മലബാര്‍ കലാപത്തിന്റെ 100-ാം വര്‍ഷത്തില്‍ കടും തീരുമാനത്തിനൊരുങ്ങി കേന്ദ്ര സര്‍കാര്‍;മുസ്ലിം സംഘടനകളില്‍ പ്രതിഷേധം അലയടിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 23.08.2021) വാരിയം കുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസ്ലിയാര്‍ ഉള്‍പെടെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആള്‍ക്കാരുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന റിപോര്‍ടുകള്‍ക്കിടെ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകള്‍. ബിജെപിയുടെ അജന്‍ഡയുടെ ഭാഗമാണ് നടപടിയെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
  
മലബാര്‍ കലാപത്തിന്റെ 100-ാം വര്‍ഷത്തില്‍ കടും തീരുമാനത്തിനൊരുങ്ങി കേന്ദ്ര സര്‍കാര്‍;മുസ്ലിം സംഘടനകളില്‍ പ്രതിഷേധം അലയടിക്കുന്നു

1921 ആഗസ്റ്റ് മാസം മുതല്‍ 1922 ഫെബ്രുവരി വരെ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂകുകള്‍ കേന്ദ്രീകരിച്ച് ബ്രിടീഷുകാര്‍ക്കെതിരായി മലബാര്‍ മേഖലയിലെ മുസ്ലിംകള്‍ നടത്തിയ സായുധ കലാപമാണ് മലബാര്‍ കലാപം എന്നറിയപ്പെടുന്നത്. 2021 ല്‍ മലബാര്‍ കലാപത്തിന് 100 വയസ് തികയുകയാണ്. എന്നാല്‍ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമാണ് കേന്ദ്ര സര്‍കാര്‍ നിയോഗിച്ച ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറികല്‍ റിസര്‍ച് സമിതിയുടെ 'കണ്ടെത്തല്‍'. തീരുമാനത്തിനെതിരെ വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.

ധീര ദേശാഭിമാനികളായ 387 സമര പോരാളികളെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇത്തരം ശ്രമങ്ങളെ രാജ്യ സ്നേഹികള്‍ അംഗീകരിക്കില്ലെന്നും കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

മലബാര്‍ സമരം സ്വാതന്ത്ര്യ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്ന ഒന്നായിരുന്നു. ചെറിയ കുട്ടികളെയടക്കം നിരവധി പേരെയാണ് ബ്രിടീഷുകാര്‍ കൊന്നൊടുക്കിയത്. വാഗണ്‍ നരഹത്യ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. ഇതിനെയെല്ലാം ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ചരിത്രത്തില്‍ വിഷം കലര്‍ത്താനുള്ള ശ്രമം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിനു വേണ്ടി പോരാടിയവരാണെന്നും അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേന്ദ്ര സര്‍കാര്‍ നീക്കത്തില്‍ നിന്ന് പിന്‍മാറണം. വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനില്‍ക്കുമെന്നും തങ്ങള്‍ വ്യക്തമാക്കി.

ബി ജെ പിയുടെ അജന്‍ഡയാണിതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകം തന്നെ ഇത് അംഗീകരിക്കില്ല. ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ലെന്നും മനുഷ്യ മനസുകളിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.

ചരിത്രത്തെ തിരുത്തിയെഴുതിയും ഭരണഘടനയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയിലേക്കുള്ള വഴിയൊരുക്കുകയാണ് ആര്‍എസ്എസും ബിജെപിയുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് പറഞ്ഞു. മലബാര്‍ സമര പോരാളികളെ അവഹേളിക്കാനുള്ള ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ല. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര നേതാക്കളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം കേന്ദ്ര സര്‍കാരിന്റെ ഹിന്ദുത്വ വംശീയ അജണ്ടയെന്ന് എസ് ഐ ഒ സംസ്ഥാന നേതാക്കള്‍ പറഞ്ഞു. ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ തന്നെ ജനകീയമാക്കിയ ഖിലാഫത്ത് പ്രസ്ഥാനത്തെയും ബ്രിട്ടീഷ് കൊളോണിയലിസത്തെ ചെറുത്ത് തദ്ദേശീയമായ ഒരു ഭരണകൂടത്തെ സ്ഥാപിച്ച I921 ലെ മലബാര്‍ സമരത്തെയും കുറിച്ച് 'ഹിന്ദു വിരുദ്ധ കലാപം' എന്ന തെറ്റായ ചരിത്രാഖ്യാനത്തെ നിരന്തരം നിര്‍മിച്ച് മുസ്ലിം വിരുദ്ധ വംശീയതക്ക് ആക്കം കൂട്ടുകയാണ് സംഘ് പരിവാര്‍ കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്താന്‍ തന്നെയാണ് വിവിധ സംഘടനകളുടെ തീരുമാനം.

Keywords:  News, Kerala, India, Country, Protest, Central Government, central, Malabar, rebel, Central Government preparing for tough decision in 100th year of the Malabar Rebellion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script