മോഷ്ടിച്ച മാലയുമായി മുങ്ങി, പിന്നാലെ ഭാര്യയെയും 2 കുട്ടികളെയും കൂട്ടിയെത്തി മാപ്പ് പറഞ്ഞ് മോഷ്ടാവ്! 'അസുഖമായ കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ മറ്റൊരു മാര്‍ഗവും കാണാത്തതിനാലാണ് മോഷണം നടത്തിയത്'; തിരിച്ചുപോയത് വണ്ടിക്കൂലിയുമായി
Feb 2, 2022, 08:03 IST
മൂവാറ്റുപുഴ: (www.kvartha.com 02.02.2022) മോഷ്ടിച്ച മാലയുമായി മോഷ്ടാവ് ഇരയായ സ്ത്രീയുടെ വീട്ടിലേക്ക് കുടുംബത്തേയും കൂട്ടിയെത്തി ക്ഷമാപണം നടത്തി. മോഷ്ടാവിന്റെ അവസ്ഥയറിഞ്ഞ മോഷണത്തിനിരയായ വീട്ടമ്മ ഇവരോട് ക്ഷമിച്ച് വണ്ടിക്കൂലി നല്‍കിയാണ് പറഞ്ഞയച്ചത്.
മൂവാറ്റുപുഴ രണ്ടാറിലാണ് അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പുനത്തില്‍ മാധവിയുടെ കണ്ണില്‍ മുളകുപൊടിയിട്ട് മാല തട്ടിയെടുത്ത് വിഷ്ണുപ്രസാദ് എന്നയാളാണ് ഭാര്യയും രണ്ട് കുട്ടികളെയും കൂട്ടിയെത്തി മാപ്പ് പറഞ്ഞതെന്ന് പരിസരവാസികള്‍ പറഞ്ഞു.
അസുഖമായ കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ മറ്റൊരു മാര്‍ഗവും കാണാത്തതിനാലാണ് മോഷണം നടത്തിയതെന്നും, ഇതില്‍ ക്ഷമിക്കണമെന്നും പറഞ്ഞാണ് വിഷ്ണുപ്രസാദിന്റെ ഭാര്യ മാല തിരിച്ചേല്‍പ്പിച്ചതെന്നും വീട്ടമ്മ അറിയിച്ചു. ഇവരുടെ ദൈന്യത കണ്ട മാധവി ഇവര്‍ക്ക് വഴിചിലവിനായി 500 രൂപ നല്‍കി.
സംഭവത്തെ കുറിച്ച് കേസെടുത്ത പൊലീസ് പറയുന്നത് ഇങ്ങനെ: ജനുവരി 29നാണ് സംഭവങ്ങളുടെ തുടക്കം. രണ്ടാറില്‍ വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുന്നുണ്ട് മാധവി. ഇവിടെ എത്തിയ വിഷ്ണുപ്രസാദ് ഇവരുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ വിഷ്ണുപ്രസാദിന്റെ മൊബൈല്‍ താഴെ വീണു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളാണ് പ്രതിയെന്ന് മനസിലാക്കിയത്.
പൊലീസ് തന്നെ തേടുന്നുവെന്ന് മനസിലാക്കിയ വിഷ്ണുപ്രസാദ് കുടുംബ സമേതം തമിഴ്‌നാട്ടിലേക്ക് കടന്നെങ്കിലും, അവിടുന്ന് തിരിച്ച് ഭാര്യയുടെ വീട് സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ എത്തി. എന്നാല്‍ പിടിക്കപ്പെടും എന്നായപ്പോള്‍ പിന്നീട് കുടുംബ സമേതം തിരിച്ചുവന്ന് മാധവിക്ക് മോഷ്ടിച്ച മാല നല്‍കി മാപ്പ് പറയുകയായിരുന്നു.
അതേസമയം കേസ് ആയതിനാല്‍ പിന്നാലെ വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടില്‍ എത്തിച്ചിരുന്നു. നേരത്തെ ഉപ്പുതറ സ്റ്റേഷന്‍ പരിധിയില്‍ ഗ്യാസ് സിലിന്‍ഡെര്‍ മോഷണ കേസില്‍ വിഷ്ണു പ്രസാദ് പ്രതിയാണ്. കോവിഡ് കാലത്ത് പണി നഷ്ടപ്പെട്ടതാണ് മോഷണത്തിന് കാരണമെന്നാണ് വിഷ്ണുപ്രസാദ് പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.