ങള്‍ക്കു മുന്നില്‍ ഒരേയൊരു ചാനല്‍ മാത്രമെന്ന് ഫ് ളവേഴ്‌സ്; എങ്ങനെയുണ്ട്?


Keywords:  Kerala, Thiruvananthapuram, Asianet, Media, Malayalam, Channel, News, Journalist, News 18, Kairali, Channel war in new mode and mood, let us celebrate 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia