CM | ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര സര്‍കാര്‍ നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) ദൂരദര്‍ശനും ആകാശവാണിയും ഉള്‍ക്കൊള്ളുന്ന പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസ്സായി സംഘപരിവാര്‍ ബന്ധമുള്ള 'ഹിന്ദുസ്താന്‍ സമാചാറി'നെ നിയോഗിച്ച കേന്ദ്ര സര്‍കാര്‍ തീരുമാനം വാര്‍ത്തകളുടെ കാവിവല്‍കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

CM | ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര സര്‍കാര്‍ നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതെന്ന് മുഖ്യമന്ത്രി

വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക ജെനറല്‍ സെക്രടറിയും ആര്‍എസ്എസ് നേതാവുമായിരുന്ന ശിവ്‌റാം ശങ്കര്‍ ആപ്‌തേ സ്ഥാപിച്ച ഹിന്ദുസ്താന്‍ സമാചാര്‍ എക്കാലവും സംഘപരിവാറിനായി പ്രവര്‍ത്തിച്ച വാര്‍ത്താ ഏജന്‍സിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തിലേറിയ കാലം മുതല്‍ പ്രസാര്‍ ഭാരതിയെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് സംഘപരിവാര്‍. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക് സര്‍കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവെച്ച പ്രസാര്‍ ഭാരതി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിന്റെയും ഓര്‍ഗനൈസറിന്റെയും ഗ്രൂപ് എഡിറ്ററായിരുന്ന ജഗദീഷ് ഉപാസനയെയാണ് പ്രസാര്‍ ഭാരതിയുടെ റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി 2020ല്‍ കേന്ദ്രം നിയമിച്ചത്. രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ പി ടി ഐയുടെയും യുഎന്‍ഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാര്‍ ഭാരതി ആര്‍എസ്എസ് വാര്‍ത്താ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടത് എന്നാണ് വാര്‍ത്ത.

വാര്‍ത്താമാധ്യമങ്ങളെ കോര്‍പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദര്‍ശനെയും ആകാശവാണിയെയും പരിപൂര്‍ണമായും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര സര്‍കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് ഇംഗിതത്തിന്റെ പ്രായോഗിക വല്‍കരണമാണിത്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയുകയും പ്രതിഷേധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Keywords: Central government's move to tie Doordarshan and Aakashvani to fold of Sangh Parivar puts a knife in neck of democracy, says Chief Minister, Thiruvananthapuram, News, Politics, Criticism, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia